റമദാനിൽ അണിഞ്ഞൊരുങ്ങി പേളിങ് പാത്ത്
text_fieldsമനാമ: റമദാൻ മാസത്തിലെ ആത്മീയ രാവുകളൊടൊപ്പം ആഘോഷത്തിന്റെ കിസ്സകളും ബഹ്റൈന്റെ ഓരോ തെരുവകളിലുമുണ്ടാകും. രാജ്യത്തെ വിവിധ ഇടങ്ങളിൽ അലങ്കരിച്ചും സംഗീതാത്മക അന്തരീക്ഷം സൃഷ്ടിച്ചും ജനങ്ങളെ ആകർഷിച്ചുകൊണ്ടിരിക്കും. അത്തരത്തിൽ അണിഞ്ഞൊരുങ്ങിയിരിക്കയാണ് മുഹറഖിലെ പേളിങ് പാത്ത്.
റമദാമനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘ഗാതറിങ് അറ്റ് ദി പേളിങ് പാത്ത്’ ഫെസ്റ്റിവലിനാണ് കഴിഞ്ഞ ദിവസം തുടക്കമായത്. മാർച്ച് 20 വരെ മുഹറഖിലെ പേളിങ് പാത്ത് വിസിറ്റർ ആൻഡ് എക്സ്പീരിയൻസ് സെന്ററിലാണ് ഫെസ്റ്റിവൽ നടക്കുന്നത്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ രാത്രി ഒമ്പത് മുതൽ പുലർച്ച ഒരു മണി വരെയും മറ്റു ദിവസങ്ങളിൽ രാത്രി ഒമ്പത് മുതൽ 12 വരെയുമാണ് പരിപാടികൾ.
പരമ്പരാഗത സംഗീത പ്രകടനങ്ങൾ, ശില്പശാലകൾ, റമദാൻ മാസവുമായി ബന്ധപ്പെട്ട പരിപാടികൾ എന്നിവയുൾപ്പെടെ വിവിധ സാംസ്കാരിക, പൈതൃക, വിനോദ പ്രവർത്തനങ്ങളാണ് ഫെസ്റ്റിവലിലുള്ളത്. കൂടാതെ, പേളിങ് പാത്ത് സന്ദർശിക്കുന്ന കുടുംബങ്ങൾക്കും കുട്ടികൾക്കുമായി പരമ്പരാഗത ഗെയിംസ് ഏരിയ, കുട്ടികളുടെ കോർണർ എന്നിവയും ഒരുക്കിയിട്ടുണ്ട്. ഫെസ്റ്റിവലിന്റെ ഭാഗമായി മാർച്ച് 13, 14 തീയതികളിൽ ഖർഗാഊൻ ഇവന്റ് സംഘടിപ്പിക്കും. അൽ ഗൂസ് ഹൗസിൽ നിന്ന് അൽ ജലഹ്മ ഹൗസിലേക്ക് ഷബാബ് അൽ ഹിദ്ദിന്റെയും ഖലാലി ഫോക്ക് ബാൻഡുകളുടെയും സംഗീത പരിപാടികളോടെ പരേഡ് നടക്കും. ഹനീൻ സെദ്ര ഗാലറിയിൽ എല്ലാ ദിവസവും രാവിലെ പത്ത് മുതൽ ഉച്ചക്ക് മൂന്ന് വരെയും രാത്രി 8.30 മുതൽ പുലർച്ചെ 12.30 വരെയും കലാ പ്രദർശനം ഉണ്ടായിരിക്കും.
മാർച്ച് 13ന് രാത്രി ഒമ്പത് മുതൽ മുഹറഖ് ലേലം സംഘടിപ്പിക്കും. മാർച്ച് 15ന് ഖുർആൻ ബുക്ക്മാർക്കുകൾ, മാർച്ച് 17ന് റമദാൻ കൊളാഷുകൾ, മാർച്ച് 13ന് ഖർഗാഊൻ ബാഗുകൾ, മാർച്ച് 14നും 20നും മൊസൈക് ഇസ്ലാമിക് പാറ്റേണുകൾ, മാർച്ച് 16നും 18നും റമദാൻ ക്രസന്റ് മൂൺ പെയിന്റിങ്ങുകൾ എന്നിവയുമായി ബന്ധപ്പെട്ട ശില്പശാലകളുമുണ്ടാവും.
റമദാൻ വിടപറയൽ സ്മരണക്കായി മാർച്ച് 28ന് പുലർച്ചെ 12.30 മുതൽ 1.30 വരെ അൽ ഗൂസ് ഹൗസിൽ നിന്ന് ഫഖ്റോ ഹൗസിലേക്ക് നടത്തം സംഘടിപ്പിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.