സ്വകാര്യ വിദ്യാഭ്യാസസ്ഥാപന പ്രവർത്തനനിയന്ത്രണ നിയമം; നാളെ ശൂറ കൗൺസിൽ ചർച്ച ചെയ്യും
text_fieldsമനാമ: ബഹ്റൈനിലെ സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനും ഗുണനിലവാരം ഉറപ്പാക്കുന്നതിനുമുള്ള പുതിയ നിയമം ഞായറാഴ്ച ശൂറ കൗൺസിൽ ചർച്ച ചെയ്യും. 1998ലെ നിയമത്തിന് പകരം കൊണ്ടുവരുന്ന 36 അനുച്ഛേദങ്ങളുള്ള ഈ പുതിയ ഭേദഗതി, രാജ്യത്തെ സ്വകാര്യ വിദ്യാഭ്യാസമേഖലയിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പരിഷ്കാരമായാണ് വിലയിരുത്തപ്പെടുന്നത്.
81 സ്വകാര്യ സ്കൂളുകളിലായി 90,000ത്തിലധികം വിദ്യാർഥികൾ ബഹ്റൈനിൽ പഠിക്കുന്നു. മേഖലയിലെ സുതാര്യതയും നിലവാരവും ഉറപ്പാക്കുകയാണ് പുതിയ നിയമത്തിന്റെ ലക്ഷ്യം. നിയമം പ്രാബല്യത്തിൽ വരുകയാണെങ്കിൽ സ്വകാര്യ സ്കൂളുകൾക്ക് ഇനി മുതൽ സ്വമേധയാ ട്യൂഷൻ ഫീസ് വർധിപ്പിക്കാൻ കഴിയില്ല. ഫീസ് കൂട്ടുന്നതിന് മുമ്പ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി വാങ്ങിയിരിക്കണം.
കുടുംബങ്ങളുടെ സാമ്പത്തിക സാഹചര്യം കൂടി പരിഗണിച്ചായിരിക്കും ഇതിൽ തീരുമാനമെടുക്കുക. കൂടാതെ നഴ്സറികൾ, സ്പെഷലൈസ്ഡ് സെന്ററുകൾ, ഡിജിറ്റൽ ലേണിങ് പ്ലാറ്റ്ഫോമുകൾ എന്നിവയുൾപ്പെടെയുള്ള എല്ലാ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇനി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും.നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് 1,00,000 ദീനാർ വരെ പിഴ ചുമത്താൻ പുതിയ നിയമം അധികാരം നൽകുന്നു. ലൈസൻസില്ലാതെ പ്രവർത്തിക്കുകയോ തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്താൽ ഒരു വർഷം വരെ തടവും ഒരു ലക്ഷം ദീനാർ പിഴയും ലഭിക്കാം. സ്കൂൾ പാഠ്യപദ്ധതികൾ ബഹ്റൈന്റെ സാംസ്കാരിക മൂല്യങ്ങൾക്കും ദേശീയതക്കും മതപരമായ തത്വങ്ങൾക്കും വിരുദ്ധമാകാൻ പാടില്ലെന്ന് നിയമം നിഷ്കർഷിക്കുന്നു. മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്ഥാപനങ്ങൾക്ക് ലൈസൻസ് പുതുക്കുന്നതിൽ ഇളവുകളും നൽകും.
ഒരു കലണ്ടർ വർഷത്തിൽ ആറ് വയസ്സ് തികയുന്ന കുട്ടികൾക്ക് ഒന്നാം ക്ലാസിൽ പ്രവേശനം നൽകുന്ന കാര്യത്തിൽ രക്ഷിതാക്കൾക്ക് കൂടുതൽ ഇളവുകൾ ലഭിക്കും. കൂടാതെ, ഏതെങ്കിലും സ്കൂൾ പ്രവർത്തനം നിർത്തുകയാണെങ്കിൽ വിദ്യാർഥികളുടെ പഠനം മുടങ്ങാത്ത രീതിയിലുള്ള ട്രാൻസിഷൻ പ്ലാൻ സമർപ്പിക്കണമെന്നതും നിർബന്ധമാക്കിയിട്ടുണ്ട്.
ഈ നിയമം നിലവിൽ വന്നാൽ രാജ്യത്തെ എല്ലാ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒരു വർഷത്തിനുള്ളിൽ പുതിയ ചട്ടങ്ങൾക്കനുസരിച്ച് ക്രമീകരണങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

