താമസ മേഖലകളിൽ രാത്രികാല നിർമാണ പ്രവൃത്തിക്ക് നിയന്ത്രണം വേണം; കർശന നടപടിക്ക് ശുപാർശ
text_fieldsമനാമ: ബഹ്റൈനിലെ ജനവാസ കേന്ദ്രങ്ങളിൽ രാത്രി വൈകിയും അവധി ദിവസങ്ങളിലും തുടരുന്ന നിർമാണ, പൊളിക്കൽ പ്രവൃത്തികൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്താൻ നീക്കം. ഇതുസംബന്ധിച്ച് മുനിസിപ്പാലിറ്റി കാര്യ കാർഷിക മന്ത്രി വഈൽ അൽ മുബാറക് അടിയന്തര ഉത്തരവ് പുറപ്പെടുവിക്കണമെന്ന നിർദേശം നോർത്തേൺ മുനിസിപ്പൽ കൗൺസിൽ ഐക്യകണ്ഠേന പാസാക്കി. രാത്രികാലങ്ങളിലും പൊതു അവധി ദിവസങ്ങളിലും നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത് തങ്ങളുടെ ഉറക്കം കെടുത്തുന്നതായും സമാധാനപരമായ ജീവിതത്തിന് തടസ്സമാകുന്നതായും നിരവധി താമസക്കാർ പരാതിപ്പെട്ടിരുന്നു. 1977ലെ നിലവിലെ കെട്ടിട നിർമ്മാണ നിയന്ത്രണ നിയമത്തിൽ ബുദ്ധിമുട്ടുണ്ടാക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ സമയം സംബന്ധിച്ച് വ്യക്തമായ വ്യവസ്ഥകളില്ല.
ഇത് മുതലെടുത്താണ് പല കരാറുകാരും രാത്രിയും പകലുമില്ലാതെ ജോലി തുടരുന്നത്. നിയമഭേദഗതികൾക്കായി കാത്തുനിൽക്കാതെ, പൊതുജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിച്ച് മന്ത്രി നേരിട്ട് ഒരു പ്രമേയം വഴി പ്രവൃത്തി സമയം ക്രമീകരിക്കണമെന്നാണ് കൗൺസിലർ അബ്ദുല്ല ആശൂർ ആവശ്യപ്പെട്ടത്. ശുപാർശ ഇപ്പോൾ മന്ത്രിയുടെ പരിഗണനക്കായി സമർപ്പിച്ചിരിക്കുകയാണ്. മന്ത്രി ഇതിൽ അനുകൂലമായ തീരുമാനമെടുത്താൽ വരും ദിവസങ്ങളിൽ തന്നെ ബഹ്റൈനിലെ നിർമ്മാണ മേഖലയിൽ പുതിയ സമയക്രമം പ്രാബല്യത്തിൽ വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

