ക്വാറന്റീൻ പിൻവലിച്ചത് ബഹ്റൈനിലെ പ്രവാസികൾക്ക് ആശ്വാസം
text_fieldsമനാമ: ബഹ്റൈനടക്കം 82 രാജ്യങ്ങളിൽനിന്ന് യാത്രക്കാർക്കുള്ള നിർബന്ധിത ക്വാറൻറീൻ ഇന്ത്യ പിൻവലിച്ച നടപടി ബഹ്റൈനിലെ പ്രവാസികൾക്ക് ആശ്വാസമാകുമെന്ന് വിലയിരുത്തൽ.
നിലവിൽ നാട്ടിലേക്ക് പോകുന്ന വർ യാത്രക്ക് മുമ്പ് ആർ.ടി.പി.സി.ആർ ടെസ്റ്റ് എടുക്കുകയും നെഗറ്റീവ് സർട്ടിഫിക്കറ്റ് എയർപോർട്ടിൽ ഹാജരാക്കുകയും ചെയ്യണമായിരുന്നു. കൂടാതെ നാട്ടിൽ എത്തിയതിനുശേഷം ഏഴു ദിവസത്തെ നിർബന്ധിത ക്വാറൈന്റനിൽ പോകണമായിരുന്നു. ശേഷം എട്ടാം ദിവസം ആർ.ടി.പി.സി.ആർ പരിശോധനയും വേണ്ടിയിരുന്നു. ഇതാണ് പുതിയ നിർദേശത്തിലൂടെ കേന്ദ്ര സർക്കാർ ഒഴിവാക്കിയത്. നാട്ടിൽ എത്തിയതിനുശേഷം ഏഴു ദിവസത്തെ നിർബന്ധിത ക്വാറൻ്റൈൻ ഒഴിവാക്കിയത് പ്രവാസികളെ സംബന്ധിച്ചിടത്തോളം വളരെ വലിയ ആശ്വാസമാണ്. കുറഞ്ഞ ദിവസത്തെ അവധിക്ക് വരുന്ന പ്രവാസി യാത്രക്കാരുടെ മാനസികസമ്മർദ്ദം ഇല്ലാതാക്കാൻ പുതിയ നടപടിയിലൂടെ കഴിയും.
ഇന്ന് പ്രഖ്യാപിച്ച പുതിയ കോവിഡ് 19 ട്രാവൽ പ്രോട്ടോകോൾ പ്രകാരം ഇന്ത്യയിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാർ 14 ദിവസത്തേക്ക് അവരുടെ ആരോഗ്യം സ്വയം നിരീക്ഷിക്കണം.
കോവിഡ് 19 ന്റെ ഏതെങ്കിലും ലക്ഷണങ്ങൾ കാണിക്കുന്ന സാഹചര്യത്തിൽ യാത്രക്കാർ ഐസൊലേറ്റ് ചെയ്യണമെന്ന് ഇന്ത്യൻ ആരോഗ്യമന്ത്രാലയം കൂട്ടിച്ചേർത്തു. ഫെബ്രുവരി 14 മുതൽ പുതിയ മാർഗനിർദേശങ്ങൾ പ്രാബല്യത്തിൽ വരും.
രോഗലക്ഷണങ്ങളുള്ളതായി കണ്ടെത്തുന്ന അന്തർദേശീയ യാത്രക്കാരെ ആരോഗ്യ പ്രോട്ടോകോൾ പ്രകാരം ഐസൊലേറ്റ് ചെയ്യും. വിമാനത്താവളത്തിൽ യാത്രക്കാരെ റാൻഡം പരിശോധനയ്ക്ക് വിധേയരാക്കും. ഇന്ത്യയിലേക്കുള്ള വിമാനത്തിൽ കയറുന്നതിനുമുമ്പ്, യാത്രക്കാർ ഫോറം പൂരിപ്പിച്ച് കഴിഞ്ഞ 14 ദിവസത്തെ യാത്രാവിവരങ്ങൾ ഉൾപ്പെടെ എയർ സുവിധ പോർട്ടലിൽ അപ്ലോഡ് ചെയ്യണം.
കൂടാതെ, ഓൺലൈനായി സമർപ്പിച്ച ഫോമിന്റെ പ്രിന്റൗട്ട് എടുക്കണം.
യാത്ര ആരംഭിക്കുന്നതിന് 72 മണിക്കൂർ മുമ്പ് കോവിഡ് പരിശോധന നടത്തിയിരിക്കണം. ക്വാറന്റീൻ പിൻവലിച്ച നടപടി ബഹ്റൈനിലെ വിവിധ സംഘടനകൾ സ്വാഗതം ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.