സ്വകാര്യ കമ്പനികൾ ബിരുദധാരികൾക്ക് നിർബന്ധിത പരിശീലനം നൽകണം
text_fieldsമനാമ: ബഹ്റൈനിലെ സ്വകാര്യ മേഖലയിലെ കമ്പനികൾ സർവകലാശാല ബിരുദധാരികൾക്ക് നിർബന്ധിത തൊഴിൽ പരിശീലനം നൽകണമെന്ന ശൂറാ കൗൺസിലിന്റെ സുപ്രധാന നിർദേശം ചൊവ്വാഴ്ച പാർലമെന്റിൽ ചർച്ച ചെയ്യും. 50ഓ അതിലധികമോ ജീവനക്കാരുള്ള കമ്പനികൾക്ക് ഈ നിയമം ബാധകമാക്കാനാണ് നിർദേശത്തിലുള്ളത്. ശൂറ കൗൺസിൽ മുന്നോട്ടുവെച്ച ഈ നിർദേശ പ്രകാരം 50 ജീവനക്കാരുള്ള ഓരോ കമ്പനിയും കുറഞ്ഞത് ഒരു ബിരുദധാരിക്കെങ്കിലും പരിശീലനം നൽകണം (ഓരോ 50 പേർക്കും ഒരു ട്രെയ്നി എന്ന കണക്കിൽ). കുറഞ്ഞത് മൂന്ന് മാസമെങ്കിലും ഓൺ-ദ-ജോബ് ട്രെയിനിങ് നൽകണം.
തൊഴിൽ മന്ത്രാലയം നാമനിർദേശം ചെയ്യുന്ന ഉദ്യോഗാർഥികൾക്കായിരിക്കണം ഈ അവസരം നൽകേണ്ടത്. ഈ ഭേദഗതി സംബന്ധിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് ഉയർന്നുവന്നിരിക്കുന്നത്. ഈ നിർദേശം തള്ളണമെന്നാണ് സർവിസസ് കമ്മിറ്റി സമിതിയുടെ ശിപാർശ. നിലവിലുള്ള നിയമത്തിലെ 16ാം വകുപ്പ് പ്രകാരം തൊഴിലന്വേഷകർക്ക് പരിശീലനം നൽകാൻ കമ്പനികൾക്ക് ഇതിനകംതന്നെ ബാധ്യതയുണ്ടെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു.
പുതിയ നിർദേശം ബിരുദധാരികളിലേക്ക് മാത്രമായി ചുരുങ്ങുന്നത് വിവേചനപരമായേക്കാം എന്നും സമിതി ഭയപ്പെടുന്നു. എന്നാൽ, നിർദേശത്തെ സാമ്പത്തിക കാര്യ സമിതി സ്വാഗതം ചെയ്തു. ഇതിനായി സർക്കാറിന്റെ പ്രത്യേക ഫണ്ട് ആവശ്യമില്ലെന്നും, ലേബർ ഫണ്ടായ തംകീൻ വഴി നിലവിൽതന്നെ ഇത്തരം പരിശീലനങ്ങൾക്ക് പിന്തുണ നൽകുന്നുണ്ടെന്നും സമിതി നിരീക്ഷിച്ചു. നിലവിലുള്ള നിയമങ്ങൾതന്നെ ഇത്തരം ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനാൽ പുതിയൊരു നിയമത്തിന്റെ ആവശ്യമില്ലെന്നാണ് സർക്കാറിന്റെയും തംകീന്റെയും വാദം. അതേസമയം, ട്രേഡ് യൂനിയനുകൾ ഈ നിർദേശത്തെ പിന്തുണച്ചു. ബിരുദധാരികൾക്ക് വേഗത്തിൽ ജോലി ലഭിക്കാനും കമ്പനികൾക്ക് മികച്ച പ്രതിഭകളെ കണ്ടെത്താനും ഇത് സഹായിക്കുമെന്ന് അവർ അഭിപ്രായപ്പെട്ടു. ചൊവ്വാഴ്ച നടക്കുന്ന പാർലമെന്റ് സമ്മേളനത്തിന് ശേഷമേ ഈ നിയമഭേദഗതിയുടെ ഭാവി സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

