രാഹുൽ ഗാന്ധിയുടെ അറസ്റ്റ്; ഐ.വൈ.സി.സി ബഹ്റൈൻ പ്രതിഷേധിച്ചു
text_fieldsരാഹുൽ ഗാന്ധി
മനാമ: തെരഞ്ഞെടുപ്പുകളിലെ ക്രമക്കേടുകൾ ആരോപിച്ച് ഇലക്ഷൻ കമീഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും മറ്റ് പ്രതിപക്ഷ പാർലമെന്റ് അംഗങ്ങളെയും അറസ്റ്റ് ചെയ്ത സംഭവത്തിൽ ഇന്ത്യൻ യൂത്ത് കൾചറൽ കോൺഗ്രസ്, ഐ.വൈ.സി.സി ബഹ്റൈൻ ശക്തമായി പ്രതിഷേധിച്ചു. ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാറിന്റെ ശ്രമങ്ങൾക്കെതിരെ പോരാടുന്ന നേതാക്കൾക്ക് പൂർണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി സംഘടന അറിയിച്ചു.
'വോട്ടുകൊള്ള'ക്കെതിരെ ശബ്ദമുയർത്തിയതിനാണ് രാഹുൽ ഗാന്ധിയെയും 'ഇൻഡ്യ' മുന്നണിയിലെ മറ്റ് നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തത്. വോട്ട് മോഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാൻ 'വോട്ട് ചോരി' എന്ന പേരിൽ ഒരു വെബ്സൈറ്റും അദ്ദേഹം ആരംഭിച്ചിരുന്നു. ജനാധിപത്യപരമായ പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ ഒരു ജനാധിപത്യ രാജ്യത്തിന് നല്ലതല്ലെന്ന് ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറർ ബെൻസി ഗനിയുഡ് എന്നിവർ പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
രാഹുൽ ഗാന്ധിക്കും ഇന്ത്യ മുന്നണിക്കും ഈ വിഷയത്തിൽ പൂർണ പിന്തുണ നൽകുമെന്നും ജനാധിപത്യമൂല്യങ്ങൾ സംരക്ഷിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ പൂർണമായും തയാറാവണമെന്നും ഭരണഘടനയുടെ അന്തഃസത്ത കാത്തുസൂക്ഷിച്ച് നിഷ്പക്ഷമായി പെരുമാറി തെരഞ്ഞെടുപ്പിൽ സുതാര്യത ഉറപ്പുവരുത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

