വീടുകളിലും കെട്ടിടങ്ങളിലും ഹൈഡ്രോപോണിക് കൃഷി സംവിധാനങ്ങൾ നടപ്പാക്കാൻ നിർദേശം
text_fieldsമനാമ: ബഹ്റൈനിലെ വീടുകളിലും കെട്ടിടങ്ങളിലും ഹൈഡ്രോപോണിക് കൃഷി സംവിധാനങ്ങൾ നടപ്പാക്കാൻ നിർദേശം. സ്ഥലപരിമിതിയും ജലക്ഷാമവും നേരിടുന്ന ബഹ്റൈനിൽ നഗരകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ഈ പദ്ധതിക്ക് വലിയ സാധ്യതകളുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.ബഹ്റൈന്റെ ദേശീയ ഹരിതവത്കരണ തന്ത്രത്തിന്റെ ഭാഗമായി, കൂടുതൽ കാര്യക്ഷമവും സുസ്ഥിരവുമായ കൃഷി രീതികളിലേക്ക് മാറണമെന്ന് ആവശ്യപ്പെടുന്ന ക്യാപിറ്റൽ ട്രസ്റ്റീസ് ബോർഡ് അംഗം ഡോ. വഫാ അജൂറാണ് ഈ സംരംഭത്തിന് നേതൃത്വം നൽകുന്നത്.
പദ്ധതി നടപ്പാക്കിയാൽ, അപ്പാർട്ടുമെന്റുകളിലോ വില്ലകളിലോ വാണിജ്യ കെട്ടിടങ്ങളിലോ താമസിക്കുന്നവർക്ക് മണ്ണില്ലാതെയും കുറഞ്ഞ വെള്ളത്തിൽ ഔഷധസസ്യങ്ങളും പച്ചക്കറികളും പഴങ്ങളും കൃഷി ചെയ്യാൻ സാധിക്കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി പ്രത്യേക ഹൈഡ്രോപോണിക് തൈകളും വളർത്തൽ യൂനിറ്റുകളും പൊതുജനങ്ങൾക്ക് വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. നിർദേശം അംഗീകരിക്കപ്പെട്ടാൽ, ദേശീയ തലത്തിൽ ഹൈഡ്രോപോണിക് കിറ്റുകൾ വിതരണം ചെയ്യുന്ന ആദ്യത്തെ ഗൾഫ് രാജ്യമായി ബഹ്റൈൻ മാറും.
നിലവിൽ, മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രാലയം വാർഷിക തൈ വിതരണ കാമ്പയിൻ നടത്തുന്നുണ്ടെങ്കിലും ഇത് സാധാരണയായി വലിയ സ്ഥലങ്ങളുള്ള വീടുകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. ഓട്ടോമേറ്റഡ് പോഷക വിതരണ സംവിധാനങ്ങളുള്ള കോംപാക്ട് ഹൈഡ്രോപോണിക് കിറ്റുകൾ, വിത്തുകൾ, നിർദേശ മാന്വലുകൾ എന്നിവ ഉൾപ്പെടുന്ന വിതരണ പരിപാടി ആരംഭിക്കാനാണ് പദ്ധതി.ഹൈഡ്രോപോണിക് കൃഷിയിലൂടെ പരമ്പരാഗത കൃഷിയേക്കാൾ 30 ശതമാനം വരെ വേഗത്തിൽ വിളകൾ ഉൽപാദിപ്പിക്കാനാവും.എൻജിനീയർമാർ, പരിസ്ഥിതി വിദഗ്ധർ, നഗരാസൂത്രകർ എന്നിവരടങ്ങുന്ന ഒരു വർക്കിങ് ഗ്രൂപ് രൂപവത്കരിച്ച് വിശദമായ നിർവഹണ പദ്ധതി ത്യാറാക്കാനുള്ള ശ്രമത്തിലാണ് ഡോ. അജൂർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

