പ്രോഗ്രസിവ് പ്രഫഷനൽ ഫോറം ഉദ്ഘാടനം ജൂലൈ ഒന്നിന്
text_fieldsപ്രോഗ്രസിവ് പ്രഫഷനൽ ഫോറം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു
മനാമ: പ്രോഗ്രസിവ് പ്രഫഷനൽ ഫോറം (പി.പി.എഫ്) ഉദ്ഘാടനം ജൂലൈ ഒന്നിന് മുൻ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കെ.സി.എ ഹാളിൽ നടക്കുന്ന പരിപാടിയിൽ 'കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനം-സാധ്യതകളും വെല്ലുവിളികളും' വിഷയത്തിൽ അദ്ദേഹം പ്രഭാഷണം നടത്തും.
പുരോഗമന, സാമൂഹിക, രാഷ്ട്രീയ, വീക്ഷണം പങ്കിടുന്ന ഡോക്ടർമാർ, എൻജിനീയർമാർ, അഭിഭാഷകർ, കമ്പനി എക്സിക്യൂട്ടിവുകൾ, അധ്യാപകർ, ആരോഗ്യരംഗത്തെ വിദഗ്ധർ, ചാർട്ടേഡ് അക്കൗണ്ടന്‍റുമാർ തുടങ്ങിയ പ്രഫഷനലുകളുടെ കൂട്ടായ്മയാണ് പി.പി.എഫ്. വിദേശ രാജ്യങ്ങളിൽ കഴിയുന്ന പ്രഫഷനലുകളുടെ അനുഭവസമ്പത്ത് നാടിന്റെ വികസനത്തിന് ഉപയോഗപ്പെടുത്തുക എന്നതാണ് കൂട്ടായ്മയുടെ ലക്ഷ്യം. മേയ് 10ന് കേരള പ്രഫഷനൽ നെറ്റ് വർക് (കെ.പി.എൻ) പ്രസിഡന്‍റ് ആർക്കിടെക്ട് ജി. ശങ്കറാണ് പി.പി.എഫ് സ്വാഗതസംഘം ഉദ്ഘാടനം ചെയ്തത്. വാർത്തസമ്മേളനത്തിൽ ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ ഇ.എ. സലിം, സെക്രട്ടറി അഡ്വ. ശ്രീജിത്ത് കൃഷ്ണൻ, രക്ഷാധികാരി പി.കെ. ഷാനവാസ്, ഭാരവാഹികളായ ഡോ. കൃഷ്ണകുമാർ, റാം എന്നിവർ പങ്കെടുത്തു.