ആരാധനയിലെ ആനന്ദം പഠിപ്പിച്ച റമദാൻ രാപ്പകലുകൾ
text_fieldsറഊഫ് കരൂപ്പടന്ന
ആ ബാല്യകാല നാളുകളിലേക്കൊന്ന് തിരിച്ചുപോകാൻ കഴിഞ്ഞിരുന്നെങ്കിൽ… ജീവിതത്തിൽ ഒരിക്കലെങ്കിലും അങ്ങനെ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല. ഓരോ റമദാൻ മാസത്തിലും ഗൃഹാതുരത്വത്തോടെ ആ ആഗ്രഹം മനസ്സിൽ ചിറകടിച്ചുയരും. പരിശുദ്ധ റമദാനിനെ അതിന്റെ ഗൗരവത്തോടെയും വിശുദ്ധിയോടെയും തീക്ഷ്ണതയോടെയും അനുഭവിച്ചറിയുന്നത് മുതിർന്നവരാണെങ്കിലും റമദാനിന്റെ രാപ്പകലുകൾ അവിസ്മരണീയമായ അനുഭവമാകുന്നത് കുട്ടികൾക്കുതന്നെയാണ്. വിശ്വാസത്തിന്റെയും ഭക്തിയുടെയും ആരാധനയുടെയും പൂമുഖത്ത് ഒന്നിച്ചിരുന്ന് പ്രാർഥനയിൽ മുഴുകുന്ന, ആരാധനയുടെ ആത്മനിർവൃതി പരസ്പരം പങ്കുവെക്കുന്ന നാളുകളായിരുന്നു കുട്ടിക്കാലത്തെ റമദാൻ രാപ്പകലുകൾ.
ബാങ്ക് വിളി കേൾക്കുമ്പോൾ മാത്രം പള്ളിയിലെത്തി നമസ്കരിച്ച് മടങ്ങുന്ന നാളുകളായിരുന്നില്ല അക്കാലം. നോമ്പുകാലത്തെ പ്രാർഥനാനിർഭരമായ ആ ഇഹ്തിക്കാഫുകളിലൂടെയാണ് പ്രാർഥനയിലെ പാരസ്പര്യവും സാമൂഹികതയും എന്താണെന്ന് ആദ്യമായി മനസ്സിലാക്കിയത്.
ക്ലാസ് മുറികളിലും കളിമൈതാനങ്ങളിലും മാത്രം ഒതുങ്ങിയിരുന്ന കൂട്ടായ്മകൾ പള്ളിയങ്കണത്തിലേക്ക് വഴിമാറുന്ന കാലം. റമദാനിൽ സ്കൂളില്ലാത്ത ദിവസങ്ങളിൽ ഉച്ചക്ക് മുമ്പേ പള്ളിയിലെത്തും. പരിശുദ്ധ ഖുർആൻ പാരായണം കഴിഞ്ഞ് ളുഹർ നമസ്കാരത്തിന്റെ നേരമാവുമ്പോഴേക്കും കൂട്ടുകാരെല്ലാം പള്ളിയിലുണ്ടാവും.
നമസ്കാരം കഴിഞ്ഞാലുടൻ അതിഥിയായി എത്തിയ ഏതെങ്കിലും പണ്ഡിതന്റെ പ്രഭാഷണം. അതുകഴിഞ്ഞ് കൂട്ടുകാരൊന്നിച്ച് ഖുർആൻ പാരായണത്തിന് പിന്നാലെ ചിലർക്ക് അൽപം ഉച്ചമയക്കം. മറ്റുചിലർ പള്ളിക്കുളത്തിന്റെ പടവുകളിൽ ചെന്നിരുന്ന് കാറ്റുകൊള്ളും. പള്ളിക്കുളത്തിൽ കണ്ണാടി പോലെ തെളിഞ്ഞുമയങ്ങുന്ന വെള്ളത്തിനടിയിൽ ബ്രാലും മുഷുവും കരിമീനും പാഞ്ഞുനടക്കുന്ന കൗതുകക്കാഴ്ച എത്രകണ്ടാലും മതിയാവില്ല.
നോമ്പുകാലത്ത് പള്ളിക്കുളത്തിലെയും ഹൗളിലെയും വെള്ളത്തിന് മുമ്പൊരിക്കലുമില്ലാത്തൊരു കുളിർമയുള്ളതുപോലെ. ഇടക്കിടക്ക് വുളുവെടുക്കാൻ തോന്നും (അതിന്റെ മറവിൽ നോമ്പിന്റെ ക്ഷീണം തീർക്കാൻ അൽപം വെള്ളം അകത്താക്കുന്ന വിരുതന്മാരുമുണ്ട്). അതാ, അസർ ബാങ്ക് മുഴങ്ങുന്നു. അസർ നമസ്കാരം കഴിയുമ്പോഴേക്ക് വിശപ്പും ദാഹവും അകത്ത് എരിപിരി കൊള്ളുന്നുണ്ടാവും. എങ്കിലും, ഇനി അധികം നേരമില്ലല്ലോ എന്ന് ആശ്വസിക്കും.
അപ്പോഴേക്ക് പള്ളിയുടെ പൂമുഖത്ത് 'ഉത്സാഹക്കമ്മിറ്റിക്കാർ' എത്തിയിരിക്കും. നോമ്പുതുറ വിഭവങ്ങൾ നിരത്താനുള്ള ഒരുക്കമാണ്. പച്ചയും മഞ്ഞയും ചുവപ്പും പ്ലാസ്റ്റിക് ഗ്ലാസുകളിൽ നാരങ്ങാവെള്ളം നിരക്കുന്നു. വീതിയേറിയ തളികയിൽ കാരക്കാ കഷണങ്ങൾ നിറയുന്നു. ഒപ്പം, മധുരനാരങ്ങയുടെ അല്ലികൾ… ഇതിലും ചെറുതായി അരിയാൻ ആർക്കും കഴിയില്ലെന്ന് തോന്നിക്കുന്ന ആപ്പിൾത്തുണ്ടുകൾ… (കട്ലറ്റും സമൂസയും ചിക്കൻ വിഭവങ്ങളും അറേബ്യൻ രുചികളുമൊന്നും അക്കാലത്ത് നാട്ടിൻപുറത്തെ പള്ളികളിൽ എത്തിയിരുന്നില്ലല്ലോ).
പിന്നെ കാത്തിരിപ്പിന്റെ നിമിഷങ്ങൾ. പള്ളിച്ചുമരിലെ കൂറ്റൻ ക്ലോക്കിലേക്കും നിരത്തിവെച്ച നാരങ്ങാവെള്ളക്കോപ്പകളിലേക്കും മാറിമാറി വീഴുന്ന കണ്ണുകൾ.
മഗ്രിബ് ബാങ്ക് വിളിക്കാൻ മുക്രി മൈക്കിൽ മുട്ടുന്ന ശബ്ദം കേട്ടാൽ മതി. ഗ്ലാസുകൾ കാലി. ഗ്ലാസ് രണ്ടാമതും നിറയ്ക്കാനുള്ള ഓട്ടമത്സരമാണ് അടുത്തത്. മുതിർന്നവർ നോമ്പുതുറ കഴിഞ്ഞ് നമസ്കാരത്തിന് അകത്തേപ്പള്ളിയിലേക്ക് കയറിക്കഴിഞ്ഞാലും കുട്ടികൾ പൂമുഖത്ത് ചുറ്റിപ്പറ്റിനിൽക്കും -ഒരു തുണ്ട് ആപ്പിളോ ഓറഞ്ചിന്റെ ഒരല്ലിയോ ബാക്കിയുണ്ടെങ്കിലോ എന്ന ഭാഗ്യപരീക്ഷണം.
പിന്നെ, ആദ്യ റക്കഅത്ത് തീരും മുമ്പേ ഇമാമിനൊപ്പം ജമാഅത്ത് കൂടാൻ അകത്തെ പള്ളിയിലേക്ക് അടുത്ത ഓട്ടമത്സരം. നമസ്കാരം കഴിഞ്ഞയുടൻ പള്ളിമുറ്റത്തേക്ക് അടുത്ത മാരത്തൺ. അണ്ടിപ്പരിപ്പും ഉണക്ക മുന്തിരിയുമിട്ട് കാച്ചിയ തരിക്കഞ്ഞി കുടിക്കാനുള്ള ക്യൂവിലും ആദ്യസ്ഥാനക്കാരായി ഇടംപിടിക്കാനാണ് ഓട്ടം. വീട്ടിൽനിന്ന് വിശാലമായ നോമ്പുതുറയും കഴിഞ്ഞ് ഇശാ നമസ്കാരത്തിന് പള്ളിയിൽ തിരിച്ചെത്തുമ്പോഴേക്ക് പകൽനേരത്തെ പരവശഭാവം വെടിഞ്ഞ് ഉഷാറായിട്ടുണ്ടാവും. സാധാരണ ദിവസങ്ങളിൽ രണ്ട് റക്കഅത്ത് നമസ്കരിക്കാൻപോലും മടികാട്ടുന്ന കുട്ടികൾ വരെ ഇശാഇന് പിന്നാലെ വിശ്വാസക്കൂട്ടായ്മയിൽ വരിചേർന്നുനിന്ന് തറാവീഹിന്റെ 20 റക്കഅത്ത് ആവേശത്തോടെ നമസ്കരിച്ച് തീർക്കും. തറാവീഹ് കഴിഞ്ഞ് സുലൈമാനിയും രുചിച്ച് കാരണവന്മാർ പള്ളിയുടെ പൂമുഖത്ത് വെടിവട്ടം പറഞ്ഞിരിക്കുമ്പോൾ ഉറക്കംതൂങ്ങുന്ന കണ്ണുകളുമായി കുട്ടികൾ ആ പഴങ്കഥകൾ കേട്ടിരിക്കും.
പിന്നെ, ഉപ്പയുടെ ടോർച്ച് വെട്ടത്തിൽനിന്ന് കണ്ണെടുക്കാതെ വീട്ടിലേക്കുള്ള മടക്കയാത്ര. പ്രാർഥനയിലെ ആനന്ദവും ആരാധനയിലെ ആഹ്ലാദവും അതുപോലെ തൊട്ടറിഞ്ഞകാലം വേറെ ഏതുണ്ടാവും?
ഈ റമദാനിലും കൊതിച്ചുപോവുന്നു, ആ ബാല്യകാല നോമ്പുദിനങ്ങളിലേക്കൊന്ന് തിരിച്ചുപോകാൻ...

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.