ക്യാപിറ്റൽ ഗവർണറേറ്റിൽ വികസന പദ്ധതികൾ പ്രഖ്യാപിച്ച് പൊതുമരാമത്ത് മന്ത്രി
text_fieldsഇബ്രാഹിം അൽ ഹവാജ്
മനാമ: ക്യാപിറ്റൽ ഗവർണറേറ്റിലെ നാലാം മണ്ഡലത്തിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നിരവധി പദ്ധതികൾ പ്രഖ്യാപിച്ച് പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം അൽ ഹവാജ്. ജുഫൈർ, അദ്ലിയ, ഉമ്മുൽ ഹസം, മിന സൽമാൻ, ഗുറൈഫ എന്നിവിടങ്ങളിലെ വികസന പദ്ധതികളാണ് മന്ത്രി വിശദീകരിച്ചത്.
പാർലമെന്റിന്റെ വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷ കമ്മിറ്റി ചെയർമാനും ഏരിയ എം.പിയുമായ ഹസ്സൻ ബുഖമ്മാസിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ശുചിത്വ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട പദ്ധതികൾ മികച്ച രീതിയിൽ ഗവർണറേറ്റിൽ നടപ്പാക്കുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പദ്ധതിയുടെ ഭാഗമായി 112 പ്രോപ്പർട്ടികളിലും റോഡുകളിലും മലിനജല സംവിധാനം സ്ഥാപിക്കുന്ന പദ്ധതിയുടെ 80 ശതമാനം പൂർത്തിയാക്കിയതായി മന്ത്രി വ്യക്തമാക്കി. അൽ ഫത്തേഹ് ഹൈവേയുടെ നവീകരണം പൂർത്തിയാക്കിയതായും മന്ത്രി വിശദീകരിച്ചു. എക്സിബിഷൻ അവന്യൂവിലെ വടക്കു ഭാഗത്തെ പ്രവേശന കവാടം മുതൽ മിന സൽമാൻ ഇന്റർസെക്ഷൻ തെക്കുഭാഗം വരെയാണ് നവീകരിച്ചത്. ശൈഖ് ദൈജ് അവന്യൂ, ഗൾഫ് ഹോട്ടൽ ബഹ്റൈൻ, അൽ ഫത്തഹ് ഗ്രാൻഡ് മോസ്ക് എന്നിവയുൾപ്പെടെയുള്ള പ്രധാന ജങ്ഷനുകളിലെ വികസനവും പദ്ധതിയിൽ ഉൾപ്പെടുന്നു.
അതേസമയം, മൂന്ന് പുതിയ പദ്ധതികൾ ഈ വർഷം ആരംഭിക്കും. അൽ ഫത്തഹ് ഹൈവേയിൽ നിന്ന് മിന സൽമാൻ ഇന്റർചേഞ്ചിലേക്ക് തെക്ക് ദിശയിലുള്ള നാലാമത്തെ പാതയുടെ നിർമാണം, അതേ ഇന്റർചേഞ്ചിൽ വടക്കോട്ടുള്ള മൂന്നാമത്തെ പാതയുടെ നിർമാണം, ജുഫൈറിലെ ബ്ലോക്ക് 324ലെ റോഡ് 22ന്റെ അറ്റകുറ്റപ്പണികളും പുനർനിർമാണവുമാണ് അവ. മലിനജല ശൃംഖലയുടെ നിർമാണ പ്രവർത്തനങ്ങൾക്കനുസൃതമായി ഘട്ടം ഘട്ടമായാണ് പദ്ധതികൾ പൂർത്തിയാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

