മനാമ സെൻട്രൽ മാർക്കറ്റിൽ അറ്റകുറ്റപ്പണി തുടങ്ങി
text_fieldsമനാമ സെൻട്രൽ മാർക്കറ്റ്
മനാമ: അഴുക്കുചാൽ സംവിധാനം തകരാറിലായതിനെ തുടർന്ന് മനാമ സെൻട്രൽ മാർക്കറ്റിൽ സമഗ്രമായ അറ്റകുറ്റപ്പണി ആരംഭിച്ചതായി കാപിറ്റൽ മുനിസിപ്പാലിറ്റി അറിയിച്ചു. ഇതുമൂലം ഉപഭോക്താക്കൾക്കും വ്യാപാരികൾക്കും നേരിട്ട അസൗകര്യങ്ങളിൽ അധികൃതർ ക്ഷമ ചോദിച്ചു.
മാർക്കറ്റിലെ എയർ കണ്ടീഷനിങ്, അഴുക്കുചാൽ ശൃംഖല, വൈദ്യുതി, ജല സംവിധാനങ്ങൾ എന്നിവയുടെ അറ്റകുറ്റപ്പണികളാണ് ഇപ്പോൾ നടക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതുവരെ സാങ്കേതിക വിദഗ്ദ്ധരുടെ സംഘം ഇവിടെയുണ്ടാകും. അഴുക്കുചാലിലെ ആഴത്തിലുള്ള തടസ്സമാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് കാപിറ്റൽ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എൻജിനീയർ മുഹമ്മദ് അൽസാഹ്ലി പറഞ്ഞു. ഇതിന് പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ച് അറ്റകുറ്റപ്പണി നടത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ, മാർക്കറ്റിലെ റസ്റ്റാറന്റുകളോട് എണ്ണ അഴുക്കുചാലിലേക്ക് ഒഴിക്കരുതെന്ന് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മീൻ, പഴം, പച്ചക്കറി, മാംസം എന്നീ വിഭാഗങ്ങൾ ഉൾപ്പെടെ മാർക്കറ്റിലെ എല്ലാ ഹാളുകളിലും അറ്റകുറ്റപ്പണി നടക്കുന്നുണ്ട്. അടുത്തിടെ തകരാറിലായ എയർ കണ്ടീഷനിങ് യൂനിറ്റുകൾ നന്നാക്കുകയും ആവശ്യമുള്ളിടത്ത് പുതിയവ സ്ഥാപിക്കുകയും ചെയ്തു.
പുതിയ മാർക്കറ്റ് ബുരിയിലേക്ക് മാറ്റുന്നതിന് മുന്നോടിയായി, ബജറ്റ് ലഭ്യമാകുന്നതിനനുസരിച്ച് നവീകരണ പ്രവർത്തനങ്ങൾ തുടരുമെന്ന് അൽസാഹ്ലി അറിയിച്ചു. സമാനമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കാനും വർക്സ് മന്ത്രാലയവുമായി സഹകരിച്ച് മാർക്കറ്റിലെ അഴുക്കുചാൽ സംവിധാനം പൂർണമായി നവീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

