ഭവന പുനരുദ്ധാരണ ധനസഹായം വർധിപ്പിക്കാൻ ശിപാർശ
text_fieldsകൗൺസിൽ അംഗം മുഹമ്മദ് ദറാജ്
മനാമ: രാജ്യത്തെ നഗര-ഗ്രാമ വികസന പദ്ധതിയുടെ ഭാഗമായി വീടുകൾ നവീകരിക്കുന്നതിനായി നൽകുന്ന ധനസഹായത്തിന്റെ പരിധി 10,000ൽനിന്ന് 13,000 ബഹ്റൈനി ദീനാറായി ഉയർത്താൻ തെക്കൻ മുനിസിപ്പൽ കൗൺസിൽ തീരുമാനം.
നിലവിൽ ഇത് ദീനാറാണ്. ഇതുസംബന്ധിച്ച മാർഗനിർദേശങ്ങളിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് മുനിസിപ്പാലിറ്റി കാര്യ-കാർഷിക മന്ത്രിക്ക് കത്ത് നൽകാൻ കൗൺസിൽ ഐകകണ്ഠ്യേന വോട്ട് ചെയ്തു. കൗൺസിൽ അംഗം മുഹമ്മദ് ദറാജ് അവതരിപ്പിച്ച നിർദേശത്തിനാണ് അംഗീകാരം ലഭിച്ചത്.
നിർമാണ സാമഗ്രികളുടെ വിലക്കയറ്റവും ജോലിക്കൂലി വർധനയും കാരണം പഴയ തുകകൊണ്ട് നവീകരണം പൂർത്തിയാക്കാൻ കഴിയുന്നില്ലെന്ന് മുഹമ്മദ് ദറാജ് ചൂണ്ടിക്കാട്ടി. സാധാരണക്കാരായ പൗരന്മാർക്ക് അധിക സാമ്പത്തിക ബാധ്യത വരുത്താതെ പദ്ധതി പൂർത്തിയാക്കാൻ ഈ തുകവർധന അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വീടിന്റെ കേടുപാടുകളുടെ വ്യാപ്തിയും വർധിച്ച ചെലവുകളും പരിഗണിച്ച് എക്സെപ്ഷൻ കമ്മിറ്റിയുടെ തീരുമാനപ്രകാരം മാത്രമായിരിക്കും ഉയർന്ന തുക അനുവദിക്കുക.
പെർമിറ്റ് ഫീസുകൾ, എൻജിനീയറിങ് ഡ്രോയിങ്ങുകൾ, മഴവെള്ളം തടയാനുള്ള ഇൻസുലേഷൻ തുടങ്ങിയ അനുബന്ധ ജോലികൾക്കും ഈ തുക സഹായകരമാകും. കുറഞ്ഞ വരുമാനക്കാരായ പൗരന്മാർക്ക് സുരക്ഷിതമായ വീടുകൾ ഉറപ്പാക്കുക എന്ന പദ്ധതിയുടെ ലക്ഷ്യം ഇതിലൂടെ വേഗത്തിൽ കൈവരിക്കാനാകും.
2012 മുതൽ ‘തകരാൻ സാധ്യതയുള്ള വീടുകൾ’ പുനർനിർമിക്കുന്ന പദ്ധതി നിർത്തിവെച്ച സാഹചര്യത്തിൽ, ഇത്തരം അത്യാഹിത കേസുകൾക്ക് നിലവിലെ നവീകരണ പദ്ധതി മാത്രമാണ് ആശ്രയം.
മുനിസിപ്പൽ നിയമങ്ങൾ പൗരന്മാർക്ക് നൽകുന്ന അധികാരം ഉപയോഗിച്ചാണ് കൗൺസിൽ ഈ ശിപാർശ സമർപ്പിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

