ഖുർആൻ പാരായണ മത്സരം: അൽ നൂർ ഇന്‍റർനാഷനൽ സ്കൂളിന് ബഹ്റൈൻ ഇസ്‌ലാമിക കാര്യ മന്ത്രാലയത്തിന്‍റെ ആദരം
text_fieldsവിദ്യാർഥികൾക്കായി ഖുർആൻ പാരായണ മത്സരം സംഘടിപ്പിക്കുന്നതിന് ഇസ്‌ലാമിക കാര്യ മന്ത്രാലയത്തിന്‍റെ ആദരം നീതിന്യായ, ഇസ്‌ലാമിക കാര്യ അണ്ടർ സെക്രട്ടറി ജസ്റ്റിസ് ഈസ സാമി അഹ്മദ് അൽ മന്നായി അൽ നൂർ ഇന്റർനാഷനൽ സ്കൂൾ ചെയർമാൻ അലി ഹസന് കൈമാറുന്നു
മനാമ: ഖുർആൻ പാഠ്യ രീതിയിൽ വേറിട്ട മത്സരരീതി അവലംബിച്ച അൽ നൂർ ഇന്‍റർനാഷനൽ സ്കൂളിന് ഇസ്‌ലാമിക കാര്യ മന്ത്രാലയത്തിന്‍റെ ആദരം. സ്കൂളിനുള്ള ബഹുമതിയായി ചെയർമാൻ അലി ഹസന് ബഹ്റൈൻ ഇസ്‌ലാമിക് കാര്യ മന്ത്രാലയത്തിൽ വെച്ച് നീതിന്യായ, ഇസ്‌ലാമിക കാര്യ അണ്ടർ സെക്രട്ടറി ജസ്റ്റിസ് ഈസ സാമി അഹ്മദ് അൽ മന്നായി ഉപഹാരം നേരിട്ട് നൽകിയാണ് ആദരിച്ചത്.
വിദ്യാഭ്യാസ രീതികളിൽ ഖുർആൻ ആദരവോടെയും ഉത്സാഹത്തോടെയും പഠിപ്പിക്കേണ്ടതിന്‍റെ പ്രാധാന്യത്തെ പ്രോത്സാഹിപ്പിക്കുന്ന അൽ നൂർ സ്കൂളിന്‍റെ ശ്രമങ്ങളെ അൽ മന്നായി പ്രശംസിച്ചു.
വിദ്യാർഥികൾക്ക് ഖുർആനെയും അത് പഠിക്കാനുള്ള താൽപര്യങ്ങളെയും ഇഷ്ടപ്പെടാനും ബഹുമാനിക്കാനും കാരണമാകുന്ന രീതിയിൽ എല്ലാ വർഷവും സ്കൂളിൽ നടത്തപ്പെടുന്ന ഖുർആൻ മത്സരങ്ങളെ അംഗീകരിച്ച അൽ മന്നയി മത്സരത്തെയും അവാർഡ് ദാന സമ്പ്രദായത്തെയും വിജയികളെയും പ്രശംസിച്ചു. മത്സര നടത്തിപ്പുകാരെയും വിജയികളായ വിദ്യാർഥികൾക്ക് പ്രോത്സാഹനം നൽകുന്നവർക്കും നന്ദി അറിയിച്ച അദ്ദേഹം മത്സരത്തിലൂടെ പഠിച്ചെടുക്കുന്ന ഖുർആന്‍റെ മൂല്യങ്ങൾ വിദ്യാർഥികളുടെ സ്കൂൾ ജീവിതത്തിൽ മാത്രമല്ല അവരുടെ കുടുംബങ്ങളിലും അവർ പ്രതിനിധീകരിക്കുന്ന സമൂഹത്തിലും എങ്ങനെ സ്വാധീനിക്കുമെന്നും ചൂണ്ടിക്കാട്ടി.
എല്ലാ വർഷവും 5000ത്തോളം വിദ്യാർഥികളാണ് ഖുർആൻ മത്സരത്തിൽ പങ്കെടുക്കുന്നത്. ഖുർആൻ പാരായണം, പാരായണ നിയമം, മനഃപ്പാഠം എന്നിങ്ങനെ മൂന്ന് കാറ്റഗറികളിലായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. 250 പേർക്ക് സമ്മാനങ്ങൾ ലഭിക്കുന്ന രീതിയിലാണ് റിസൽട്ടും തയ്യാറാക്കുന്നത്.
ബഹ്റൈനിൽ സ്വന്തം സ്ഥാപനത്തിൽ പഠിക്കുന്ന വിദ്യാർഥികൾക്കായി ഇത്തരത്തിൽ വിപുലമായി ഖുർആൻ പാരായാണ മത്സരം സംഘടിപ്പിക്കുന്നതിന്‍റെ ഖ്യാതി അൽ നൂർ സ്കൂളിന് സ്വന്തമാണ്. മറ്റു സ്കൂളുകളിൽ സമാന മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ടെങ്കിലും നടത്തിപ്പിലും പ്രോത്സാഹനത്തിലും സഹകരണത്തിലും അൽ നൂറിന്‍റെ സാന്നിധ്യം വേറിട്ടു നിൽക്കുന്നുണ്ട്. വർഷങ്ങളായി നടത്തി വരുന്ന ഈ മത്സര രീതിയിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും മികച്ച അഭിപ്രായങ്ങളാണ് പങ്കുവെക്കാനുള്ളത്.
1993ലാണ് അൽ നൂർ സ്കൂൾ ബഹ്റൈനിൽ സ്ഥാപിതമാകുന്നത്. ചെയർമാൻ അലി ഹസന്‍റെ ദീർഘവീക്ഷണവും മികച്ച വിദ്യാഭ്യാസ കരിക്കുലവും സ്കൂളിന്‍റെ ഖ്യാതി വർധിപ്പിക്കുകയായിരുന്നു. ബഹ്റൈൻ, ബ്രിട്ടീഷ് കരിക്കുലത്തിന് പുറമേ ഇന്ത്യയുടെ സി.ബി.എസ്.ഇ എന്നിവ പാഠ്യപദ്ധതിയിലുള്ള ബഹ്റൈനിലെ ഒരേയൊരു സ്ഥാപനവും അൽ നൂർ ഇന്‍റർനാഷനൽ സ്കൂളാണ്. അമേരിക്ക, ബ്രിട്ടൻ, ഇന്ത്യ, പാകിസ്താൻ തുടങ്ങി 40 ഓളം രാജ്യങ്ങളിലെ വിദ്യാർഥികൾ സ്കൂളിൽ പഠിതാക്കളായുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

