ഇറാന്റെ ആക്രമണം; ബഹ്റൈനിലെ റെസിഡൻഷ്യൽ കെട്ടിടത്തിന് നാശനഷ്ടം
text_fieldsആക്രമണത്തിൽ കേടുപാട് സംഭവിച്ച കെട്ടിടം
മനാമ: ബഹ്‌റൈന് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ തുടരുന്നു. തുടർച്ചയായി രണ്ടാം ദിവസവും നടന്ന ആക്രമണത്തിൽ മുഹറഖ് ഗവർണറേറ്റിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിന് നാശനഷ്ടങ്ങൾ സംഭവിച്ചതായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച പുലർച്ചെയും രാവിലെയുമായിട്ടായിരുന്നു ആക്രമണം.
സംഭവത്തിൽ ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു. സിവിൽ ഡിഫൻസ് ഉൾപ്പെടെയുള്ള സുരക്ഷാ വിഭാഗങ്ങൾ ഉടൻ തന്നെ സ്ഥലത്തെത്തി ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുകയും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. ആക്രമണത്തെ ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. രാജ്യത്തിന്റെ പരമാധികാരത്തിനും പൗരന്മാരുടെ സുരക്ഷയ്ക്കും നേരെയുള്ള ഇറാൻ്റെ ആസൂത്രിതമായ കടന്നാക്രമണങ്ങൾക്കെതിരെ അടിയന്തര അന്താരാഷ്ട്ര ഇടപെടൽ ആവശ്യമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ജൂൺ 17ലെ ഇസ്ലാമാബാദ് ധാരണാപത്രം ലംഘിച്ചുകൊണ്ടാണ് ഇറാൻ വീണ്ടും പ്രകോപനം സൃഷ്ടിക്കുന്നത്.
സൈനിക നടപടികൾ നിർത്തിവെക്കുമെന്നും അയൽരാജ്യങ്ങളുടെ പരമാധികാരം മാനിക്കുമെന്നും ഉറപ്പുനൽകി ദിവസങ്ങൾക്കുള്ളിലാണ് ഈ ലംഘനം. ഇറാൻ്റെ ആക്രമണങ്ങൾ അവസാനിപ്പിക്കാനും ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതി അടിയന്തര യോഗം ചേർന്ന് കർശന നടപടികൾ സ്വീകരിക്കണമെന്ന് ബഹ്‌റൈൻ ആവശ്യപ്പെട്ടു. ഈ ആക്രമണങ്ങൾ ജി.സി.സി രാജ്യങ്ങളുടെ മൊത്തത്തിലുള്ള സുരക്ഷാ ഭീഷണിയാണെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു. ജി.സി.സി സംയുക്ത പ്രതിരോധ കരാർ പ്രകാരം, ഒരു അംഗരാജ്യത്തിന് നേരെയുണ്ടാകുന്ന ആക്രമണം എല്ലാവർക്കും എതിരായ ആക്രമണമായി കണക്കാക്കുമെന്നും, തങ്ങളുടെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ ഏത് നടപടിയും സ്വീകരിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ സായുധ സേന പൂർണ സജ്ജമാണെന്ന് ജനറൽ കമാൻഡ് അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തിന് നേരെ നടന്ന ആക്രമണങ്ങളിൽ ഭൂരിഭാഗവും ബഹ്‌റൈൻ്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ കൃത്യമായി തകർത്തതായും അധികൃതർ അറിയിച്ചു. ആക്രമണങ്ങളുടെ ഭാഗമായി ഉപേക്ഷിക്കപ്പെട്ട മിസൈലുകളുടെയോ ഡ്രോണുകളുടെയോ അവശിഷ്ടങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അവയിൽ സ്പർശിക്കരുതെന്നും അടുത്തു പോകരുതെന്നും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

