മഴക്കാല മുന്നൊരുക്കങ്ങൾ; മുഹറഖിലെ വെള്ളക്കെട്ട് പ്രശ്നങ്ങൾ പരിഹരിക്കാൻ ഊർജിത ശ്രമം
text_fields
മനാമ: വരാനിരിക്കുന്ന മഴക്കാലത്തിന് മുന്നോടിയായി, മുഹറഖ് ഗവർണറേറ്റിലെ കാലങ്ങളായുള്ള വെള്ളക്കെട്ട് പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഒരുക്കങ്ങൾ ശക്തമാക്കിയതായി അധികൃതർ അറിയിച്ചു. മുഹറഖ് മുനിസിപ്പൽ കൗൺസിൽ അംഗങ്ങളും തൊഴിൽ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും തമ്മിൽ നടന്ന അടിയന്തര യോഗത്തിൽ, വെള്ളക്കെട്ടിന് സാധ്യതയുള്ള പ്രധാന മേഖലകളിലെ ഡ്രെയിനേജ് പ്രശ്നങ്ങൾ പരിഹരിക്കുന്നതിലെ പുരോഗതി വിലയിരുത്തി.
മുഹറഖിലെ പതിവ് വെള്ളക്കെട്ട് ഉണ്ടാകുന്ന 50 സ്ഥലങ്ങളിൽ 13 എണ്ണം പൂർണമായും ശുചീകരിച്ചു. മൂന്ന് സ്ഥലങ്ങളിലെ ജോലികൾ ടെൻഡർ ഘട്ടത്തിലാണ്. ഒമ്പത് സ്ഥലങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ സജീവമായി നടക്കുകയാണ്. തൊഴിൽ മന്ത്രാലയം വെള്ളപ്പൊക്ക വെല്ലുവിളികളെ നേരിടുന്നതിൽ ശ്രദ്ധേയമായ മുന്നേറ്റം നടത്തിയതായി കൗൺസിൽ ആക്ടിങ് ചെയർമാൻ സാലിഹ് ബുഹാസ പറഞ്ഞു.
പ്രത്യേകിച്ച്, ഗലാലി, ഈസ്റ്റ് ഹിദ്ദ് തുടങ്ങിയ പുതിയ ഭവനനിർമാണ മേഖലകളിൽ അടിസ്ഥാനസൗകര്യ വികസനത്തിൽ സ്വീകരിച്ച ശരിയായ സമീപനമാണ് ഈ വിജയം നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, ഗവർണറേറ്റിലെ നിലനിൽക്കുന്ന മിക്ക വെള്ളക്കെട്ട് പ്രശ്നങ്ങൾക്കും കാരണം രണ്ട് പതിറ്റാണ്ട് മുമ്പ് നിർമിച്ച പഴയ ഭവനമേഖലകളാണ് എന്ന് ബുഹാസ ചൂണ്ടിക്കാട്ടി. നിർമിക്കുമ്പോൾ ഈ പ്രദേശങ്ങളിൽ ആവശ്യത്തിന് ഡ്രെയിനേജ് സംവിധാനം ഉണ്ടായിരുന്നില്ലെന്നും ചൂണ്ടിക്കാട്ടി. കൂടാതെ, പഴയ മുഹറഖിലെ ഇടുങ്ങിയ ഇടവഴികൾ ടാങ്കറുകൾക്കും ഉപകരണങ്ങൾക്കും പ്രവേശിക്കാൻ തടസ്സമുണ്ടാക്കുന്നതും ഒരു പ്രശ്നമായി അദ്ദേഹം എടുത്തുപറഞ്ഞു.
യുനെസ്കോയുടെ സംരക്ഷിതപ്രദേശമായ ഓൾഡ് മുഹറഖിലും ഇതേ നിലവാരത്തിലുള്ള വികസനം കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്ന് അൽ സയ്യിദ് പറഞ്ഞു. ദേശീയ മഴ പ്രതികരണ പദ്ധതിയിലുള്ള തങ്ങളുടെ വിശ്വാസം ഇരു ഉദ്യോഗസ്ഥരും ആവർത്തിച്ചു.
ഈ വർഷത്തെ ബഹ്റൈന്റെ മുന്നൊരുക്കങ്ങൾ മഴക്കാലത്ത് ഉണ്ടാകാനിടയുള്ള തടസ്സങ്ങളെ ഗണ്യമായി കുറക്കുമെന്ന ശുഭാപ്തിവിശ്വാസവും അവർ പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

