ഖത്തർ അമീറും ബഹ്റൈൻ കിരീടാവകാശിയും കൂടിക്കാഴ്ച നടത്തി
text_fieldsഖത്തർ അമീറും ബഹ്റൈൻ കിരീടാവകാശിയും കൂടിക്കാഴ്ചക്കിടെ
മനാമ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസം അമീരി ദിവാനിൽ വെച്ചായിരുന്നു ഇരുവരും കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയിൽ ഖത്തർ -ബഹ്റൈൻ ഉഭയകക്ഷി ബന്ധങ്ങളും ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദങ്ങളും അവ മെച്ചപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും ഇരുനേതാക്കളും പങ്കുവെച്ചു. കൂടാതെ, പ്രാദേശികവും അന്തർദേശീയവുമായ പൊതുതാൽപര്യമുള്ള വിഷയങ്ങളും ചർച്ചയായി.
കൂടിക്കാഴ്ചയിൽ ഖത്തർ ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽഥാനി, ആഭ്യന്തര മന്ത്രിയും ലെഖ്വിയ കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനി, അമീരി ദിവാൻ ചീഫ് അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ മുബാറക് അൽ ഖുലൈഫി, മറ്റു മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. ബഹ്റൈന്റെ ഭാഗത്തുനിന്ന് ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ, ആഭ്യന്തര മന്ത്രി ശൈഖ് റാഷിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ, പ്രൈം മിനിസ്റ്റർ കോർട്ട് മന്ത്രി ശൈഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവരും പങ്കെടുത്തു. കൂടിക്കാഴ്ചക്കു ശേഷം ബഹ്റൈൻ കിരീടാവകാശിക്ക് അമീർ വിരുന്നും ഒരുക്കിയിരുന്നു.
നേരത്തേ കൂടിക്കാഴ്ചയുടെ തുടക്കത്തിൽ, ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ ആശംസകൾ കിരീടാവകാശി അമീറിനെ അറിയിച്ചു. ഖത്തർ അമീറിനും രാജ്യത്തെ ജനങ്ങൾക്കും കൂടുതൽ പുരോഗതിയും അഭിവൃദ്ധിയും അദ്ദേഹം നേർന്നു. തുടർന്ന് ഇരു നേതാക്കളും റമദാൻ ആശംസകൾ കൈമാറി. ചൊവ്വാഴ്ച രാവിലെ ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയെയും പ്രതിനിധി സംഘത്തെയും ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽഥാനി സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

