മുഹറഖിൽ ലോകോത്തര വിനോദസഞ്ചാര കേന്ദ്രങ്ങൾ സ്ഥാപിക്കാൻ നിർദേശം
text_fieldsനിർദിഷ്ട വിനോദസഞ്ചാര കേന്ദ്രം കലാകാരന്റെ ഭാവനയിൽ
മനാമ: ബഹ്റൈന്റെ പൈതൃകനഗരമായ മുഹറഖിൽ ലോകത്തിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ചിലത് സ്ഥാപിക്കുന്നതിനുള്ള നിർദേശം മുഹറഖ് മുനിസിപ്പൽ കൗൺസിൽ മുന്നോട്ടുവെച്ചു. പാർലമെന്റിന്റെയും മറ്റ് ദേശീയ സ്ഥാപനങ്ങളുടെയും പിന്തുണയോടെയാണ് ഈ പദ്ധതി. ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളവും യുനെസ്കോ പൈതൃക പട്ടികയിൽ ഇടംനേടിയ പോളിങ് പാത്തും സ്ഥിതി ചെയ്യുന്ന മുഹറഖ് ഗവർണറേറ്റിനെ, മേഖലയിലെ ഒരു പ്രധാന സാംസ്കാരിക, വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുക എന്നതാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.
‘സ്പേസ് ആൻഡ് ടൈം ക്യൂബ്’, അക്വേറിയം ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ, നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം, സ്കൈ ഗാർഡൻ, മാഡം തുസാഡ്സ് തുടങ്ങിയ ലോകപ്രശസ്ത കേന്ദ്രങ്ങളാണ് മുഹറഖിൽ സ്ഥാപിക്കാൻ കൗൺസിൽ ലക്ഷ്യമിടുന്നത്.
കൗൺസിൽ ചെയർമാൻ അബ്ദുൽ അസീസ് അൽ നാർ അവതരിപ്പിച്ച ഈ നിർദേശം കൗൺസിൽ യോഗത്തിൽ ഏകകണ്ഠമായി അംഗീകരിച്ചു. പാർലമെന്ററി കമ്മിറ്റികളും സർക്കാർ ഏജൻസികളും ഇതിനോടകം തന്നെ ഈ ആശയത്തിൽ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
മുഹറഖിന്റെ ആഗോളനില വർധിപ്പിക്കുന്നതിനും ബഹ്റൈനിലെ വിനോദസഞ്ചാര മേഖലയെ വൈവിധ്യവത്കരിക്കുന്നതിനും വേണ്ടിയാണ് ഈ പദ്ധതി വിഭാവനം ചെയ്തതെന്ന് അൽ നാർ പറഞ്ഞു. ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളം വഴി രാജ്യത്തേക്ക് വരുന്ന ദശലക്ഷക്കണക്കിന് സന്ദർശകരുടെ കവാടമാണ് മുഹറഖ്. ഈ ഗവർണറേറ്റ് പൈതൃകത്തിന്റെയും വിനോദത്തിന്റെയും കേന്ദ്രമാണെന്ന് അവർക്ക് ആദ്യ കാഴ്ചയിൽതന്നെ അനുഭവപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാമ്പത്തിക വൈവിധ്യവത്കരണത്തിന് വലിയ സാധ്യതകളുള്ള പദ്ധതിയാണിതെന്ന് പദ്ധതിയെ പിന്തുണച്ച് പാർലമെന്റിന്റെ സാമ്പത്തികകാര്യ സമിതി ചെയർമാൻ അഹമ്മദ് അൽ സല്ലൂം എം.പി രംഗത്തെത്തി. ഈ പദ്ധതിക്ക് സ്ട്രാറ്റജിക് തിങ്കിങ് ബ്ലോക്കിന്റെയും പിന്തുണയുണ്ട്.
പദ്ധതി തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ടൂറിസം വരുമാനം വർധിപ്പിക്കാനും സഹായിക്കുമെന്ന് വക്താവ് ഖാലിദ് ബു അമക് എം.പി പറഞ്ഞു. വിവിധ സ്ഥാപനങ്ങളുടെ പിന്തുണയോടെയുള്ള ഈ നിർദേശം അടുത്ത മാസം പുനരാരംഭിക്കുന്ന പാർലമെന്റ് സെഷനുകളിൽ പ്രധാന ചർച്ചാവിഷയമായിരിക്കുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

