ബഹ്റൈൻ ഊർജ മേഖലയിൽ വിപ്ലവം രാജ്യത്തെ ഏറ്റവും വലിയ പവർ സ്റ്റേഷൻ ജസ്റയിൽ തുറന്നു
text_fieldsജസ്റയിൽ പ്രവർത്തനമാരംഭിച്ച ബഹ്റൈനിലെ ഏറ്ററവും വലിയ പവർ സ്റ്റേഷന്റെ ഉദ്ഘാടനം ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ നിർവഹിക്കുന്നു
മനാമ: രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ പ്രഖ്യാപിച്ച ‘ഈസ അൽ കബീർ വർഷം’ ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ ഏറ്റവും വലിയ പവർ ട്രാൻസ്മിഷൻ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫക്കുവേണ്ടി ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയാണ് 400 കെ.വി ശേഷിയുള്ള ജസ്റ പവർ സ്റ്റേഷൻ രാജ്യത്തിന് സമർപ്പിച്ചത്.
രാജ്യത്തിന്റെ പശ്ചാത്തല സൗകര്യ വികസനത്തിൽ ഈ പദ്ധതി ഒരു നിർണ്ണായക നാഴികക്കല്ലാണെന്ന് ഉപപ്രധാനമന്ത്രി പറഞ്ഞു. 1930ൽ മനാമയിൽ വൈദ്യുതി എത്തിയത് മുതലുള്ള ബഹ്റൈന്റെ ഊർജ പ്രയാണത്തിലെ ഏറ്റവും വലിയ ചുവടുവെപ്പാണിത്. വരാനിരിക്കുന്ന നിക്ഷേപങ്ങളെയും നഗരവത്കരണത്തെയും പിന്തുണക്കാൻ ഈ സ്റ്റേഷൻ വഴി സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി പ്രസിഡന്റ് കമാൽ ബിൻ അഹമ്മദ് പദ്ധതിയുടെ പ്രത്യേകതകൾ വിവരിച്ചു. 120 കിലോമീറ്ററിലധികം ദൈർഘ്യമുള്ള 400 കെ.വി ഹൈ-വോൾട്ടേജ് കേബിളുകളും ഏകദേശം 96 കിലോമീറ്റർ 220 കെ.വി കേബിളുകളും ഉൾപ്പെടുന്നതാണ് ഈ പവർ സ്റ്റേഷൻ ശൃംഖല. പദ്ധതി യാഥാർഥ്യമായതോടെ ജി.സി.സി രാജ്യങ്ങളുമായുള്ള വൈദ്യുതി വിനിമയ ബന്ധം 200 കെ.വിയിൽ നിന്ന് 400 കെ.വി ആയി ഉയർന്നു. ഇത് മേഖലയിലെ ഊർജ വിനിമയ ശേഷി 926 മെഗാവാട്ടിൽ നിന്ന് 1,359 മെഗാവാട്ടായി വർധിപ്പിക്കുകയും ഗ്രിഡിന്റെ സ്ഥിരത ഉറപ്പാക്കുകയും ചെയ്തു.
പുതിയ സ്റ്റേഷൻ പ്രവർത്തനക്ഷമമായതോടെ റിഫ മേഖലയിലെ വൈദ്യുതിഭാരം 25 ശതമാനം വരെ കുറക്കാനായി. അന്താരാഷ്ട്ര കമ്പനികളുടെ സഹകരണത്തോടെ ലോകോത്തര നിലവാരത്തിലാണ് ഈ വിപുലമായ പദ്ധതി പൂർത്തിയാക്കിയത്. ഊർജ രംഗത്തെ ബഹ്റൈന്റെ സ്വയംപര്യാപ്തതയിലേക്കുള്ള വലിയൊരു ചുവടുവെപ്പാണ് ഈ പുതിയ പവർ സ്റ്റേഷൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

