ഗോൾഡൻ വിസ ലഭിക്കാനുള്ള റിയൽ എസ്റ്റേറ്റ് നിക്ഷേപ പരിധി കുറച്ചു
text_fieldsമനാമ: ബഹ്റൈനിൽ ഗോൾഡൻ വിസ ലഭിക്കാനുള്ള റിയൽ എസ്റ്റേറ്റ് നിക്ഷേപ പരിധി കുറച്ചു. രാജ്യത്തെ റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് ഉണർവേകാനും കൂടുതൽ വിദേശ നിക്ഷേപകരെ ആകർഷിക്കാനും ലക്ഷ്യമിട്ടാണിത്. ഇതുവരെ രണ്ട് ലക്ഷം ബഹ്‌റൈൻ ദീനാർ ആയിരുന്ന കുറഞ്ഞ നിക്ഷേപം ഇപ്പോൾ 130,000 ബഹ്‌റൈൻ ദീനാറായാണ് കുറച്ചത്. ദീർഘകാല താമസം, ബിസിനസ്, നിക്ഷേപം എന്നിവക്കുള്ള ഒരു പ്രാദേശിക കേന്ദ്രമായി ബഹ്‌റൈനെ ശക്തിപ്പെടുത്തുക എന്ന ദേശീയ തന്ത്രത്തിന്റെ ഭാഗമാണ് ഈ നീക്കം. നിക്ഷേപ പരിധി കുറച്ചതിലൂടെ, മത്സരാധിഷ്ഠിതമായി ആഡംബര പ്രോപ്പർട്ടികൾക്കുള്ള ആവശ്യം വർധിപ്പിക്കാനും റിയൽ എസ്റ്റേറ്റ് മേഖലയുടെ വളർച്ചയെ ഉത്തേജിപ്പിക്കാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബഹ്‌റൈനിലെ ആകർഷകമായ റിയൽ എസ്റ്റേറ്റ് വിപണിയുടെയും ഉയർന്ന ജീവിതനിലവാരത്തിന്റെയും പ്രയോജനം കൂടുതൽ വിദേശ നിക്ഷേപകർക്ക് ലഭിക്കാൻ ഈ തീരുമാനം സഹായിക്കും. ഈ മേഖലയിൽ സ്ഥിരതയും ദീർഘകാല അവസരങ്ങളും തേടുന്ന ആഗോള നിക്ഷേപകർക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള ബഹ്റൈന്‍റെ പ്രതിബദ്ധതയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്ന് നാഷനാലിറ്റി, പാസ്‌പോർട്ട്, റെസിഡൻസ് അഫയേഴ്‌സ് അണ്ടർ സെക്രട്ടറി ശൈഖ് ഹിശാം ബിൻ അബ്ദുർറഹ്മാൻ ആൽ ഖലീഫ പറഞ്ഞു.റിയൽ എസ്റ്റേറ്റ് ഉടമകൾക്ക് പുറമെ, പ്രതിമാസ ശമ്പളം 2,000 ദീനാറിലധികമുള്ള കഴിഞ്ഞ അഞ്ച് വർഷമായി ബഹ്‌റൈനിൽ ജോലി ചെയ്യുന്നവർക്കും ഗോൾഡൻ വിസക്ക് അപേക്ഷിക്കാൻ യോഗ്യതയുണ്ട്.
കൂടാതെ ബഹ്‌റൈനിൽ കുറഞ്ഞത് 15 വർഷം ജോലി ചെയ്യുകയും പ്രതിമാസം 2,000 ദീനാറോ അതിൽ കൂടുതലോ പെൻഷൻ ലഭിക്കുക, രാജ്യത്തിന് പുറത്തുള്ള പ്രതിമാസ പെൻഷൻ 4,000 ദീനാറിൽ കൂടുതൽ വാങ്ങുന്നവർ, സംരംഭകർ, ഉയർന്ന വൈദഗ്ധ്യമുള്ള പ്രഫഷനലുകൾ, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥക്ക് കാര്യമായ സംഭാവന നൽകുന്നവർ എന്നിവർക്കും അപേക്ഷിക്കാം.
ഗോൾഡൻ വിസ ഉടമകൾക്ക് ദീർഘകാല റെസിഡൻസി, ബിസിനസ് ആരംഭിക്കുന്നതിനുള്ള അനുകൂല സാഹചര്യം, ഒന്നിലധികം തവണ രാജ്യത്തേക്ക് പ്രവേശിക്കാനുള്ള അനുമതി, കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യാനുള്ള കഴിവ് തുടങ്ങിയ നിരവധി ആനുകൂല്യങ്ങൾ ലഭിക്കും. ഗോൾഡൻ വിസ പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി www.goldenresidency.gov.bh സന്ദർശിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

