തിരിച്ചെത്തിയ പ്രവാസികൾക്ക് ഇനി നോർക്ക തിരിച്ചറിയൽ കാർഡ്
text_fieldsമനാമ: പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയ മലയാളികളുടെ ദീർഘകാല ആവശ്യത്തിന് ഒടുവിൽ സാക്ഷാത്കാരം; വിദേശത്തോ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലോ പ്രവാസികളായിരുന്നവർക്കായി പ്രത്യേക തിരിച്ചറിയൽ രേഖ നൽകുന്ന 'നോർക്ക റിട്ടേണി ഐ.ഡി കാർഡ്' പദ്ധതിക്ക് സംസ്ഥാന സർക്കാർ അനുമതി നൽകി. കുറഞ്ഞത് രണ്ടു വർഷമെങ്കിലും പ്രവാസിയായിരുന്ന ശേഷം കേരളത്തിൽ തിരിച്ചെത്തി സ്ഥിരതാമസമാക്കിയ പ്രവാസികൾക്കാണ് ഈ കാർഡിന് അർഹതയുള്ളത്. പദ്ധതിക്കായുള്ള ഔദ്യോഗിക വെബ് പോർട്ടൽ ഒക്ടോബർ 8 ന് വ്യാഴാഴ്ച രാവിലെ 11 മുതൽ പൊതുജനങ്ങൾക്കായി ലഭ്യമാകും. നോർക്ക റൂട്ട്സ് വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.kerala.gov.in സന്ദർശിച്ച് ഓൺലൈനായോ, കേരളത്തിലെ മൂവായിരത്തിലധികം അക്ഷയ കേന്ദ്രങ്ങൾ വഴിയോ പ്രവാസികൾക്ക് കാർഡിനായി അപേക്ഷ സമർപ്പിക്കാം. മൂന്നുവർഷത്തെ കാലാവധിയുള്ള ഐ.ഡി കാർഡിന് 200 രൂപയാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്. ഇതിനുപുറമെ, എൻറോൾമെന്റ് നടപടികൾ വേഗത്തിലാക്കാനും സംശയങ്ങൾ ദൂരീകരിക്കാനുമായി തിരുവനന്തപുരം തൈക്കാടുള്ള നോർക്ക സെന്റർ ആസ്ഥാനത്ത് പ്രത്യേക ഹെൽപ്പ് ഡെസ്കും സഹായ കേന്ദ്രവും സജ്ജീകരിച്ചിട്ടുണ്ട്. അപേക്ഷകളുടെ സൂക്ഷ്മപരിശോധന പൂർത്തിയാകുന്ന മുറയ്ക്ക് അപേക്ഷകർ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിലേക്ക് ഡിജിറ്റൽ ഇ-കാർഡുകൾ നേരിട്ട് ലഭിക്കും.
നോർക്ക റൂട്ട്സ് നടപ്പിലാക്കുന്ന സംരംഭകത്വ വായ്പാ പദ്ധതിയായ എൻ.ഡി.പി.ആർ.ഇ.എം, മടങ്ങിയെത്തിയ പ്രവാസികൾക്കായുള്ള സാന്ത്വന ചികിത്സാ-ധനസഹായ പദ്ധതികൾ, നൈപുണ്യ വികസന പരിശീലനങ്ങൾ തുടങ്ങിയ സർക്കാർ ആനുകൂല്യങ്ങൾക്ക് ഇനിമുതൽ ഈ തിരിച്ചറിയൽ കാർഡ് ആധികാരിക രേഖയായി മാറും. ഇതിനുപുറമെ, നിലവിൽ സജീവ പ്രവാസികൾക്ക് ലഭിക്കുന്നതുപോലെ നോർക്കയുമായി സഹകരിക്കുന്ന പ്രമുഖ ആശുപത്രികൾ, ലാബുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മറ്റു സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നുള്ള പ്രത്യേക കിഴിവുകളും ആനുകൂല്യങ്ങളും ഭാവിയിൽ റിട്ടേണി കാർഡ് ഉടമകൾക്കും ലഭ്യമാക്കാനുള്ള നടപടികൾ നോർക്ക ആലോചിക്കുന്നുണ്ട്.
അപേക്ഷയോടൊപ്പം അപേക്ഷകന്റെ പാസ്‌പോർട്ട് സൈസ് ഫോട്ടോ, ഒപ്പ്, ആധാർ കാർഡ് എന്നിവയ്‌ക്കൊപ്പം മുൻപ് പ്രവാസിയായിരുന്നു എന്ന് തെളിയിക്കുന്ന രേഖയും നിർബന്ധമായും സമർപ്പിക്കണം. വിദേശത്തുനിന്ന് മടങ്ങിയെത്തിയവർക്ക് കാലാവധി കഴിഞ്ഞ നോർക്ക പ്രവാസി ഐ.ഡി കാർഡ്, കേരള പ്രവാസി ക്ഷേമനിധി ബോർഡ് അംഗത്വ കാർഡ്, അല്ലെങ്കിൽ പാസ്‌പോർട്ടിൽ സ്റ്റാമ്പ് ചെയ്ത ആദ്യത്തെയും അവസാനത്തെയും വിസാ പേജുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ തെളിവായി ഉപയോഗിക്കാം. കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററുമായി ബന്ധപ്പെടാം. ഇന്ത്യയിൽ നിന്നുള്ളവർക്ക് 1800 425 3939 എന്ന ടോൾ ഫ്രീ നമ്പറിലും, വിദേശത്തു നിന്നുള്ളവർക്ക് +91 8802012345 എന്ന നമ്പറിലേക്ക് മിസ്ഡ് കോൾ അടിച്ചും സേവനം പ്രയോജനപ്പെടുത്താമെന്ന് നോർക്ക റൂട്ട്സ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

