വിധിയോട് പൊരുതാനുറച്ച് രേണുകുമാർ നാട്ടിലേക്ക്
text_fieldsരേണുകുമാർ
ബുറൈദ: ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് ഇരുകൈകളും കാലുകളും നഷ്ടമായ യു.പിയിലെ മുസഫർനഗർ സ്വദേശി രേണുകുമാർ വിധിയോട് പൊരുതാനുറച്ച് നാട്ടിലേക്കു വിമാനം കയറി. പ്രതിസന്ധിഘട്ടത്തിൽ താങ്ങായി നിന്നവർക്ക് നന്ദി പറഞ്ഞാണ് യുവാവ് ബുറൈദയിൽനിന്ന് നാട്ടിലേക്കു മടങ്ങിയത്.
സ്വകാര്യ കമ്പനിയിൽ ജോലിചെയ്യുന്നതിനിടെ അബദ്ധത്തിൽ വൈദ്യുതിപ്രവാഹമുള്ള യന്ത്രം പ്രവർത്തിപ്പിച്ചപ്പോഴുണ്ടായ അപകടത്തെ തുടർന്നാണ് 24 കാരനായ രേണുകുമാറിന് കൈകാലുകൾ നഷ്ടപ്പെട്ടത്. ആദ്യമായി സൗദിയിലെത്തി കഷ്ടിച്ച് ഒരു മാസം പിന്നിട്ടപ്പോഴായിരുന്നു 2019 ഡിസംബറിൽ അപകടമുണ്ടായത്. ഒരു കൊല്ലം നീണ്ട ചികിത്സക്കുശേഷം നഷ്ടപരിഹാരത്തിന് ശ്രമിച്ചപ്പോൾ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഇൻഷുറൻസ് കമ്പനി തീരുമാനം നീട്ടിക്കൊണ്ടുപോവുകയായിരുന്നു.
ഈ സാഹചര്യത്തിൽ ബുറൈദയിലെ മലയാളി സാമൂഹിക പ്രവർത്തകർ യുവാവിന്റെ തുണക്കെത്തിയ വാർത്ത കഴിഞ്ഞ മാസം 'ഗൾഫ് മാധ്യമം' പ്രസിദ്ധീകരിച്ചിരുന്നു.
ഖസീം പ്രവാസി സംഘം ജീവകാരുണ്യ കൺവീനർ നൈസാം തൂലിക, സാമൂഹിക പ്രവർത്തകൻ സലാം പറാട്ടി എന്നിവർ രേണുവിനെ ഉനൈസ അമീറിന്റെ അടുത്തെത്തിച്ചതോടെയാണ് ഇക്കാര്യത്തിൽ തീർപ്പുണ്ടായത്. അമീറിന്റെ ഇടപെടലിൽ കമ്പനിയിൽനിന്ന് ലഭിച്ച 22 ലക്ഷം രൂപ സാമൂഹികപ്രവർത്തകർ മുൻകൈയെടുത്ത് രേണുകുമാറിന്റെ നാട്ടിലെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചു.
തൊഴിൽസ്ഥാപനത്തിൽനിന്നുള്ള ആനുകൂല്യംകൂടി ലഭിച്ചതോടെയാണ് യുവാവിന് മടക്കയാത്രക്ക് വഴിയൊരുങ്ങിയത്. രണ്ടര വർഷക്കാലം രേണുവിനെ പരിചരിക്കാൻ തൊഴിൽസ്ഥാപനം ശമ്പളം നൽകി ഒരാളെ നിയോഗിച്ചിരുന്നു.
ദുരിതനാളുകളിൽ സഹായിച്ചവർക്ക് ഉള്ളിൽ തട്ടിയ നന്ദി പറഞ്ഞാണ് യുവാവ് വിമാനം കയറിയത്. അവിവാഹിതനാണ് രേണുകുമാർ, ഒരു കുടുംബത്തിന്റെ അത്താണിയും. കമ്പനിയിലെ സഹപ്രവർത്തകൻ യാത്രാസഹായിയായി യുവാവിനെ അനുഗമിച്ചു. നാട്ടിൽ അനുയോജ്യമായ ഏതെങ്കിലുമൊരു കച്ചവടം നടത്തി ഉപജീവനം കണ്ടെത്താനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് പുറപ്പെടുംമുമ്പ് രേണു പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.