പ്രൌഢമായി പ്രവാസി മലയാളി സംഗമം
text_fieldsപ്രവാസി മലയാളി സംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു ചിത്രം സത്യൻ പേരാമ്പ്ര
മനാമ: മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൾഫ് സന്ദർശനവുമായി ബന്ധപ്പെട്ട് ബഹ്‌റൈൻ കേരളീയ സമാജത്തിൽ സംഘടിപ്പിച്ച പ്രവാസി മലയാളി സംഗമം പ്രൗഢമായി. സമാജം ഹാളും പരിസരവും പ്രവാസികളാൽ നിറഞ്ഞുകവിഞ്ഞ പരിപാടിയിൽ കൃത്യം ഏഴു മണിയോടെ മുഖ്യമന്ത്രിയെത്തി.
വ്യവസായ പ്രമുഖൻ ഡോ. വർഗീസ് കുര്യന്റെ വസതിയിൽ സന്ദർശനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ. ബഹ്റൈൻ വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല ആദിൽ ഫഖ്റു, കേരള ചീഫ് സെക്രട്ടറി ഡോ. ജയതിലക് എന്നിവർ സമീപം
മലയാളം മിഷൻ വിദ്യാർഥികൾ അവതരിപ്പിച്ച സ്വാഗത ഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ സംഘാടക സമിതി കൺവീനർ പി. ശ്രീജിത്ത് സ്വാഗത പറഞ്ഞു. ചെയർമാൻ പി.വി. രാധാകൃഷ്ണ പിള്ള അധ്യക്ഷതവഹിച്ചു. ഒരു മണിക്കൂറോളം സദസ്സുമായി സംസാരിച്ച മുഖ്യമന്ത്രി നാടിന്റെ നേട്ടങ്ങളും പുരോഗതിയും പ്രവാസി സമൂഹവുമായി പങ്കുവെച്ചു. എന്നാൽ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു പ്രഖ്യാപനവും മുഖ്യമന്ത്രി നടത്തിയില്ല എന്നത് ഏറെ നിരാശയാക്കി. നോർക്ക കെയർ, വിമാന യാത്ര വിഷയം തുടങ്ങി നിരവധി കാര്യങ്ങളിൽ മുഖ്യമന്ത്രി ആശ്വാസകരമായ വാഗ്ദാനങ്ങൾ നൽകുമെന്ന് പ്രതീക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം.
ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ്, ഫിഷറീസ്-സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, കേരള ചീഫ് സെക്രട്ടറി ഡോ. ജയതിലക്, ലുലു ഗ്രൂപ് ഡയറക്ടർ എം.എ. യൂസുഫലി എന്നിവർ ആശംസകളറിയിച്ച് സംസാരിച്ചു. മുഖ്യമന്ത്രിയുടെ ബഹ്‌റൈൻ സന്ദർശനവുമായി ബന്ധപ്പെട്ട് ഗൾഫ് മാധ്യമം പുറത്തിറക്കിയ സ്‌പെഷ്യൽ സപ്ലിമെന്റ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു. പ്രകാശനച്ചടങ്ങിൽ ഗൾഫ് മാധ്യമം എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ ജമാൽ ഇരിങ്ങൽ റീജ്യനൽ മാനേജർ ജലീൽ അബ്ദുല്ല, ബ്യൂറോ ചീഫ് ഫായിസ് അബൂബക്കർ, മാർക്കറ്റിങ് മാനേജർ ഷകീബ് എന്നിവർ സന്നിഹിതരായിരുന്നു.
ഫിഷറീസ്-സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, ലുലു ഗ്രൂപ് ഡയറക്ടർ എം.എ. യൂസുഫലി
മുഖ്യമന്ത്രിയെ സ്വീകരിച്ച് ഉപപ്രധാനമന്ത്രി
മനാമ: ഗൾഫ് സന്ദർശനത്തിന്റെ ഭാഗമായി ബഹ്റൈനിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ സ്വീകരിച്ച് ബഹ്റൈൻ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ. മനാമ റിഫയിലുള്ള ഉപപ്രധാനമന്ത്രിയുടെ കൊട്ടാരത്തിൽ ഉച്ചവിരുന്നൊരുക്കിയായിരുന്നു സ്വീകരണം.
ബഹ്റൈൻ വാണിജ്യ വ്യവസായ മന്ത്രി അബ്ദുല്ല ആദിൽ ഫഖ്റു, ബഹ്റൈൻ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ്, കേരള ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, നോർക്ക വൈസ് ചെയർമാനും ലുലു ഗ്രൂപ് ചെയർമാനുമായ എം.എ. യൂസഫലി, ലുലു ബഹ്റൈൻ ഡയറക്ടർ ജൂസർ രൂപാവാല, ഡോ. വർഗീസ് കുര്യൻ, പി.വി. രാധാകൃഷ്ണപിള്ള എന്നിവരും സഹിഹിതരായിരുന്നു. വൈകീട്ട് കേരളീയ സമാജത്തിൽ മലയാളം മിഷനും ലോക കേരളസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രവാസി മലയാളി സംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച രാവിലെ അദ്ദേഹം കേരളത്തിലേക്ക് തിരിക്കും.
നിറഞ്ഞുകവിഞ്ഞ സമാജം ഹാൾ; ആവേശത്തോടെ പ്രവാസികൾ
മനാമ: തിങ്ങിനിറഞ്ഞ കേരളീയ സമാജം ഹാളും അങ്കണവും ഒരുപോലെ ആവേശത്തോടെയായിരുന്നു പ്രിയ നാടിന്റെ മുഖ്യമന്ത്രിയെ പ്രവാസി മലയാളികൾ സ്വീകരിച്ചത്. കൂടിനിന്നവർക്ക് കൈവീശി അഭിവാദ്യം നൽകിയ മുഖ്യമന്ത്രി ഹാളിലേക്കും പിന്നീട് വേദിയിലേക്കും കയറി. അദ്ദേഹത്തെ ഒരു നോക്കുകാണാനും പ്രസംഗം കേൾക്കാനുമായി ആയിരക്കണക്കിനു പേരാണ് ബഹ്റൈന്റെ നാനാഭാഗത്തുനിന്നായി കേരളീയ സമാജത്തിലേക്കെത്തിച്ചേർന്നത്.
നിറഞ്ഞുകവിഞ്ഞ ബഹ്റൈൻ കേരളീയ സമാജം ഹാൾ
അകത്തെ ഹാൾ നേരത്തെ തന്നെ നിറഞ്ഞിരുന്നു. പിന്നീട്, വന്നവർ ഹാളിന് പുറത്ത് സജ്ജീകരിച്ച ഗ്രൗണ്ടിലും എൽ.ഇ.ഡി സ്ക്രീനിന്റെ പരിസരത്തും തടിച്ചുകൂടി. അക്ഷരാർഥത്തിൽ സമാജം നിറഞ്ഞുകവിയുകയായിരുന്നു. വാഹന പാർക്കിങ്ങിന് ബുദ്ധിമുട്ട് നേരിട്ടേക്കാമെന്ന് നേരത്തെ നിർദേശമുണ്ടായിരുന്നതിനാൽ പലരും ദൂരസ്ഥലങ്ങളിൽ വാഹനംവെച്ചാണ് പരിപാടി സ്ഥലങ്ങളിലേക്ക് കാൽനടയായെത്തിയത്. ഹർഷാരവങ്ങൾക്കിടയിലൂടെ മലയാളി പ്രവാസികളുടെ സ്നേഹങ്ങൾ ഏറ്റുവാങ്ങിയാണ് മുഖ്യമന്ത്രിയും മന്ത്രി സജി ചെറിയാനും സമാജം അങ്കണം വിട്ടിറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

