സർക്കാർ സഹായം ആശ്വാസം –പി.യു. ചിത്ര ഇന്ത്യൻ താരങ്ങളുടെ ആശങ്കകൾ വിദേശ പരിശീലകർ അറിയുന്നില്ല
text_fieldsമനാമ: പരിശീലനം, ഭക്ഷണം എന്നിവക്കായി കേരള സര്‍ക്കാര്‍ അനുവദിച്ച സ്‌കോളര്‍ഷിപ്പ് വലിയ ആശ്വാസമാണെന്ന് കായിക കേരളത്തിെൻറ അഭിമാനമായ അത്‌ലറ്റ് പി.യു.ചിത്ര പറഞ്ഞു. ഹ്രസ്വ സന്ദര്‍ശനാര്‍ഥം ബഹ്‌റൈനിലെത്തിയ ചിത്ര മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു. കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വഴി ഡോ. എ.പി.ജെ അബ്ദുല്‍ കലാം സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍ ഉള്‍പ്പെടത്തിയാണ് സ്‌കോളര്‍ഷിപ്പ് അനുവദിച്ചത്. പാലക്കാട് മുണ്ടൂര്‍ സ്വദേശിയായ ചിത്ര ‘വോയ്‌സ് ഓഫ് പാലക്കാടിെൻറ’ ഒാണാഘോഷ പരിപാടിയില്‍ മുഖ്യാതിഥിയായാണ് ബഹ്‌റൈനില്‍ എത്തിയത്. 2017 ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടിയതിെൻറ തിളക്കവുമായാണ് ചിത്രയുടെ ബഹ്‌റൈന്‍ സന്ദര്‍ശനം.പരിശീലകനും മുണ്ടൂര്‍ ഹയര്‍ സെക്കൻററി സ്‌കൂള്‍ കായികാധ്യാപകനുമായ എന്‍.എസ്.സിജിനും ചിത്രയോടൊപ്പമുണ്ട്. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ സംഘത്തില്‍ പങ്കാളിത്തം ഇല്ലാതെ പോയതിനു പിന്നില്‍ വിദേശ കോച്ചിെൻറ കടുംപിടുത്തം കാരണമായെന്ന് അവര്‍ പറഞ്ഞു. ബിരുദാനന്തര പരീക്ഷ എഴുതുന്നതിനായി ക്യാമ്പില്‍ നിന്ന് അനുമതിയില്ലാതെ പോയി എന്ന കാരണം പറഞ്ഞ കോച്ച്, സംഘത്തില്‍ ഉള്‍പ്പെടുത്താതിരിക്കുകയായിരുന്നു.നിലവിലുള്ള സാഹചര്യത്തിൽ കായിക രംഗത്തു മാത്രം പ്രതീക്ഷയര്‍പ്പിച്ചു മുന്നോട്ടു പോകാന്‍ സാധാരണക്കാർക്കാകില്ല. ഒരു ചെറിയ പരിക്കുകൊണ്ട് രംഗം വിടേണ്ടി വരുന്നവരാണ് കായിക താരങ്ങള്‍ ഏറെയും. യോഗ്യതയില്ലെങ്കിൽ ജോലി കിട്ടില്ല. അതിനാലാണ് പരിശീലനത്തിൽ നിന്ന് താൽക്കാലികമായി വിട്ടുനിന്ന് പരീക്ഷ എഴുതാൻ പോയത്. താരങ്ങളുടെ വിദ്യാഭ്യാസം പോലുള്ള കാര്യങ്ങളിലുള്ള അഭ്യര്‍ഥനകള്‍ പലപ്പോഴും പരിഗണിക്കപ്പെടാതെ പോവുകയാണ്. വിദേശ കോച്ചുകൾക്ക് ഇവൻറുകൾ മാത്രമാണ് ലക്ഷ്യം. കഠിന പരിശീലനമാണ് അവർക്കു കീഴില്‍ നടക്കുന്നതെന്ന കാര്യത്തിൽ സംശയമില്ല. നമ്മൾ ജോലി പോലുള്ള കാര്യങ്ങളെ കുറിച്ച് ആശങ്കകൾ പങ്കുവെക്കുന്നത് അവർക്ക് മനസിലാകാറില്ല. കോച്ചിങ് ക്യാമ്പില്‍ നിന്നു തന്നെ പലരും പരിക്കുകളോടെ പിന്‍മാറേണ്ടി വരികയാണ്. വിദേശികളുടെ ശാരീരിക ക്ഷമതയിൽ നിന്നും വ്യത്യസ്തരായ ഇന്ത്യന്‍ താരങ്ങൾ ഇത്തരം ക്യാമ്പുകളില്‍ പരീക്ഷണ വസ്തുക്കളാക്കി മാറുന്ന അവസ്ഥ പോലുമുണ്ട്.
ഇപ്പോള്‍ ജോലി നല്‍കാന്‍ കേരള സര്‍ക്കാര്‍ സന്നദ്ധമാണെങ്കിലും അത് അത്‌ലറ്റിക്‌സില്‍ നിന്ന് പിന്നോട്ടു പോകാന്‍ കാരണമാകും എന്ന് സർക്കാറിന് തന്നെ അഭിപ്രായമുള്ളതിനാലാണ് നടപടികള്‍ തുടരാതിരിക്കുകയാണ്. റെയിൽവെ ജോലി നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.അത്‌ലറ്റിക് ഫെഡറേഷനില്‍ ഉത്തരേന്ത്യന്‍ മേധാവിത്തം നിലനില്‍ക്കുന്നുണ്ട്. അത് ദക്ഷിണേന്ത്യയിൽ നിന്നുള്ളവർക്ക് അനുകൂലമല്ലാത്ത അവസ്ഥയുണ്ടാക്കുന്നുണ്ട്. കേരളത്തില്‍ സ്‌പോട്‌സ് മെഡിസിന്‍ രംഗത്ത് നല്ല പുരോഗതി ദൃശ്യമായിട്ടുണ്ട്. അലോപ്പതി മരുന്നുകളുടെ ഉപയോഗംമൂലം താരങ്ങള്‍ അറിയാതെ നിരോധിത രാസ പദാര്‍ഥങ്ങള്‍ ശരീരത്തില്‍ എത്താന്‍ സാധ്യതയുണ്ട്. ഇപ്പോള്‍ കായിക താരങ്ങള്‍ക്കായി ആയുര്‍വേദത്തിെൻറ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നത് ആശ്വാസമാണ്. ചിത്രയുടെ പ്രകടനം ഒാരോ വർഷം കഴിയുന്തോറും മെച്ചപ്പെട്ടു വരികയാണെന്നും ഇപ്പോഴത്തെ പ്രകടനത്തിെൻറ പുരോഗതി നിലനിർത്തി 2018ലെ കോമണ്‍വല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ്, 2020 ലെ ഒളിമ്പിക്‌സ് എന്നിവക്കുവേണ്ടിയാണ് പരിശീലനം തുടരുന്നതെന്ന് കോച്ച് സിജിൻ പറഞ്ഞു.ഫിനിഷിങ്ങ് പോയൻറിലേക്ക് റെക്കോഡ് വേഗത്തിലെത്താനുള്ള പുതിയ പരിശീലനങ്ങൾ നടക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടി നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മതിയായ സ്വീകരണം ലഭിച്ചില്ലെന്ന പ്രചാരണം ശരിയല്ല. തിരിച്ചു നേരെ ഊട്ടിയിലെ ക്യാമ്പിലേക്കു പോകാനായിരുന്നു പദ്ധതിയിട്ടത്. എന്നാല്‍ എയര്‍പോര്‍ട്ടില്‍ െവച്ചാണ് വീട്ടില്‍ പോയി വരാനുള്ള അനുമതി ലഭിച്ചത്. തുടര്‍ന്ന് മുന്നറിയിപ്പില്ലാതെ വീട്ടില്‍ എത്തുകയായിരുന്നു. പിന്നീട് ജന പ്രതിനിധികളും നാട്ടുകാരും വീട്ടിലെത്തി അനുമോദിച്ചതായും ചിത്ര പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
