റിപ്പബ്ലിക് ദിനം ആഘോഷിച്ച് ബഹ്റൈനിലെ ഇന്ത്യൻ സമൂഹം
text_fieldsമനാമ ക്രൗൺ പ്ലാസയിൽ സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷ വിരുന്നിൽ വിദേശകാര്യ മന്ത്രി ഡോ.
അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി, ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് എന്നിവരും മറ്റ് വിശിഷ്ട വ്യക്തികളും
മനാമ: ഇന്ത്യയുടെ 76ാം റിപ്പബ്ലിക് ദിനം ആഘോഷിച്ച് ബഹ്റൈനിലെ ഇന്ത്യൻ സമൂഹം. സീഫിലെ ഇന്ത്യൻ എംബസി അങ്കണത്തിൽ രാവിലെ 7ന് നടന്ന ചടങ്ങിൽ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയശേഷം ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് പതാക ഉയർത്തി. ദേശീയ ഗാനാലാപനത്തിനുശേഷം രാഷ്ട്രപതിയുടെ സന്ദേശം സദസ്സിൽ അംബാസഡർ വായിച്ചു കേൾപ്പിച്ചു.
ഇന്ത്യയുടെയും ബഹ്റൈന്റെയും കഴിഞ്ഞ ഒരു വർഷക്കാലയളവിലെ സഹകരണങ്ങളെക്കുറിച്ചും കൂടിക്കാഴ്ചകളെക്കുറിച്ചും സംസാരിച്ച അദ്ദേഹം ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തിന് റിപ്പബ്ലിക് ദിന ആശംസകൾ നേർന്നു. രാജ്യത്തെ നൂറുകണക്കിന് ഇന്ത്യൻ പ്രവാസി സമൂഹം ആഘോഷത്തിൽ പങ്കാളികളായി. മൂവർണ നിറത്തിലുള്ള വസ്ത്രങ്ങളും കൊടി തോരണങ്ങളും ധരിച്ചായിരുന്നു ആഘോഷത്തിനായി ഇന്ത്യൻ പ്രവാസി സമൂഹം എംബസിയിലെത്തിയത്. പരിപാടിയിൽ ഹിമാചൽ പ്രദേശിൽനിന്നുള്ള സാംസ്കാരിക സംഘം ദേശഭക്തി ഗാനമാലപിച്ചു. പരിപാടിക്കുശേഷം മധുര വിതരണവും നടത്തി.
ആശംസ അറിയിച്ച് ഹമദ് രാജാവും കിരീടാവകാശിയും
മനാമ: 76ാം ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിൽ ആശംസ അറിയിച്ച് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും. ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമുവിനും പ്രധാന മന്ത്രി നരേന്ദ്ര മോദിക്കുമാണ് ഹമദ് രാജാവും കിരീടാവകാശിയും ആശംസാക്കുറിപ്പ് അയച്ചത്.
ഇന്ത്യൻ മൂല്യങ്ങളെ പ്രതിനിധീകരിക്കുന്ന ദിനം -ബഹ്റൈൻ വിദേശകാര്യ മന്ത്രി
മനാമ: റിപ്പബ്ലിക് ദിനം ഇന്ത്യൻ ജനാധിപത്യം, സാംസ്കാരിക വൈവിധ്യം, ദേശീയ ഐക്യം എന്നീ മൂല്യങ്ങളെ പ്രതിനിധീകരിക്കുന്ന ദിനമാണെന്ന് ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി. ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് മനാമ ക്രൗൺ പ്ലാസയിൽ സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷ വിരുന്നിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ഇന്ത്യൻ ജനതയുടെ ഇച്ഛാശക്തിയും സർഗാത്മകതയും ഈ ദിനം പ്രതിഫലിപ്പിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തമാണെന്നും, പരസ്പര ആദരവും ഫലപ്രദമായ സഹകരണവും നൂറ്റാണ്ടുകളായുള്ള ബന്ധം വളരാൻ കാരണമായെന്നും അവ കൂടുതൽ ശക്തിപ്പെടുത്താൻ മന്ത്രി ആഹ്വാനം ചെയ്യുകയും ചെയ്തു. മന്ത്രിമാർ, പാർലമെന്റ് അംഗങ്ങൾ, ഉദ്യോഗസ്ഥർ, വിദേശരാജ്യങ്ങളിലെ അംബാസഡർമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഇന്ത്യൻ എംബസിയിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കാനെത്തിയവർ
ഇന്ത്യൻ അംബാസഡർ പ്രസംഗത്തിൽ ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള അടുത്ത ബന്ധത്തെക്കുറിച്ച് പരാമർശിച്ചു. ഇരു രാജ്യങ്ങളുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് ബഹ്റൈനുമായുള്ള തങ്ങളുടെ പങ്കാളിത്തം ശക്തിപ്പെടുത്താൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

