രണ്ടാമത് മത, വിശ്വാസ സ്വാതന്ത്ര്യ സമ്മേളനത്തിന് തുടക്കം
text_fieldsമനാമ: രണ്ടാമത് മത, വിശ്വാസ സ്വാതന്ത്ര്യ സമ്മേളനത്തിന് തുടക്കമായി. ബഹ്റൈനും യൂറോപ്യൻ യൂനിയനും സഹകരിച്ച് നടത്തുന്ന സമ്മേളനത്തിൽ രാഷ്ട്രീയ, നിയമ പണ്ഡിതന്മാരും സാമൂഹിക മേഖലയിലുള്ള പ്രമുഖരും പങ്കെടുക്കുന്നുണ്ട്.
മത, വിശ്വാസ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാന തത്ത്വങ്ങൾ ശക്തിപ്പെടുത്തുന്നതിനും അതിന്റെ ആശയങ്ങൾ ആഴത്തിൽ സമൂഹത്തിൽ വേരൂന്നുന്നതിനുമുദ്ദേശിച്ചാണ് സമ്മേളനം സംഘടിപ്പിച്ചത്. അന്താരാഷ്ട്ര തലത്തിലും മേഖലയിലും ഇതുമായി ബന്ധപ്പെട്ട സമ്മേളനങ്ങൾ സംഘടിപ്പിക്കാനും നിർമാണാത്മകമായ സംവാദങ്ങൾ രൂപപ്പെടുത്താനുമുള്ള ചർച്ചകളും സമ്മേളനത്തിൽ നടക്കും. വംശീയത ഇന്ധനമാക്കി ലോകത്തെ അന്ധകാരത്തിലേക്ക് തള്ളിവിടുന്ന വർഗീയവാദികളുയർത്തുന്ന ഭീഷണി ചെറുക്കുന്നതിനുള്ള പോംവഴികളെക്കുറിച്ചും സമ്മേളനം ചർച്ച ചെയ്യും.
നവസാമൂഹിക മാധ്യമങ്ങളുപയോഗിച്ച് വെറുപ്പുൽപാദിപ്പിക്കുന്നതിന് തടയിടുന്നതിനുള്ള ആശയങ്ങളും ചർച്ചാവിഷയമാണ്. ലോകത്ത് 4,000ത്തിലധികം മതങ്ങളും ആശയങ്ങളുമാണ് പ്രധാനമായുമുള്ളതെന്നും അവ തമ്മിൽ സമാധാനപരമായ ആശയ സംവാദങ്ങളുണ്ടാകേണ്ടത് ആവശ്യമാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. 2022 ലാണ് ബഹ്റൈനിലാദ്യമായി ഇത്തരമൊരു സമ്മേളനം നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

