മുഖ്യമന്ത്രിയുടെ ബഹ്റൈൻ സന്ദർശനം; ബഹിഷ്കരണവുമായി യു.ഡി.എഫ് അനുകൂല സംഘടനകൾ
text_fieldsബഹിഷ്കരിക്കാൻ കെ.എം.സി.സി തീരുമാനം
മനാമ: കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഈ മാസം ബഹ്റൈനിൽ നടത്തുന്ന സന്ദർശനം തീർത്തും രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതാണെന്ന് ബഹ്റൈൻ കെ.എം.സി.സി കുറ്റപ്പെടുത്തി. തൊട്ടടുത്ത മാസം നടക്കാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് ലാക്കാക്കി പ്രവാസികളെ വഞ്ചിക്കാൻ വേണ്ടിയുള്ളത് മാത്രമാണ് ഈ ബഹ്റൈൻ വിസിറ്റിങ്.
ബഹ്റൈൻ- ഇന്ത്യ നയതന്ത്ര ബന്ധങ്ങൾ ദൃഢമാക്കാനുള്ള കൂടിയാലോചനകൾ കാര്യമായി ഒന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലാത്ത സ്ഥിതിക്ക് ഭരണ നേട്ടങ്ങൾ എന്ന പേരിൽ ഇതുവരെ നടപ്പിൽ വരുത്താത്ത വാഗ്ദാനങ്ങൾ പൊതു സമൂഹത്തിനു മുന്നിൽ അവതരിപ്പിച്ചു പ്രവാസി സമൂഹത്തെ പറ്റിക്കാനുള്ള കുതന്ത്രം ആണ് ഇതെന്ന് സമൂഹം തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ കേരളത്തിലെ യു.ഡി.എഫ് നേതൃത്വം കൂടിയാലോചിച്ചാണ് മുഖ്യമന്ത്രിയുടെ ബഹ്റൈനിലെ പരിപാടിയുമായി സഹകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്.
ഈ തീരുമാനത്തെ ബഹ്റൈനിലെ യു.ഡി.എഫ് അനുകൂല സംഘടനകൾ ഒറ്റക്കെട്ടായി സ്വാഗതം ചെയ്യുന്നതായി കെ.എം.സി.സി ബഹ്റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാനും ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങരയും അറിയിച്ചു. കക്ഷി രാഷ്ട്രീയ ഭേദമന്യേ കോവിഡ് കാലമടക്കം സർക്കാറിന് പിന്തുണ നൽകിയ പ്രതിപക്ഷ കക്ഷികളെ വിശ്വാസത്തിൽ എടുക്കാതെ തിരഞ്ഞെടുപ്പും വോട്ടും ലാക്കാക്കിയുള്ള ഈ പര്യാടനത്തെ അതെ അർഥത്തിൽ നോക്കിക്കാണാനും നിസ്സഹകരിക്കാനുമാണ് കെ.എം.സി.സിയുടെ തീരുമാനം എന്നും നേതാക്കൾ അറിയിച്ചു.
വാഗ്ദാനങ്ങൾ നടപ്പാക്കാത്ത മുഖ്യമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കില്ല -ഒ.ഐ.സി.സി
മനാമ: ബഹ്റൈൻ സന്ദർശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പൊതുസമ്മേളനത്തിൽനിന്ന് വിട്ടുനിൽക്കുമെന്ന് ബഹ്റൈൻ ഒ.ഐ.സി.സി ദേശീയ കമ്മറ്റി വാർത്തക്കുറിപ്പിലൂടെ അറിയിച്ചു. 2017ൽ ബഹ്റൈൻ സന്ദർശനം നടത്തിയ വേളയിൽ രാഷ്ട്രീയ വ്യത്യാസം മറന്ന് എല്ലാ പ്രവാസികളും അദ്ദേഹത്തെ കാണാനും കേൾക്കാനും എത്തിയതാണ്. പക്ഷേ, അന്ന് നടത്തിയ ഒരു പ്രഖ്യാപനംപോലും എട്ട് വർഷം കഴിഞ്ഞിട്ടും നടപ്പാക്കാത്ത മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് അടുത്തപ്പോൾ പുതിയ പൊള്ളയായ വാഗ്ദാനങ്ങൾ നൽകാൻ ആണ് പ്രവാസലോകത്തേക്ക് എത്തുന്നത് എന്നും ഒ.ഐ.സി.സി കുറ്റപ്പെടുത്തി.
ഇപ്പോൾ പ്രവാസികളെ സന്തോഷിപ്പിക്കാൻ വേണ്ടി ഹെൽത്ത് ഇൻഷുറൻസ് പ്രഖ്യാപിച്ചു. അതിലും ദുരുദ്ദേശ്യമുണ്ടെന്നും ഇതിൽ സർക്കാറിന്റെ വിഹിതം എത്രയാണെന്നും തുടങ്ങി നിരവധി സംശയങ്ങൾ പ്രവാസികൾക്ക് ഉണ്ട്. ഇവക്ക് എല്ലാം കൃത്യമായ മറുപടി മുഖ്യമന്ത്രിയിൽനിന്ന് പ്രതീക്ഷിക്കുന്നതായി ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം, വർക്കിങ് പ്രസിഡന്റ് ബോബി പാറയിൽ, ജനറൽ സെക്രട്ടറി മനു മാത്യു എന്നിവർ അഭിപ്രായപ്പെട്ടു.
ബഹിഷ്കരിക്കൽ അനിവാര്യം -ലീഡർ സ്റ്റഡി സെന്റർ
മനാമ: ബഹ്റൈനിൽ തുടക്കംകുറിച്ച് മറ്റു ജി.സി.സി രാജ്യങ്ങളിലുള്ള പ്രവാസി മലയാളികളെ വീണ്ടും തെറ്റിദ്ധരിപ്പിക്കാനും ഭരണത്തിന്റെ അവസാന ഘട്ടത്തിൽ മൂന്നാം ഭരണം നടപ്പാക്കാനുള്ള തന്ത്രമാണിതെന്ന് ലീഡർ സ്റ്റഡി സെന്റർ ബഹ്റൈൻ അറിയിച്ചു. ഇടതുപക്ഷം കേരളത്തിൽ നടപ്പാക്കുന്ന തരത്തിൽ ഗൾഫിലും തുടരുന്നതിന്റെ ഭാഗമായി അനാർഭാടങ്ങളിൽനിന്നും ആഘോഷങ്ങളിൽനിന്നും വിട്ടുനിൽക്കാനുള്ള യു.ഡി.എഫ് നിർദേശം എല്ലാ പ്രവർത്തകരും ഗൗരവമായി പാലിക്കണമെന്നും യു.ഡി.എഫ് മുന്നണിക്ക് ഐക്യദാർഢ്യം പാലിക്കണമെന്നും ലീഡർ സ്റ്റഡി സെന്റർ ജി.സി.സി ഭാരവാഹി കൂടിയായ ബഷീർ അമ്പലായി വാർത്തക്കുറിപ്പിൽ അറിയിച്ചു.
മുഖ്യമന്ത്രി പ്രവാസികളോട് മാപ്പ് പറയണം - ഐ.വൈ.സി ഇന്റർനാഷനൽ
കഴിഞ്ഞ 10 വർഷമായി ഭരണത്തിൽ ഇരുന്നിട്ടും പ്രവാസികൾക്ക് വേണ്ടി കാര്യമായി ഒന്നും ചെയ്യാൻ കഴിയാത്തതിന് ഗൾഫ് സന്ദർശനത്തിന്റെ ഭാഗമായി ബഹ്റൈനിൽ എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പ്രവാസി സമൂഹത്തോട് നേരിട്ട് മാപ്പ് പറയണമെന്ന് ഐ.വൈ.സി ഇന്റർനാഷനൽ ബഹ്റൈൻ ആവശ്യപ്പെട്ടു. തൊഴിൽ നഷ്ടപ്പെടുന്ന പ്രവാസികൾക്ക് ആറു മാസത്തെ ശമ്പളം, അതുപോലെ പ്രായമായ പ്രവാസികൾക്ക് സ്പെഷൽ പെൻഷൻ, പ്രവാസികൾക്കായി ജോബ് പോർട്ടൽ, ചെലവ് കുറഞ്ഞ കേരള പബ്ലിക് സ്കൂൾ, വാടക കുറഞ്ഞ താമസ സൗകര്യം തുടങ്ങിയ നിരവധി വാഗ്ദാനങ്ങൾ ആയിരുന്നു മുഖ്യമന്ത്രി നൽകിയത്.
പ്രവാസികൾക്ക് നൽകിയ ഒരു വാഗ്ദാനം പോലും നടപ്പാക്കാതെ പ്രവാസികളെ വഞ്ചിച്ച സർക്കാറാണ് ഇടതുപക്ഷ സർക്കാർ എന്നും അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയുടെ സന്ദർശനവുമായി സഹകരിക്കില്ലെന്നും പരിപാടി ബഹിഷ്കരിക്കുമെന്നും ഐ.വൈ.സി ബഹ്റൈൻ ചെയർമാൻ നിസാർ കുന്നംകുളത്തിങ്ങൽ, ഓർഗനൈസിങ് ജനറൽ സെക്രട്ടറി ബേസിൽ നെല്ലിമറ്റം, വൈസ് പ്രസിഡന്റ്മാരായ ജിതിൻ പരിയാരം, അബിയോൺ അഗസ്റ്റിൻ, ജനറൽ സെക്രട്ടറിമാരായ റംഷാദ് അയിലക്കാട്, ഫാസിൽ വട്ടോളി, നിധീഷ് ചന്ദ്രൻ തുടങ്ങിയവർ തുടങ്ങിയവർ വാർത്തക്കുറിപ്പിൽ അറിയിച്ചു.
രാഷ്ട്രീയ ലക്ഷ്യം മുന്നിൽക്കണ്ടുള്ള യാത്ര -നൗക ബഹ്റൈൻ
മനാമ: മുഖ്യമന്ത്രിയുടെ ബഹ്റൈൻ സന്ദർശനം തികച്ചും രാഷ്ട്രീയ ലക്ഷ്യം മുന്നിൽക്കണ്ടുള്ളതാണെന്നും വരാനിരിക്കുന്ന തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കുമുള്ള തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ളതാണെന്നും നൗക ബഹ്റൈൻ വാർത്തക്കുറിപ്പിൽ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ കാലങ്ങളിൽ പ്രവാസികൾക്കായി പ്രഖ്യാപിച്ച നിരവധി പദ്ധതികൾ വെറും വാഗ്ദാനങ്ങളായി മാത്രമേ നിലനിന്നിട്ടുള്ളൂ എന്നും അവ നടപ്പാക്കാൻ മുഖ്യമന്ത്രിയുടെയോ സർക്കാറിന്റെയോ ഭാഗത്തുനിന്ന് ഒരു ഗൗരവമായ ശ്രമവും ഉണ്ടായിട്ടില്ലെന്നും നൗക ബഹ്റൈൻ ചൂണ്ടിക്കാട്ടി. ഭരണ സംവിധാനമുപയോഗിച്ച് പ്രവാസ സമൂഹത്തെ തങ്ങളുടെ രാഷ്ടീയ പ്രഓരണത്തിന്റെ ഭാഗമാക്കി മാറ്റുന്നത് തികച്ചും പ്രതിഷേധാർഹമാണെന്നും നൗക ഭാരവാഹികളായ സെക്രട്ടറി അശ്വതി മിഥുൻ, പ്രസിഡന്റ് നിധീഷ് മലയിൽ എന്നിവർ പ്രസ്താവിച്ചു.
ഐ.വൈ.സി.സി ബഹ്റൈൻ ബഹിഷ്കരിക്കും
മനാമ: മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന സന്ദർശനം, സംസ്ഥാന സർക്കാറിന്റെ പ്രവാസി വിരുദ്ധ നിലപാടുകളിലും, കേരളത്തിൽ നടക്കുന്ന രാഷ്ട്രീയ അതിക്രമങ്ങളിലും അഴിമതിയിലും, പൊലീസ് രാജിലും പ്രതിഷേധിച്ചുകൊണ്ട്, ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ബഹ്റൈൻ ബഹിഷ്കരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രവാസികളുടെ ക്ഷേമം വാക്കുകളിൽ മാത്രം ഒതുക്കുകയും, പ്രവാസലോകത്തെ aപ്രശ്നങ്ങളോട് മുഖംതിരിക്കുകയും ചെയ്യുന്ന ഒരു ഭരണകൂടത്തിന്റെ തലവനാണ് മുഖ്യമന്ത്രി. പ്രവാസി ക്ഷേമം ഉൾപ്പെടെയുള്ള വിവിധ ക്ഷേമ പദ്ധതികൾ അട്ടിമറിക്കുകകൂടി ചെയ്യുന്ന സർക്കാറിന് പ്രവാസികളുടെ സ്വീകരണം ഏറ്റുവാങ്ങാൻ ഒരു അർഹതയുമില്ല.
ശബരിമല സ്വർണപ്പാളി വിഷയത്തിൽ സർക്കാറിനെതിരെയുള്ള ആരോപണം മറക്കാൻ, ഇന്ത്യൻ പാർലമെന്റ് അംഗം ഷാഫി പറമ്പിൽ എം.പി ഉൾപ്പെടെയുള്ള ജനകീയ പ്രതിപക്ഷ ജനപ്രതിനിധികളെ വരെ സി.പി.എം പൊലീസുകാരെ ഉപയോഗിച്ച് ആക്രമിക്കലടക്കമുള്ള പദ്ധതികളാണ് പിണറായി വിജയൻ സർക്കാർ ആസൂത്രണം ചെയ്തത്. സംസ്ഥാനത്ത് നടക്കുന്ന രാഷ്ട്രീയ ആക്രമണങ്ങൾക്കും, യുവജന നേതാക്കൾക്കെതിരായ കള്ളക്കേസുകൾക്കും മുഖ്യമന്ത്രി നേരിട്ട് ഉത്തരം പറയേണ്ടതുണ്ട്. സ്വന്തം നാട്ടിലെ സമരങ്ങളെയും പ്രതിഷേധങ്ങളെയും ഭയക്കുന്ന മുഖ്യമന്ത്രി, പ്രവാസികളുടെ നാട്ടിൽ സൗഹൃദ സന്ദർശനം നടത്തുന്നത് തികഞ്ഞ പ്രഹസനമാണ്.
നിരവധി ജനദ്രോഹ വിഷയങ്ങളിൽ ശക്തമായി പ്രതിഷേധിച്ചുകൊണ്ടാണ് യു.ഡി.എഫ് അനുകൂല പ്രവാസി സംഘടനകൾ മുഖ്യമന്ത്രിയുടെ സന്ദർശനം ബഹിഷ്കരിക്കുന്നത്. സന്ദർശനവുമായി ബന്ധപ്പെട്ട് ബഹ്റൈനിൽ ഒരുക്കുന്ന എല്ലാ സ്വീകരണ പരിപാടികളിൽനിന്നും ഐ.വൈ.സി.സി ബഹ്റൈൻ വിട്ടുനിൽക്കും. പിണറായി സർക്കാറിന്റെ ജനദ്രോഹ ഭരണത്തിൽ വിയോജിപ്പുള്ള എല്ലാ പ്രവാസികളും ഈ ബഹിഷ്കരണത്തിൽ പങ്കുചേരും എന്നാണ് മനസ്സിലാക്കുന്നത് എന്ന് ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറർ ബെൻസി ഗനിയുഡ് എന്നിവർ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

