പ്രമുഖ സമൂഹിക പ്രവർത്തക സഫിയ അലി മുഹമ്മദ് കാനൂ നിര്യാതയായി
text_fieldsസഫിയ അലി മുഹമ്മദ് കാനൂ
മനാമ: പ്രമുഖ സമൂഹിക പ്രവർത്തകയും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യവുമായ സഫിയ അലി മുഹമ്മദ് കാനൂ നിര്യാതയായി. സാമൂഹിക വികസനം, സ്ത്രീ ശാക്തീകരണം, രാജ്യത്തെ സാംസ്കാരിക, കലാ രംഗം എന്നിവയിലെ ഉന്നമനത്തിനായി പ്രവർത്തിച്ച അവർ നിസ്വാർഥമായ സേവനം കൊണ്ടും ചേർത്തുപിടിക്കൽ കൊണ്ടും ബഹ്റൈനിലെ നിരാലംബരായ മനുഷ്യരുടെ ഹൃദയങ്ങളിലും ഉന്നത സ്ഥാനത്തായിരുന്നു. കാൻസർ ബാധിച്ച കുട്ടികൾ, പ്രായമായവർ, അവശത അനുഭവിക്കുന്ന കുടുംബങ്ങൾ എന്നിവർക്ക് താങ്ങാവുന്ന അനവധി സംരംഭങ്ങൾ സഫിയ അലിയുടെ മേൽനോട്ടത്തിൽ നടത്തിയിട്ടുണ്ട്.
സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ സഫിയ അലി കാനൂ പീഡിയാട്രിക് വാർഡ്, രണ്ട് വയോജന പരിചരണ യൂനിറ്റുകൾ, പള്ളികൾ, കലയും പൈതൃകവും സംരക്ഷിക്കുന്നതിനായി സ്ഥാപിച്ച സഫിയ അലി കാനൂ സെന്റർ ഫോർ ആർട്സ് ആൻഡ് ഹാൻഡിക്രാഫ്റ്റ്സ് എന്നിവ അവരുടെ സംഭാവനകളാണ്.
സാമ്പത്തിക മേഖലയിൽ പ്രത്യേകിച്ച് സ്ത്രീകൾ നയിക്കുന്ന ചെറുകിട, ഇടത്തരം സംരംഭങ്ങളെ അവർ വലിയ രീതിയിൽ തന്നെ പിന്തുണച്ചിട്ടുണ്ട്. സംസ്കാരത്തിലും ബിസിനസിലും സ്ത്രീ പങ്കാളിത്തം വർധിപ്പിക്കാൻ സജീവമായി പ്രവർത്തിക്കുകയും ചെയ്തു. പകരം വെക്കാനില്ലാത്ത അവരുടെ സംഭാവനകളെ ആദരിക്കുക എന്ന ലക്ഷ്യത്തോടെ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ഫസ്റ്റ് ക്ലാസ് മെഡൽ ഓഫ് കോംപിറ്റൻസ് 2001ലും 2012ലും നൽകിയിരുന്നു. സാമൂഹിക മേഖലയിലെ അസാമാന്യ പ്രതിഭയായിരുന്ന സഫിയ അലിയുടെ വിയോഗം ബഹ്റൈന് തീരാ നഷ്ടമായാണ് കണക്കാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

