ആരോഗ്യപ്രവർത്തകരുടെ ജോലി സമയം പുനഃക്രമീകരിക്കാൻ ശുപാർശ
text_fieldsമനാമ: ബഹ്‌റൈനിലെ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ ജോലി ചെയ്യുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരുടെ റമദാൻ കാലത്തെ ജോലി സമയം പുനഃക്രമീകരിക്കണമെന്ന് പാർലമെന്റ് അംഗങ്ങൾ സർക്കാരിനോട് ആവശ്യപ്പെട്ടു. ഏകദേശം ഇരുന്നൂറോളം മെഡിക്കൽ ജീവനക്കാർ ഒപ്പിട്ടു നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. പാർലമെന്റ് സെക്കൻഡ് ഡെപ്യൂട്ടി സ്പീക്കർ അഹമ്മദ് ഖരാത്തയുടെ നേതൃത്വത്തിലുള്ള അഞ്ച് എംപിമാരുടെ സംഘം സമർപ്പിച്ച ഈ നിർദ്ദേശം അടിയന്തര പരിഗണനയ്ക്കായി കാബിനറ്റിന് കൈമാറി. നിർദേശപ്രകാരം നിലവിലെ രാവിലെ 7 മുതൽ വൈകിട്ട് 7 വരെയുള്ള തുടർച്ചയായ 11 മണിക്കൂർ ജോലിക്ക് പകരം രണ്ട് ഷിഫ്റ്റുകളായി സമയം തിരിക്കണം.
വൈകിട്ട് 5.35ഓടെ മഗ്രിബ് ബാങ്ക് വിളിക്കുന്ന സമയത്ത് ഡ്യൂട്ടിയിലുള്ള ജീവനക്കാർക്ക് നോമ്പ് തുറക്കാനും പ്രാർത്ഥിക്കാനും സൗകര്യപ്രദമായ രീതിയിൽ ഷിഫ്റ്റുകൾ ക്രമീകരിക്കണം. ജോലി സമയം പുനഃക്രമീകരിക്കുന്നത് വഴി രോഗികൾക്ക് ലഭിക്കുന്ന ചികിത്സാ സൗകര്യങ്ങളിൽ കുറവുണ്ടാകില്ലെന്നും നിർദേശത്തിൽ എംപിമാർ സൂചിപ്പിച്ചു.
നിലവിലെ സംവിധാനത്തിൽ നോമ്പു തുറ സമയത്ത് കൃത്യമായ ഇടവേള ലഭിക്കാത്തതിനാൽ, രോഗികളെ പരിചരിക്കുന്നതിനിടയിൽ വളരെ ധൃതിപ്പെട്ടാണ് പല ജീവനക്കാരും നോമ്പ് തുറക്കുന്നത്. ഇത് ജീവനക്കാർക്ക് ശാരീരികവും മാനസികവുമായ പ്രയാസമുണ്ടാക്കുന്നുവെന്ന് അഹമ്മദ് ഖരാത്ത ചൂണ്ടിക്കാട്ടി.
നേരത്തെ രാവിലെയും വൈകിട്ടുമായി രണ്ട് ഷിഫ്റ്റുകൾ നിലവിലുണ്ടായിരുന്നുവെങ്കിലും പിന്നീട് അത് ഏകീകൃത സമയമാക്കുകയായിരുന്നു. എന്നാൽ റമദാൻ മാസത്തിൽ ഈ രീതി മാറ്റം വരുത്തണമെന്നാണ് മെഡിക്കൽ ജീവനക്കാരുടെ ആവശ്യം.
ബഹ്‌റൈനിലെ 27 ആരോഗ്യ കേന്ദ്രങ്ങളിൽ 9 എണ്ണം 24 മണിക്കൂറും പ്രവർത്തിക്കുന്നവയാണ്. പുതിയ നിർദ്ദേശം അംഗീകരിക്കപ്പെട്ടാൽ പകൽ സമയങ്ങളിൽ മാത്രം പ്രവർത്തിക്കുന്ന ഹെൽത്ത് സെന്ററുകളിലെ ജീവനക്കാർക്ക് ഇത് വലിയ ആശ്വാസമാകും. ഈ റമദാൻ മാസത്തിൽ തന്നെ മാറ്റങ്ങൾ നടപ്പിലാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

