സൽമാനിയ മെഡിക്കൽ കോളജിന്റെ പരിസരങ്ങളിലെ റോഡുകൾ നവീകരിക്കണം
text_fieldsസൽമാനിയ മെഡിക്കൽ കോളജ് പരിസരത്തെ പാർക്കിങ് സ്ഥലം
മനാമ: സൽമാനിയ മെഡിക്കൽ കോളജിന്റെ പരിസരങ്ങളിലെ റോഡുകൾ നവീകരിക്കണമെന്ന നിർദേശവുമായി എം.പിമാർ. ബഹ്റൈനിലെ പ്രധാന മെഡിക്കൽ ആശുപത്രിയായ സൽമാനിയ കോംപ്ലക്സിന്റെ പരിസരങ്ങളിലുണ്ടാവുന്ന രൂക്ഷമായ ഗതാഗതക്കുരുക്ക് കുറക്കുക എന്ന ലക്ഷ്യത്തോടെ സ്ഥലം എം.പിയും സ്ട്രാറ്റജിക് തിങ്കിങ് ബ്ലോക്ക് പ്രസിഡന്റും സാമ്പത്തിക കാര്യസമിതി അധ്യക്ഷനുമായ അഹ്മദ് അൽ സല്ലൂമിന്റെ നേതൃത്തത്തിലെ അഞ്ച് എം.പിമാരാണ് നിർദേശം മുന്നോട്ട് വെച്ചത്.
മെഡിക്കൽ സ്ഥാപനങ്ങൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവയെ ലക്ഷ്യം വെച്ചുവരുന്ന ജനങ്ങളാൽ പ്രദേശത്ത് വലിയ തിരക്കും അതു മൂലമുണ്ടാകുന്ന ഗതാഗത കുരുക്കും വലിയ പ്രയാസമാണ് രൂപപ്പെടുത്തുന്നത്. ഇതിനൊരു പരിഹാരമായി ഗതാഗതം സുഗമമാക്കുക, പാർക്കിങ് സൗകര്യം വർധിപ്പിക്കുക, കാൽനടപ്പാത നിർമിക്കുക എന്നിവയാണ് നിർദേശമായി മുന്നോട്ട് വെച്ചത്.
പ്രദേശത്ത് അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ ബെറ്റർ ലൈഫ് സൊസൈറ്റി ചെയർമാനും ബഹ്റൈൻ സ്മോൾ ആൻഡ് മീഡിയം എന്റർപ്രൈസസ് ഡെവലപ്മെൻറ് സൊസൈറ്റി ചെയർമാനുമായ അൽ സല്ലൂം ചൂണ്ടിക്കാട്ടി. റോഡുകളിലും പരിസരങ്ങളിലും അലക്ഷ്യമായാണ് ജനങ്ങൾ വാഹനങ്ങൾ നിലവിൽ പാർക്ക് ചെയ്യുന്നത്. ആശുപത്രിയും പരിസരവും രോഗികളെക്കൊണ്ടും സന്ദർശകരെക്കൊണ്ടും മെഡിക്കൽ വിദ്യാർഥികളെക്കൊണ്ടും നിറഞ്ഞിരിക്കുന്ന സാഹചര്യമാണ് പലപ്പോഴും. ഇതിനു സമഗ്രമായ ഒരു പരിഹാരം കണ്ടെത്തണമെന്ന് അൽ സല്ലൂം പറഞ്ഞു.
എസ്.എം.സി ഒരു ആശുപത്രി മാത്രമല്ല ഇവിടെ അറേബ്യൻ ഗൾഫ് യൂനിവേഴ്സിറ്റിയും കോളജ് ഓഫ് ഹെൽത്ത് സയൻസും പ്രവർത്തിക്കുന്നുണ്ട്. കൂടാതെ, നിരവധി സ്വകാര്യ ആശുപത്രികൾ, ക്ലിനിക്കുകൾ, ഫാർമസികൾ, മെഡിക്കൽ ഉപകരണങ്ങളുടെ മൊത്തക്കച്ചവടക്കാർ, ടേക്ക്അവേ റസ്റ്റാറന്റുകൾ, പൂക്കടകൾ, മധുരപലഹാരങ്ങൾ എന്നിവയുമുണ്ട്. ഇത് പ്രദേശത്തേക്ക് കൂടുതൽ വാഹനങ്ങളെത്തുന്നതിന് കാരണമാകുന്നു. മികച്ച ട്രാഫിക് മാനേജ്മെന്റിലൂടെയും കർശനമായ പാർക്കിങ് നിയന്ത്രണങ്ങളിലൂടെയും, മികച്ച കാൽനട പാതകൾ സജ്ജമാക്കുന്നതിലൂടെയും പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകുമെന്നും ബഹ്റൈൻ ചേംബർ ബോർഡ് അംഗം കൂടിയായ അൽ സല്ലൂം പറഞ്ഞു. വികസനം ആശുപത്രിയുമായി ബന്ധപ്പെട്ടു വരുന്നവർക്ക് മാത്രമല്ല പ്രദേശവാസികൾക്കും ബിസിനസുകാർക്കും ഒരുപോലെ ഗുണകരമാകുമെന്നാണ് കണ്ടെത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

