റമദാൻ; രാജ്യത്ത് ഇറക്കുമതി ചെയ്തത് 38000ത്തിലധികം കന്നുകാലികളെ
text_fieldsമനാമ: റമദാനുമായി ബന്ധപ്പെട്ട് രാജ്യത്ത് ഇറക്കുമതി ചെയ്തത് 38000ത്തിലധികം കന്നുകാലികളെയെന്ന് മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രാലയ ഉദ്യോഗസ്ഥർ. വരും ദിവസങ്ങളിൽ 12000 കന്നുകാലികളെക്കൂടി രാജ്യത്തെത്തിക്കും. പുതിയതും ശീതീകരിച്ചതുമായ മാംസ വിഭവങ്ങളുടെ മതിയായ വിതരണം ഉറപ്പാക്കാനാണ് ഇറക്കുമതികൾ അധികരിപ്പിച്ചത്. റമദാനിൽ ഗാർഹിക ഉപയോഗത്തിനും റസ്റ്റാറന്റുകൾക്കും മാംസത്തിന്റെ ആവശ്യകത വർധിക്കുന്ന സാഹചര്യമാണ്.
അതുകൊണ്ട് വിപണി ആവശ്യങ്ങൾക്കനുസൃതമായി തയാറെടുപ്പുകൾ നേരത്തേ ആരംഭിക്കാനായി ഞങ്ങളെ പ്രേരിപ്പിച്ചെന്ന് കൃഷി, സമുദ്രവിഭവ വകുപ്പിന്റെ അണ്ടർ സെക്രട്ടറി അസം അബ്ദുല്ലത്തീഫ് അബ്ദുല്ല പറഞ്ഞു. ഇറക്കുമതി ചെയ്ത കന്നുകാലികൾ അസുഖബാധിതരല്ലെന്ന് ഉറപ്പാക്കാൻ നടത്തിയത് 4529ലധികം പരിശോധനകളാണ്. ആടുകളും ഒട്ടകങ്ങളും അടക്കം, 38000ത്തിലേറെ കന്നുകാലികളെയാണ് ബഹ്റൈനിലെത്തിച്ചത്.
വെറ്ററിനറി ക്വാറന്റൈൻ സെന്ററുകളിലാണ് ഇവയുടെ സുരക്ഷ സംബന്ധിച്ച പരിശോധന നടത്തിയത്. എല്ലാ ഷിപ്മെമെന്റുകൾക്കും ആരോഗ്യ പരിരക്ഷകളും ഹലാൽ സർട്ടിഫിക്കറ്റുകളും നിർബന്ധമാക്കിയിട്ടുണ്ട്. കന്നുകാലികൾ വരുന്ന രാജ്യത്തെ കാലികളിലെ അസുഖ വിവരങ്ങൾ പഠിച്ചശേഷമേ ഓർഡർ നൽകാവൂയെന്ന് വ്യാപാരികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. മാംസത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ അംഗീകൃത വ്യാപാരികളിൽനിന്നേ മാംസം വാങ്ങാവൂയെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

