'റെയ്നി നൈറ്റ്' : അമ്മാർ അൽ ബന്നായി മുഖ്യ രക്ഷാധികാരി
text_fields‘റെയ്നി നൈറ്റ്’ ബ്രോഷർ മുഖ്യ രക്ഷാധികാരി അമ്മാർ അൽ ബന്നായിക്ക് ഗൾഫ് മാധ്യമം റസിഡന്റ് മാനേജർ ജലീൽ അബ്ദുല്ല കൈമാറുന്നു. കാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ ആന്റ് ഫോളോ അപ് ഡയറക്ടർ യൂസഫ് യാക്കൂബ് ലോറി, വൺ ബഹ്റൈൻ ഹോസ്പിറ്റാലിറ്റി പ്രതിനിധി ആന്റണി പൗലോസ്, ഗൾഫ് മാധ്യമം മാർക്കറ്റിങ് മാനേജർ ഷക്കീബ് വലിയ പീടികക്കൽ എന്നിവർ സമീപം
മനാമ: പവിഴ ദ്വീപിന് നവ്യാനുഭവമൊരുക്കി ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന 'റെയ്നി നൈറ്റ്' സംഗീത പരിപാടിയുടെ മുഖ്യ രക്ഷാധികാരിയായി ബഹ്റൈൻ പാർലമെന്റ് അംഗവും മനുഷ്യാവകാശ സമിതി അധ്യക്ഷനുമായ അമ്മാർ അൽ ബന്നായി. വ്യവസായിയും മാധ്യമ പ്രവർത്തകനുമായ അദ്ദേഹം വാർത്ത വിതരണ മന്ത്രാലയത്തിൽ പ്രൊഡ്യൂസറായും മുതിർന്ന അവതാരകനായും പ്രവർത്തിച്ചിട്ടുണ്ട്.
ഗൾഫ്, അറബ്, അന്താരാഷ്ട്ര വേദികളിൽ ബഹ്റൈനെ പ്രതിനിധാനം ചെയ്ത് നിരവധി കായിക, യുവജന ദൗത്യങ്ങളിൽ പങ്കെടുത്തു. തുനീഷ്യയിൽ നടന്ന അറബ് റേഡിയോ, ടി.വി മീറ്റിങ്ങുകളിലും രാജ്യത്തെ പ്രതിനിധാനം ചെയ്തു. വിവിധ സ്പോർട്സ് അസോസിയേഷനുകൾ, ക്ലബ്ബുകൾ, യൂത്ത് അസോസിയേഷനുകൾ എന്നിവയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന അമ്മാർ അൽ ബന്നായി ജീവകാരുണ്യ പ്രവർത്തന മേഖലയിലും ദുരിത ബാധിത രാജ്യങ്ങൾക്കുള്ള ദുരിതാശ്വാസ കാമ്പയിനുകളിലും സജീവമായി പങ്കെടുക്കാറുണ്ട്. ബഹ്റൈനിലെ പ്രമുഖ ടെലികോം സേവന ദാതാക്കളായ 'സെയിൻ' മുഖ്യ പ്രായോജകരായ പരിപാടി മേയ് 27ന് ക്രൗൺ പ്ലാസയിലാണ് അരങ്ങേറുക.
കോൺവെക്സ് കോർപറേറ്റ് ഇവന്റ്സ് കമ്പനിയുടെ ബാനറിൽ നടക്കുന്ന പരിപാടിയിൽ സംഗീത വിരുന്നൊരുക്കാൻ പ്രശസ്ത പിന്നണി ഗായിക സിതാര കൃഷ്ണകുമാറും ഗായകൻ ഹരീഷ് ശിവരാമകൃഷ്ണനും മെന്റലിസ്റ്റ് ആദിയുമാണ് എത്തുന്നത്.