പുതുതായി 3000 ഭവന യൂനിറ്റുകൾക്ക് പദ്ധതി
text_fieldsറാംലിയിലെ പാർപ്പിടപദ്ധതി മന്ത്രി അമ്ന അൽ റുമൈഹി പരിശോധിക്കുന്നു
മനാമ: റാംലിയിൽ പുതുതായി 3000 ഭവന യൂനിറ്റുകൾകൂടി നിർമിക്കാൻ പദ്ധതി. പദ്ധതിക്കായി ഇവിടെ ആറു സ്ഥലങ്ങൾകൂടി സർക്കാർ അനുവദിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. കഴിഞ്ഞ ദിവസം ചേർന്ന ഗവൺമെന്‍റ് എക്സിക്യൂട്ടിവ് കമ്മിറ്റി യോഗത്തിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ ഭവന ആവശ്യങ്ങൾ നിറവേറ്റുന്നതിലെ കാര്യക്ഷമത യോഗം ചർച്ചചെയ്തു. സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമി വികസിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് റാംലിയിൽ ഭവനപദ്ധതിക്കായി ഭൂമി അനുവദിച്ചത്.
ഭവന, നഗരാസൂത്രണ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ സ്വകാര്യ മേഖലയുടെ സഹകരണത്തോടെയാണ് ഇവിടെ ഭവനനിർമാണ പദ്ധതി നടപ്പാക്കുന്നത്. 3000 ഭവന യൂനിറ്റുകൾ നിർമിക്കുന്നതിനുള്ള സൗകര്യമാണ് ഇവിടെയുള്ളതെന്ന് മന്ത്രി അമ്ന അൽ റുമൈഹി പറഞ്ഞു. മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ, ബാങ്ക് പ്രതിനിധികൾ എന്നിവർക്കൊപ്പം മന്ത്രി കഴിഞ്ഞ ദിവസം പദ്ധതിപ്രദേശം സന്ദർശിച്ചു. 300 യൂനിറ്റുകളുടെ വിശദമായ രൂപരേഖ തയാറാക്കി നിർമാണം ഉടൻ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. 100 ഹെക്ടർ സ്ഥലത്താണ് റാംലി പാർപ്പിടപദ്ധതി നടപ്പാക്കുന്നത്. ഇവിടെ നിർമിക്കുന്ന 4261 ഭവന യൂനിറ്റുകളിൽ 1261 എണ്ണം അർഹരായവർക്ക് നൽകിക്കഴിഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.