കനത്ത ചൂടിൽ നിന്ന് തൊഴിലാളികൾക്ക് സംരക്ഷണം; തൊഴിലുടമകൾ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് തൊഴിൽ മന്ത്രാലയം
text_fieldsബഹ്റൈനിൽ പുറത്ത് ജോലി ചെയ്യുന്നവർ
മനാമ: വേനൽക്കാലത്ത് തൊഴിലാളികൾക്ക് സൂര്യാഘാതത്തിൽ നിന്നും മറ്റ് ആരോഗ്യപ്രശ്നങ്ങളിൽ നിന്നും സംരക്ഷണം നൽകുന്നതിനായി തൊഴിലുടമകൾ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് തൊഴിൽ മന്ത്രാലയം. ചൂടുമായി ബന്ധപ്പെട്ട രോഗങ്ങൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്കും മരണത്തിലേക്കും വരെ നയിച്ചേക്കാമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. മന്ത്രാലയം പുറത്തിറക്കിയ പുതിയ വീഡിയോ സന്ദേശത്തിൽ, ഉയർന്ന താപനില നേരിട്ട് ഏൽക്കുന്നതിന്റെ അപകടങ്ങൾ വിശദീകരിക്കുന്നുണ്ട്.
തൊഴിലാളികൾക്ക് സൂര്യാഘാതം, നിർജ്ജലീകരണം, ചർമ്മം പൊള്ളൽ തുടങ്ങിയവ ഉണ്ടാകാൻ സാധ്യതയുണ്ട്. കൂടാതെ, ഹൃദയത്തെയും വൃക്കകളെയും ബാധിക്കുന്ന ദീർഘകാല രോഗങ്ങളും ഉണ്ടാവാം. തലവേദന, ക്ഷീണം, ഓക്കാനം, വിയർപ്പ്, ശ്വാസം മുട്ടൽ, വിശപ്പില്ലായ്മ തുടങ്ങിയ ആദ്യകാല ലക്ഷണങ്ങൾ തിരിച്ചറിയണമെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു. ഗുരുതരമായ കേസുകളിൽ ബോധക്ഷയമോ അപസ്മാരമോ ഉണ്ടാകാൻ സാധ്യതയുണ്ട്. അത്തരം സാഹചര്യങ്ങളിൽ ഉടൻ തന്നെ 999ൽ വിളിച്ച് അടിയന്തര സഹായം തേടണം.
തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ബഹ്‌റൈൻ കർശനമായ നിയമങ്ങൾ നടപ്പാക്കിയിട്ടുണ്ട്. 2025-ലെ മന്ത്രിതല തീരുമാന പ്രകാരം, ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം 4 വരെ തുറന്ന സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു. ഈ നിയമം ലംഘിക്കുന്ന തൊഴിലുടമകൾക്ക് മൂന്ന് മാസം വരെ തടവും 500 മുതൽ 1,000 ബഹ്‌റൈൻ ദിനാർ വരെ പിഴയും ലഭിക്കാം.
തൊഴിലാളികൾക്ക് തണലുള്ള സ്ഥലങ്ങളും തണുപ്പുള്ള വെള്ളവും നൽകുക, പതിവായ ഇടവേളകൾ അനുവദിക്കുക, ഓരോ 15-20 മിനിറ്റിലും വെള്ളം കുടിക്കാൻ പ്രോത്സാഹിപ്പിക്കുക, ഇലക്ട്രോലൈറ്റ് അടങ്ങിയ പാനീയങ്ങൾ നൽകുക, അയഞ്ഞതും കനം കുറഞ്ഞതുമായ വസ്ത്രങ്ങൾ ധരിക്കാൻ പ്രോത്സാഹിപ്പിക്കുക എന്നിവ തൊഴിലുടമകൾ നിർബന്ധമായും പാലിക്കേണ്ട കാര്യങ്ങളാണ്. തൊഴിലാളികളുടെ ആരോഗ്യനില നിരീക്ഷിക്കുന്നതിനായി ജോലി സ്ഥലങ്ങളിൽ പ്രത്യേക സുരക്ഷാ കോൺടാക്റ്റ് പോയിന്റുകൾ ഉണ്ടാകണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. അതീവ ചൂടിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നത് അവരുടെ ആരോഗ്യവും സുരക്ഷയും മാത്രമല്ല, ഉത്പാദനക്ഷമത വർദ്ധിപ്പിക്കാനും സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം വളർത്താനും സഹായിക്കുമെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

