പ്രഫഷനൽസ് മീറ്റ് മേയ് രണ്ടിന്; മുഖ്യാതിഥിയായി ജോൺ ബ്രിട്ടാസ് എം.പി
text_fieldsപ്രഫഷനൽസ് മീറ്റുമായി ബന്ധപ്പെട്ട് നടത്തിയ വാർത്തസമ്മേളനത്തിൽനിന്ന്
മനാമ: വിദേശത്തുള്ള മലയാളി പ്രഫഷനലുകളെ ഒരുമിപ്പിച്ച് കേരളത്തിലെ പുനർനിർമാണ പ്രവർത്തനങ്ങളിലേക്ക് സജീവമായി പങ്കെടുപ്പിക്കാനായി രൂപവത്കരിക്കപ്പെട്ട പ്രോഗ്രസിവ് പ്രഫഷനൽ ഫോറം (പി.പി.എഫ്) ബഹ്റൈൻ ചാപ്റ്റർ പ്രഫഷനൽസ് മീറ്റ് സംഘടിപ്പിക്കുന്നു. മേയ് രണ്ട് വെള്ളിയാഴ്ച ആറിന് തൂബ്ലി മർമറീസ് ലക്ഷ്വറി ഹാളിൽ നടക്കുന്ന മീറ്റിൽ പ്രമുഖ പാർലമെന്റേറിയൻ ജോൺ ബ്രിട്ടാസ് എം.പി ചടങ്ങിൽ മുഖ്യാതിഥിയാകുമെന്ന് വാർത്തസമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു.
ക്ഷണിക്കപ്പെട്ടവർക്ക് മാത്രമായിരിക്കും പ്രവേശനം. കേരളത്തിൽ 2018ലെ മഹാപ്രളയാനന്തരമായി സംസ്ഥാന സർക്കാറിന്റെ റീബിൾഡ് കേരള ഇനിഷ്യേറ്റിവ് എന്ന പദ്ധതിക്ക് പിന്തുണയുമായി പ്രവർത്തിക്കാൻ തീരുമാനിച്ച വിദേശത്തെ മലയാളി പ്രഫഷനലുകൾ ചേർന്ന് രൂപവത്കരിച്ചതാണ് കേരള പ്രഫഷനൽസ് നെറ്റ്വർക്കിന്റെ (കെ.പി.എൻ) കീഴിലുള്ള പി.പി.എഫ്. ആർകിടെക്റ്റും പത്മശ്രീ പുരസ്കാര ജേതാവുമായ ശങ്കറിന്റെ നേതൃത്വത്തിലാണ് ഈ സംരംഭത്തിന് തുടക്കംകുറിച്ചത്. വിവിധ രാജ്യങ്ങളിൽ താമസിക്കുന്ന മലയാളികൾ തങ്ങളുടെ തൊഴിൽ പ്രവീണ്യവും അറിവും കേരളം ആവശ്യമുള്ളപ്പോഴേക്ക് ലഭ്യമാക്കാൻ പി.പി.എഫ് സജ്ജമാകുകയാണ്.
കെ.പി.എന്നിന്റെ കീഴിൽ വിദേശ രാജ്യങ്ങളിൽ പ്രോഗ്രസിവ് പ്രഫഷനൽ ഫോറം ചാപ്റ്ററുകൾ ആരംഭിച്ചു. 2022 ജൂലൈയിൽ മുൻ ധനകാര്യ മന്ത്രി ഡോ. ടി.എം. തോമസ് ഐസക് ആണ് ബഹ്റൈൻ ചാപ്റ്റർ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. വാർത്തസമ്മേളനത്തിൽ ജനറൽ കൺവീനർ ഷാനവാസ് പി.കെ, പ്രസിഡന്റ് ഇ.എ സലിം, ജനറൽ സെക്രട്ടറി ഹരിപ്രകാശ്, ട്രഷറർ റഫീക്ക് അബ്ദുല്ല, ഭാരവാഹികളായ ഷീല മുഹമ്മദ്, എം.കെ. ശശി, സുഭാഷ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

