സാംസ സംഘടിപ്പിക്കുന്ന നഴ്സുമാർക്കുള്ള ആദരവും കേശദാന ചടങ്ങും 12ന്
text_fieldsമനാമ: ബഹ്റൈനിലെ പ്രമുഖ സാംസ്കാരിക സമിതിയായ സാംസയുടെ പത്താമത് വാർഷികം പ്രമാണിച്ച് രണ്ട് പ്രധാന പരിപാടികൾ പ്രഖ്യാപിച്ച് ഭാരവാഹികൾ. സാംസയോടൊപ്പം കാൻസർ കെയർ ഗ്രൂപ്പും (സി.സി.ജി) കിംസ് മെഡിക്കൽ ഹോസ്പിറ്റലും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ബഹ്റൈനിലെ 25 പ്രമുഖ നഴ്സുമാരെ ആദരിക്കുന്ന മഹത്തായ ചടങ്ങാണ് ഈ മാസം 12ന് നടക്കുന്ന പരിപാടിയുടെ മുഖ്യ ആകർഷണം. സേവനരംഗത്ത് 25 വർഷമോ അതിലധികമോ പൂർത്തിയാക്കിയ സർവിസിലുള്ള നഴ്സുമാരെ തിരഞ്ഞെടുത്താണ് ആദരിക്കുന്നത്. ബഹ്റൈനി നഴ്സുമാരോടൊപ്പം ബഹ്റൈനിൽ ജോലി ചെയ്യുന്ന മറ്റു രാജ്യങ്ങളിലെ നഴ്സുമാരെയും ആദരിക്കുന്നതിനായി തിരഞ്ഞെടുത്തിട്ടുണ്ട്.
ബഹ്റൈൻ കാൻസർ കെയർ ഗ്രൂപ്പുമായി സഹകരിച്ച് നടത്തുന്ന സാംസയുടെ മറ്റൊരു കാരുണ്യ പ്രവർത്തനമായ കാൻസർ രോഗികൾക്കുള്ള കേശദാന ചടങ്ങും പരിപാടിയുടെ ഭാഗമായി നടക്കും. സാംസ സമിതി അംഗങ്ങളായ സ്ത്രീകളാണ് തങ്ങളുടെ മുടിമുറിച്ച് ദാനം ചെയ്യാനൊരുങ്ങുന്നത്.

