ഗതാഗത പ്രതിസന്ധി പരിഹാരം: പ്രത്യേക സംഘത്തെ നിയമിക്കാനൊരുങ്ങി സർക്കാർ
text_fieldsആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന ട്രാഫിക് കൗൺസിൽ ഉന്നതതല യോഗം
മനാമ: രാജ്യത്ത് രൂക്ഷമായ ഗതാഗത പ്രതിസന്ധി പരിഹാരത്തിനായി പ്രത്യേക സംഘത്തെ നിയമിക്കാനൊരുങ്ങി സർക്കാർ. ബഹ്റൈനിലെ നിലവിലുള്ള ഗതാഗത സാഹചര്യങ്ങളെക്കുറിച്ച് സമഗ്ര പഠനം നടത്തുക ഗതാഗതക്കുരുക്ക് നിയന്ത്രിക്കാനായി ഫലപ്രദമായ മറ്റു മാർഗങ്ങൾ കണ്ടെത്തുക എന്നിവയാണ് സംഘത്തിന്റെ ദൗത്യം.
രാജ്യത്തെ റോഡുകളിൽ കാണപ്പെടുന്ന വാഹനങ്ങളുടെ നീണ്ടനിര, ക്രമരഹിതമായ ഡ്രൈവിങ്ങുകൾ, വാഹനങ്ങൾ വർധിച്ച സാഹചര്യം എന്നിവയുടെ പരിഹാര നടപടികൾ ചർച്ച ചെയ്യാനായി ട്രാഫിക് കൗൺസിലിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് സംഘത്തെ നിയമിക്കാനുള്ള തീരുമാനമെടുത്തത്.
ആഭ്യന്തര മന്ത്രിയും ട്രാഫിക് കൗൺസിൽ ചെയർമാനുമായ ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ അധ്യക്ഷതയിലായിരുന്നു യോഗം. യോഗത്തിൽ ഗതാഗത- ടെലികമ്യൂണിക്കേഷൻ മന്ത്രി, മരാമത്ത് മന്ത്രി, ഭവന- നഗരാസൂത്രണ മന്ത്രി, വിദ്യാഭ്യാസ മന്ത്രി, ആഭ്യന്തര മന്ത്രാലയത്തിലെ നിയമനിർമാണ അതോറിറ്റി കാര്യങ്ങൾക്കായുള്ള അണ്ടർ സെക്രട്ടറി, ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഡയറക്ടർ ജനറൽ എന്നിവർ പങ്കെടുത്തു.
റോഡ് സുരക്ഷ വർധിപ്പിക്കാൻ തുടർച്ചയായ ശ്രമങ്ങൾ ആവശ്യമാണെന്ന് ആഭ്യന്തര മന്ത്രി യോഗത്തിൽ പറഞ്ഞു. ഗതാഗതക്കുരുക്ക് പരിഹരിക്കാൻ വാഹനത്തിന്റെ എണ്ണത്തെക്കുറിച്ചുള്ള വിശകലനം, സുരക്ഷ മാനദണ്ഡങ്ങൾ, ട്രാഫിക് നിയമങ്ങൾ, ഗതാഗത മാനേജ്മെന്റിനായി സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തൽ, റോഡുകളുടെ വികസനം, പൊതുഗതാഗതത്തെ പ്രോത്സാഹിപ്പിക്കൽ എന്നിവ യോഗം ചർച്ച ചെയ്തു.
ഇതേക്കുറിച്ച് സമഗ്രപഠനം ആവശ്യമാണെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. പ്രതിസന്ധി പരിഹരിക്കാനായി ആഗോളതലത്തിൽ നടപ്പാക്കിയ പദ്ധതികളെ പഠനവിധേയമാക്കി രാജ്യത്ത് നടപ്പാക്കാനുള്ള സാധ്യതകളെ തേടുക എന്നതാണ് സംഘത്തെ നിയമിക്കുന്നതിലുള്ള ലക്ഷ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.