വിദേശ തൊഴിലാളികളുടെ പെർമിറ്റ് പരിധി നിർബന്ധമാക്കാനുള്ള നിർദേശം തള്ളാൻ ശിപാർശ
text_fieldsമനാമ: പ്രവാസികൾക്കുള്ള വർക്ക് പെർമിറ്റുകളുടെ എണ്ണത്തിൽ ദേശീയ പരിധി നിശ്ചയിക്കണമെന്ന് തൊഴിൽ അധികാരികളോട് ആവശ്യപ്പെടുന്ന പാർലമെന്ററി നിർദേശം ഞായറാഴ്ച ശൂറാ കൗൺസിലിൽ ചർച്ചക്കും വോട്ടിനും വെക്കും. എന്നാൽ, നിയമം പ്രാബല്യത്തിൽ വന്നാൽ തൊഴിൽ വിപണി അസ്ഥിരമാവുകയും കൂടുതൽ തൊഴിലാളികൾ അനധികൃത തൊഴിലിലേക്ക് തിരിയുകയും ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകിക്കൊണ്ട് ശൂറാ കൗൺസിലിന്റെ സർവിസ് കമ്മിറ്റി ഈ നിർദേശം തള്ളിക്കളയാൻ ശിപാർശ ചെയ്തിട്ടുണ്ട്.
2006ലെ നിയമം നമ്പർ 19-ലെ ആർട്ടിക്കിൾ 4 ഭേദഗതി ചെയ്യാനുള്ളതാണ് നിർദേശം. ഇതുപ്രകാരം, ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി ഒരു നിശ്ചിത കാലയളവിനുള്ളിൽ അനുവദിക്കുന്ന വർക്ക് പെർമിറ്റുകളുടെ പരമാവധി എണ്ണം ദേശീയ തൊഴിൽ വിപണി പദ്ധതിയിൽ നിർബന്ധമായും ഉൾപ്പെടുത്തിയിരിക്കണം. എൽ.എം.ആർ.എ, തൊഴിൽ മന്ത്രാലയം, സർക്കാർ നിയമോപദേഷ്ടാക്കൾ എന്നിവരുടെ പിന്തുണയോടെയാണ് ഭേദഗതി തത്ത്വത്തിൽ അംഗീകരിക്കേണ്ടതില്ലെന്ന് സർവിസ് കമ്മിറ്റി ശിപാർശ ചെയ്തത്. ഇത് ബഹ്റൈന്റെ ഫ്ലെക്സിബിൾ ലേബർ മാർക്കറ്റ് മോഡലിനെ ദുർബലപ്പെടുത്തുകയും ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുകയും ചെയ്യുമെന്ന് കമ്മിറ്റി ചെയർപേഴ്സൻ ഡോ. ജമീല അൽ സൽമാൻ ചൂണ്ടിക്കാട്ടി. നിർബന്ധിത പരിധി വെക്കുന്നതിലൂടെ വിപണിയിലെ ഡിമാൻഡിനും സപ്ലൈക്കും അനുസരിച്ച് തൊഴിലാളികളെ നൽകുന്നത് ദുർബലപ്പെടുത്തുകയും, അനധികൃത ജോലിക്കെടുക്കൽ വർധിപ്പിക്കുകയും, ക്രമരഹിതമായ കുടിയേറ്റ തൊഴിലാളികളുടെ എണ്ണം കൂട്ടുകയും ചെയ്യുമെന്ന് എൽ.എം.ആർ.എ ചീഫ് എക്സിക്യൂട്ടിവ് നിബ്രാസ് താലിബ് കമ്മിറ്റിയെ അറിയിച്ചു. നിലവിലെ നിയമം ആവശ്യമെങ്കിൽ ദേശീയ തൊഴിൽ വിപണി പദ്ധതിയിലൂടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാറിന് അധികാരം നൽകുന്നുണ്ട്. അതിനാൽ പുതിയ നിയമപരമായ ഭേദഗതി ആവശ്യമില്ലെന്നും താലിബ് പറഞ്ഞു.
പെർമിറ്റ് പരിധി വെക്കുന്നതിലൂടെ ബഹ്റൈനി പൗരന്മാരുടെ തൊഴിൽ വർധിപ്പിക്കുന്നതിന് തെളിയിക്കപ്പെട്ട ഒരു പ്രയോജനവും നൽകുന്നില്ലെന്ന് തൊഴിൽ മന്ത്രാലയവും അറിയിച്ചു.
ബഹ്റൈനി പൗരന്മാർക്ക് തൊഴിലവസരങ്ങൾ മെച്ചപ്പെടുത്തുന്നതിനായി വിദേശ തൊഴിലാളികളുടെ ഒഴുക്ക് പരിമിതപ്പെടുത്താൻ ഈ പദ്ധതി സഹായിക്കുമെന്ന് നിർദേശത്തെ പിന്തുണക്കുന്നവർ വാദിക്കുന്നു.
എന്നാൽ, വിപണി സാഹചര്യങ്ങൾ ആവശ്യപ്പെടുമ്പോൾ പെർമിറ്റുകൾ നിയന്ത്രിക്കാനുള്ള നിയമപരമായ അധികാരം അധികാരികൾക്കുണ്ടെന്ന് റെഗുലേറ്റർമാർ ഉറപ്പിച്ചു പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

