പ്രതിസന്ധിക്കിടയിലും ഉൽപാദനം തടസ്സമില്ലാതെ തുടർന്നു; ആൽബയിലെ തൊഴിലാളികളെ പ്രശംസിച്ച് കിരീടാവകാശി
text_fieldsമനാമ: അലുമിനിയം ബഹ്‌റൈൻ (ആൽബ) സന്ദർശിച്ച് തൊഴിലാളികളെ അഭിനന്ദിച്ച് ബഹ്‌റൈൻ പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ. ഇറാനിയൻ ആക്രമണങ്ങൾ മൂലം മേഖലയിൽ നിലനിൽക്കുന്ന വെല്ലുവിളികൾക്കിടയിലും ഉൽപ്പാദനം തടസ്സമില്ലാതെ തുടരാനും, ആഗോള വ്യവസായ മേഖലയിൽ കമ്പനിയുടെ സ്ഥാനം നിലനിർത്താനും സഹായിച്ച തൊഴിലാളികളുടെ പങ്കിനെ കിരീടാവകാശി പ്രശംസിച്ചു. സന്ദർശന വേളയിൽ ഹമദ് രാജാവിന്‍റെ ആശംസകളും അഭിനന്ദനങ്ങളും അദ്ദേഹം തൊഴിലാളികളെ അറിയിച്ചു.
1971-ൽ സ്ഥാപിതമായ ആൽബ, ബഹ്‌റൈന്റെ പ്രതീകമാണെന്നും കഴിഞ്ഞ 55 വർഷമായി തുടർച്ചയായ ഉൽപ്പാദനം നിലനിർത്താൻ ഇതിന് സാധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്തിലെ ഏറ്റവും വലിയ സിംഗിൾ-സൈറ്റ് അലുമിനിയം സ്മെൽറ്ററായി വളർന്ന ആൽബയുടെ വികസനവും വ്യാപ്തിയും അദ്ദേഹം എടുത്തുപറഞ്ഞു. തുടർച്ചയായ 50 ദശലക്ഷം സേഫ് വർക്കിംഗ് അവേഴ്‌സ് (അപകടരഹിത തൊഴിൽ സമയം) പൂർത്തിയാക്കിയ ആൽബയുടെ നേട്ടത്തെ കിരീടാവകാശി അഭിനന്ദിക്കുകയും പ്രൊഡക്ഷൻ ലൈനുകളുടെയും വികസന പദ്ധതികളുടെയും പുരോഗതി വിലയിരുത്തുകയും ചെയ്തു. യൂറോപ്യൻ യൂണിയനിലെ ഏറ്റവും വലിയ അലുമിനിയം സ്മെൽറ്ററായ 'അലുമിനിയം ഡൺകെർക്' ആൽബ അടുത്തിടെ ഏറ്റെടുത്തതിനെ അദ്ദേഹം സ്വാഗതം ചെയ്തു. സന്ദർശന വേളയിൽ ആൽബ ചെയർമാൻ ഖാലിദ് അൽ റുമൈഹി, ഭരണസമിതി അംഗങ്ങൾ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുമായി കിരീടാവകാശി കൂടിക്കാഴ്ച നടത്തി. ഭരണാധികാരികളുടെ ഈ അംഗീകാരവും പിന്തുണയും കമ്പനിയുടെ വളർച്ചയ്ക്ക് വലിയ പ്രചോദനമാണെന്ന് ആൽബ ചെയർമാൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

