അക്കൗണ്ടന്റുമാരുടെയും ഓഡിറ്റർമാരുടെയും യോഗ്യത
text_fieldsമനാമ: തൊഴിൽ വിസകൾ നൽകുന്നതിനു മുമ്പ് പ്രവാസികളായ അക്കൗണ്ടന്റുമാരുടെയും ഓഡിറ്റർമാരുടെയും യോഗ്യത കർശന പരിശോധനക്ക് വിധേയമാക്കണമെന്ന ആവശ്യവുമായി എം.പിമാർ. അപര്യാപ്തമായ പരിശോധനകൾമൂലം യോഗ്യതയില്ലാത്ത നിയമനങ്ങൾ മേഖലയിൽ നടക്കുന്നതായി കിട്ടിയ വിവരത്തെത്തുടർന്നാണ് നിർദേശം.
എന്നാൽ, നിലവിലുള്ള പരിശോധന സംവിധാനം പ്രഫഷനൽ മാനദണ്ഡങ്ങളടങ്ങിയതാണെന്നാണ് ലേബർ റെഗുലേറ്ററി അതോറിറ്റിയുടെ (എൽ.എം.ആർ.എ) വാദം. നിയമിക്കാനുദ്ദേശിക്കുന്നവരെക്കുറിച്ചുള്ള ശരിയായ വിവരങ്ങൾ ലഭിക്കാത്തത് അവരെക്കുറിച്ച് പൂർണമായി അറിയുന്നതിനെ ബാധിക്കുന്നുണ്ടെന്ന് എം.പി ജലീല അലവി പറഞ്ഞു. ഈ തസ്തികളിൽ എത്രപേർ ജോലി ചെയ്യുന്നു എന്നത് അവ്യക്തമാണ്, കാരണം അവരുടെ വിദ്യാഭ്യാസ യോഗ്യത ആ ജോലിക്ക് അനുയോജ്യമാകണമെന്ന മാനദണ്ഡം നമ്മുടെ നിയമങ്ങളിലില്ല. അതുകൊണ്ട് ഈ മേഖലയിൽ അനുയോജ്യരല്ലാത്ത നിരവധി പേർ ജോലിചെയ്യുന്നുവെന്നും അവർ പറഞ്ഞു. പെർമിറ്റുകൾ നൽകുന്നതിന്റെ മുമ്പ് എൽ.എം.ആർ.എ അവരുടെ വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും പരിശോധിക്കണമെന്ന് നിർദേശത്തെ അനുകൂലിച്ച എം.പിമാരും പറഞ്ഞു.
ഈ മേഖലയിലെ മാത്രമല്ല, സ്പെഷലിസ്റ്റുകളുടെ പെർമിറ്റ് ആവശ്യമുള്ള എല്ലാ തൊഴിലുടമകളും ആദ്യം ബന്ധപ്പെട്ട ഇടങ്ങളിൽനിന്ന് ലൈസൻസിന് അനുമതി തേടണം, അവർ ലൈസൻസ് നൽകുന്നതിന് മുമ്പ് കൃത്യമായി അക്കാദമിക് രേഖകൾ പരിശോധനക്ക് വിധേയമാക്കുന്നുണ്ടെന്ന് എൽ.എം.ആർ.എയും വ്യക്തമാക്കി. പാർലമെന്റ് സേവനസമതി നിർദേശം തുടർ അനുമതികൾക്കായി അയച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

