വിദേശത്തേക്ക് പണമയക്കുന്നതിന് നിയന്ത്രണം: ബഹ്‌റൈനിൽ പുതിയ നിയമം
text_fieldsമനാമ: ബഹ്‌റൈനിൽ ചാരിറ്റബിൾ സംഘടനകളും മറ്റ് അംഗീകൃത സ്ഥാപനങ്ങളും പൊതു ആവശ്യങ്ങൾക്കായി ശേഖരിക്കുന്ന ഫണ്ട് വിദേശത്തേക്ക് കൈമാറുന്നതിന് കർശന നിയന്ത്രണം വരുന്നു. സോഷ്യൽ ഡെവലപ്‌മെന്റ് മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയില്ലാതെ വിദേശത്തേക്ക് പണമയക്കുന്നത് തടയുന്ന പുതിയ കരട് നിയമം പാർലമെന്റിന്റെ വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷ സമിതിയുടെ പരിഗണനയിലാണ്. നിലവിലുള്ള ഫണ്ട് ശേഖരണ നിയമത്തിൽ വിപുലമായ ഭേദഗതികൾ വരുത്തിക്കൊണ്ടാണ് സർക്കാർ പുതിയ ബിൽ അവതരിപ്പിച്ചിരിക്കുന്നത്.
പുതിയ നിയമപ്രകാരം, പൊതുജനങ്ങളിൽനിന്ന് ശേഖരിക്കുന്ന ഒരു രൂപ പോലും സോഷ്യൽ ഡെവലപ്‌മെന്റ് മന്ത്രിയുടെ നേരിട്ടുള്ള അനുമതിയില്ലാതെ വിദേശത്തുള്ള വ്യക്തികൾക്കോ സംഘടനകൾക്കോ കൈമാറാൻ പാടില്ല. ഫണ്ട് ശേഖരണ പ്രക്രിയയിൽ കൂടുതൽ സുതാര്യത ഉറപ്പാക്കാനും സാമ്പത്തിക സ്രോതസ്സുകൾ കൃത്യമായി നിരീക്ഷിക്കാനുമാണ് ഈ നീക്കം. നിയമം ലംഘിക്കുന്നവർക്ക് തടവുശിക്ഷയും പിഴയും ഉൾപ്പെടെയുള്ള കർശന നടപടികളാണ് ബില്ലിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്.
ഭീകരവാദ പ്രവർത്തനങ്ങൾക്കായി പണം വിനിയോഗിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെ ‘നാഷനൽ റിസ്ക് അസസ്‌മെന്റ്’ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രത്യേക നിരീക്ഷണ സംവിധാനവും മന്ത്രാലയം ഏർപ്പെടുത്തും. നിയമം ലംഘിച്ച് പണം കൈമാറുന്നവർക്ക് തടവും 1,000 ബഹ്‌റൈൻ ദീനാർ വരെ പിഴയും ലഭിക്കാം. കൂടാതെ, ചട്ടവിരുദ്ധമായി ശേഖരിച്ച പണം കണ്ടുകെട്ടാൻ കോടതിക്ക് ഉത്തരവിടാം. ഭരണപരമായ മറ്റ് നിയമലംഘനങ്ങൾക്ക് 10,000 ബഹ്‌റൈൻ ദീനാർ വരെ പിഴ ഈടാക്കാനും പുതിയ ബില്ലിൽ വ്യവസ്ഥയുണ്ട്.
നിബന്ധനകൾ
മുൻകൂർ അനുമതിയില്ലാതെ ഏതെങ്കിലും സംഘടന സംഭാവനകൾ സ്വീകരിക്കുകയാണെങ്കിൽ, അത് ലഭിച്ച് ഏഴ് പ്രവൃത്തിദിവസത്തിനുള്ളിൽ മന്ത്രാലയത്തെ വിവരം അറിയിക്കണം. ദാതാവിന്റെ വിശദാംശങ്ങളും തുക എന്തിനുവേണ്ടി ചെലവഴിക്കാനാണ് ഉദ്ദേശിക്കുന്നത് എന്നതും റിപ്പോർട്ടിൽ വ്യക്തമാക്കണം. മന്ത്രാലയം 30 ദിവസത്തിനുള്ളിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കും. ഈ നിശ്ചിത സമയപരിധിക്കുള്ളിൽ മറുപടി ലഭിച്ചില്ലെങ്കിൽ ആ സംഭാവന നിരസിച്ചതായി കണക്കാക്കും.
ഫണ്ട് ശേഖരണത്തിനുള്ള അനുമതി കാലാവധി അവസാനിച്ചാൽ 30 ദിവസത്തിനുള്ളിൽ ലഭിച്ച തുകയെക്കുറിച്ചും അത് എവിടെ വിനിയോഗിച്ചെന്നതിനെക്കുറിച്ചും കൃത്യമായ രേഖകൾ സഹിതം റിപ്പോർട്ട് സമർപ്പിക്കണം. ഒരു വർഷത്തിൽ കൂടുതൽ നീളുന്ന പദ്ധതിയാണെങ്കിൽ ഓരോ വർഷവും കണക്കുകൾ ബോധിപ്പിക്കേണ്ടത് നിർബന്ധമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

