പൊതുഗതാഗതത്തിന് വൻ സ്വീകാര്യത; നാല് വർഷത്തിനിടെ 4.5 കോടിയിലധികം ബസ് യാത്രകൾ
text_fieldsമനാമ: ബഹ്‌റൈനിൽ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനവ്. 2022 മുതൽ 2025 വരെയുള്ള നാല് വർഷത്തിനുള്ളിൽ 4,57,67,186 (45.7 മില്യൺ) ബസ് യാത്രകൾ രേഖപ്പെടുത്തിയതായി ഗതാഗത വാർത്താവിനിമയ മന്ത്രി ഡോ. ശൈഖ് അബ്ദുല്ല ബിൻ അഹമ്മദ് ആൽ ഖലീഫ വെളിപ്പെടുത്തി. എം.പി ഡോ. മുനീർ സുറുറിന്‍റെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് അദ്ദേഹം ഈ കണക്കുകൾ വ്യക്തമാക്കിയത്. റെഡ് ബസ്സുകളിലെ യാത്രക്കാരുടെ എണ്ണത്തിൽ ഓരോ വർഷവും സ്ഥിരമായ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പൊതുജനങ്ങളിൽ ഉണ്ടായ അവബോധവും സേവനങ്ങളിൽ വരുത്തിയ ക്രമാനുഗതമായ മെച്ചപ്പെടുത്തലുകളുമാണ് ഈ വളർച്ചയ്ക്ക് പിന്നിലെന്ന് മന്ത്രി പറഞ്ഞു.
ബഹ്‌റൈന്‍റെ ഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുന്ന ബഹ്‌റൈൻ മെട്രോ പദ്ധതിയെക്കുറിച്ചും മന്ത്രി സൂചിപ്പിച്ചു. പദ്ധതിയുടെ ഒന്നാം ഘട്ടത്തിനായുള്ള വിശദമായ പഠനങ്ങളും ഒരുക്കങ്ങളും പുരോഗമിക്കുകയാണെന്നും, ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തെ വാണിജ്യ, താമസ, വിദ്യാഭ്യാസ മേഖലകളുമായി ബന്ധിപ്പിക്കുന്ന രീതിയിലാണ് മെട്രോ ശൃംഖല വിഭാവനം ചെയ്തിരിക്കുന്നതെന്നും മെട്രോയെ ബസ് സർവീസുകളുമായും സൈക്കിൾ പാതകളുമായും ബന്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിരക്കേറിയ സമയങ്ങളിലും അവധി ദിവസങ്ങളിലും റോഡുകളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുക എന്നതാണ് പൊതുഗതാഗത ശൃംഖല ശക്തിപ്പെടുത്തുന്നതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. സ്വകാര്യ വാഹനങ്ങൾക്ക് പകരമായി കാര്യക്ഷമമായ യാത്രാ സംവിധാനങ്ങൾ ഒരുക്കുന്നത് വഴി റോഡുകളിലെ സമ്മർദ്ദം കുറയ്ക്കാൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ ഒരു ഗതാഗത മാതൃകയിലേക്കാണ് ബഹ്‌റൈൻ നീങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

