പൊതുഭവന യൂനിറ്റുകളിൽ ഇനിമുതൽ വെവ്വേറെ വൈദ്യുതി, ജല മീറ്ററുകൾക്ക് ശിപാർശ
text_fieldsമനാമ: ഒന്നിലധികം കുടുംബങ്ങൾ താമസിക്കുന്ന പൊതുഭവന യൂനിറ്റുകളിൽ വെവ്വേറെ വൈദ്യുതിയും ജലവും അളക്കുന്ന മീറ്ററുകൾ സ്ഥാപിക്കാൻ അനുവദിക്കണമെന്ന നിർദേശത്തിന് നോർത്തേൺ മുനിസിപ്പൽ കൗൺസിൽ ഏകകണ്ഠമായി അംഗീകാരം നൽകി. ദീർഘകാലമായി ഒരു ബിൽഡിങ്ങിൽ താമസിക്കുന്ന കൂട്ടുകുടുംബങ്ങളും മറ്റ് കുടുംബങ്ങളും നേരിടുന്ന ബില്ലിങ് തർക്കങ്ങൾ, ഉത്തരവാദിത്തമില്ലായ്മ, അമിതമായ ഉപഭോഗ ഭാരം എന്നിവ പരിഹരിക്കുന്നതിനാണ് ഈ നടപടി ലക്ഷ്യമിടുന്നത്. ഈ നിർദേശം മുനിസിപ്പാലിറ്റികാര്യ കൃഷിമന്ത്രി വഈൽ അൽ മുബാറക് വഴി ഔദ്യോഗികമായി വൈദ്യുതി, ജലകാര്യ മന്ത്രി യാസർ ഹുമൈദാന്റെ പരിഗണനക്ക് അയക്കും.
ഈ നീക്കം കുടുംബഭവനങ്ങളിലെ നീതിയും സുസ്ഥിരതയും ഉറപ്പാക്കാൻ അനിവാര്യമാണെന്ന് ഇതിന്റെ പിന്നിൽ പ്രവർത്തിച്ച കൗൺസിലർ അബ്ദുല്ല അൽ ഖുബൈസി അഭിപ്രായപ്പെട്ടു. ഒരൊറ്റ മീറ്റർ ഉള്ളത് ബിൽ അടക്കുന്നതിൽ ആശയക്കുഴപ്പവും ന്യായമല്ലാത്ത ചെലവും ഉണ്ടാക്കുന്നു. വെവ്വേറെ മീറ്ററുകൾ സുതാര്യത ഉറപ്പാക്കുകയും തർക്കങ്ങൾ കുറയ്ക്കുകയും ഉത്തരവാദിത്തമുള്ള ഉപഭോഗം പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഭവന യൂണിറ്റുകൾ ലഭിക്കാനുള്ള കാത്തിരിപ്പ് 20 വർഷത്തിലധികം നീണ്ടേക്കാം. അതുകൊണ്ടാണ് പല കുടുംബങ്ങളും ഒരുമിച്ച് താമസിക്കാൻ നിർബന്ധിതരാകുന്നത്. സ്വന്തമായി വീട് ലഭിക്കുന്നതുവരെ അവർക്ക്, അവർ യഥാർഥത്തിൽ ഉപയോഗിക്കുന്ന കറണ്ടിന്റെയും വെള്ളത്തിന്റെയും അളവ് എത്രയെന്ന് അറിയാനും അത് മാത്രം അടക്കാനും കഴിയുന്ന ഒരു നീതിയുക്തമായ സംവിധാനം നൽകാൻ നമുക്ക് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൗൺസിലർ മുഹമ്മദ് അൽ ദോസരി ഈ തീരുമാനത്തെ സ്വാഗതം ചെയ്യുകയും നിലവിലെ ഒറ്റ മീറ്റർ സംവിധാനം കുടുംബബന്ധങ്ങളിൽ ഭാരമാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

