മുഹറഖിന്റെ പാരമ്പര്യം വീണ്ടെടുക്കാൻ; സമഗ്ര നഗരവികസന പദ്ധതിയുമായി ബഹ്‌റൈൻ; ആദ്യഘട്ടം പൂർത്തിയാകുന്നു
text_fieldsശൈഖ് ഈസ അൽ കബീർ കൊട്ടാരം
മനാമ: ബഹ്‌റൈന്റെ ചരിത്രപരമായ തനിമയും പരമ്പരാഗത വാസ്തുവിദ്യയും സംരക്ഷിച്ചുകൊണ്ട് മുഹറഖ് നഗരത്തിൽ വൻ വികസന പദ്ധതികൾ പുരോഗമിക്കുന്നു. 1.4 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നടപ്പിലാക്കുന്ന ഈ സമഗ്ര പദ്ധതി, നഗരത്തിന്റെ ചരിത്ര പ്രാധാന്യം നിലനിർത്തിക്കൊണ്ട് ഭവന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങളും ഹരിത ഇടങ്ങളും വികസിപ്പിക്കുന്നതിനുമാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാകുന്ന ഘട്ടത്തിലാണെന്ന് ഭവന, നഗരാസൂത്രണ മന്ത്രി ഹമദ് രാജാവിനെ അറിയിച്ചു.
പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ ആറ് പൈതൃക പ്രദേശങ്ങളിലായി 300 ഭവന യൂണിറ്റുകൾ നിർമ്മിച്ച് പുനരുദ്ധരിക്കും. സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ ഭാവിയിൽ മൊത്തം 2,000 ഭവന യൂണിറ്റുകൾ പൂർത്തിയാക്കുകയാണ് പ്രധാന ലക്ഷ്യം. കൂടാതെ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുള്ള പേളിംഗ് പാത്തുമായി ബന്ധപ്പെട്ട 16 പൈതൃക കെട്ടിടങ്ങളും ശൈഖ് ഈസ അൽ കബീർ കൊട്ടാരത്തിന് ചുറ്റുമുള്ള പ്രദേശങ്ങളും സാംസ്കാരിക-വിനോദസഞ്ചാര ആവശ്യങ്ങൾക്കായി നവീകരിക്കും.
നഗരത്തിലെ പ്രധാന പാതകളായ ശൈഖ് അബ്ദുല്ല അവന്യൂ, ശൈഖ് ഈസ അവന്യൂ, ന ഹമദ് അവന്യൂ എന്നിവയുടെ നവീകരണത്തോടൊപ്പം ഡ്രെയിനേജ്, സീവറേജ് ലൈനുകൾ, ലൈറ്റിംഗ്, കെട്ടിടങ്ങളുടെ സൗന്ദര്യവൽക്കരണം എന്നിവയും നടപ്പിലാക്കുന്നുണ്ട്.
300ലധികം വാഹനങ്ങൾ പാർക്ക് ചെയ്യാവുന്ന രണ്ട് വലിയ മൾട്ടി-സ്റ്റോറി പാർക്കിംഗ് കേന്ദ്രങ്ങളും 48 കിലോമീറ്റർ നീളമുള്ള പാതകളും ഇതിന്റെ ഭാഗമായി ഒരുങ്ങുന്നു. പരിസ്ഥിതി സൗഹൃദ അന്തരീക്ഷം ഉറപ്പാക്കുന്നതിനായി 12,000 ചതുരശ്ര മീറ്ററിലായി 72 ഹരിത സ്ക്വയറുകൾ നിർമ്മിക്കുകയും ഒരു ലക്ഷം മരങ്ങൾ നടുകയും ചെയ്യും. അടുത്തിടെ നവീകരിച്ച് തുറന്നു നൽകിയ കാസിനോ പാർക്ക് ഇതിനൊരു ഉദാഹരണമാണ്.
മുഹറഖിന്റെ ചരിത്ര തനിമയ്ക്ക് യാതൊരു കോട്ടവും തട്ടാതെ വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ നിർദ്ദേശം നൽകിയിട്ടുണ്ട്. ആധുനിക സൗകര്യങ്ങൾ ഉറപ്പുവരുത്തുമ്പോൾ തന്നെ നഗരത്തിന്റെ തനിമ വരുംതലമുറകൾക്കായി നിലനിർത്തുകയാണ് ഈ പദ്ധതിയിലൂടെ ബഹ്‌റൈൻ സർക്കാർ ലക്ഷ്യമിടുന്നത്.

