മതസൗഹാർദം ബഹ്‌റൈൻ മാതൃക: ആഗോളതലത്തിലേക്ക് വ്യാപിപ്പിക്കാൻ കിങ് ഹമദ് ഗ്ലോബൽ സെന്റർ
text_fieldsമനാമ: വിവിധ മതവിഭാഗങ്ങൾ തമ്മിലുള്ള സഹവർത്തിത്വത്തിലും സഹിഷ്ണുതയിലും ബഹ്‌റൈൻ കൈവരിച്ച നേട്ടങ്ങളും മാതൃകാപരമായ അനുഭവങ്ങളും ആഗോളതലത്തിൽ വ്യാപിപ്പിക്കാൻ ലക്ഷ്യമിട്ട് കിങ് ഹമദ് ഗ്ലോബൽ സെന്റർ ഫോർ കോ എക്‌സിസ്റ്റൻസ് ആൻഡ് ടോളറൻസ്. സാർവദേശീയ സമാധാന ദിനാചരണത്തിന്റെ ഭാഗമായി മനാമയിലെ സെന്റർ ആസ്ഥാനത്ത് സംഘടിപ്പിച്ച പ്രത്യേക സംവാദ പരിപാടിയിലാണ് ഈ ഭാവികാഴ്ചപ്പാട് വ്യക്തമാക്കിയത്.
‘ഷെയേർഡ് ഗ്രൗണ്ട്: എ ഡയലോഗ് ഓൺ ഷെയേർഡ് വാല്യൂസ് എമംഗ് റിലീജിയസ് കമ്മ്യൂണിറ്റീസ്’ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച യോഗത്തിൽ ബഹ്‌റൈനിലെ വിവിധ മതവിഭാഗങ്ങളുടെയും ആരാധനാലയങ്ങളുടെയും പ്രതിനിധികൾ പങ്കെടുത്തു. വ്യത്യസ്ത മതങ്ങൾ തമ്മിൽ പങ്കുവെക്കുന്ന പൊതുവായ മൂല്യങ്ങളെക്കുറിച്ചും അവ എങ്ങനെ പ്രായോഗികതലത്തിൽ ശക്തമായ സമൂഹ നിർമ്മിതിക്കും അന്താരാഷ്ട്ര സഹകരണത്തിനും അടിത്തറയാക്കാം എന്നതിനെക്കുറിച്ചും ചർച്ച നടന്നു.
പങ്കാളികളുമായി ചേർന്ന് ഈ ദൗത്യം മുൻപോട്ടു കൊണ്ടുപോകാനാണ് സെന്റർ ലക്ഷ്യമിടുന്നതെന്ന് കിങ് ഹമദ് ഗ്ലോബൽ സെന്റർ ഫോർ കോ എക്‌സിസ്റ്റൻസ് ആൻഡ് ടോളറൻസ് ഡെപ്യൂട്ടി ബോർഡ് ചെയർമാനും ശൂറ കൗൺസിൽ അംഗവുമായ അലി അൽ അറാദി പറഞ്ഞു.
മതസമൂഹങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അന്താരാഷ്ട്ര സംഘടനകൾ എന്നിവയെ കോർത്തിണക്കി പരസ്പര ബഹുമാനവും സമാധാനവും സഹിഷ്ണുതയും വളർത്തുന്ന വൈവിധ്യമാർന്ന പദ്ധതികളിലൂടെ ബഹ്‌റൈന്റെ ഈ സമാധാന സന്ദേശം ലോകമെമ്പാടും വ്യാപിപ്പിക്കുകയാണ് ഈ മുന്നേറ്റത്തിന്റെ പ്രധാന ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

