ബി.ഡി.എഫ് 57ാം വാർഷികം; പ്രതിരോധ സേനാംഗങ്ങൾക്കായുള്ള വീടുകൾ സമർപ്പിച്ച് കിരീടാവകാശി
text_fieldsപ്രതിരോധ സേനാംഗങ്ങൾക്കായുള്ള വീടുകളുടെ രേഖകൾ ഡെപ്യൂട്ടി സുപ്രീംകമാൻഡറും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ കൈമാറുന്നു
മനാമ: രാജ്യത്തെ പ്രതിരോധ സേനാംഗങ്ങൾക്കായുള്ള വീടുകൾ സമർപ്പിച്ച് ഡെപ്യൂട്ടി സുപ്രീം കമാൻഡറും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ. ബി.ഡി.എഫിന്റെ 57ാം വാർഷികാഘോഷത്തിന്റെ ഭാഗമായി വാദി അൽ സെയിലിലും ഗലാലിയിലും നടന്ന വീട് വിതരണ പരിപാടി കിരീടാവകാശിയുടെ അധ്യക്ഷതയിലാണ് സംഘടിപ്പിച്ചത്.
ബഹ്റൈൻ പൗരന്മാർക്ക് ഉയർന്ന നിവലാരത്തിലുള്ള ജീവിത രീതി ഉറപ്പാക്കുന്നതിലുള്ള ബഹ്റൈന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് വീട് നിർമാണ പദ്ധതി. വാദി അൽ സെയിലിലെ വീടുകൾ കൈമാറിയ ശേഷം കിരീടാവകാശി നോക്കിക്കാണുകയും ഭവനത്തിനർഹരായവരെ അഭിന്ദിക്കുകയും ചെയ്തു. സൈനിക ഉദ്യോഗസ്ഥരുടെ ക്ഷേമം വർധിപ്പിക്കുന്നതിൽ ഈ സംരംഭത്തിന്റെ പ്രാധാന്യത്തെയും കിരീടാവകാശി എടുത്തു പറഞ്ഞു.
പ്രതിരോധ മേഖലയിലെ എല്ലാ നേട്ടങ്ങൾക്കും സൈനികർക്കും സായുധസേനയുടെ സുപ്രീം കമാൻഡർ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ അചഞ്ചലമായ പിന്തുണയാണ് ബി.ഡി.എഫിന്റെ എല്ലാ നേട്ടങ്ങൾക്കും കാരണമെന്ന് കിരീടാവകാശി പറഞ്ഞു. ഹമദ് രാജാവിന്റെ പിന്തുണ സൈനിക, പ്രതിരോധ മേഖലകളുടെ വികസനം ശക്തിപ്പെടുത്തിയെന്നും സേനക്ക് കാര്യക്ഷമമായി പ്രവർത്തിക്കാനുള്ള സാഹചര്യമുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രാദേശിക സുരക്ഷക്കും സ്ഥിരതക്കും ബി.ഡി.എഫ് നിലനിർത്തുന്ന സഖ്യകക്ഷികളുമായുള്ള ബന്ധത്തെയും കിരീടാവകാശി പ്രശംസിച്ചു.
രാജ്യത്തിന്റെ പ്രതിരോധ സേനയുടെ 57ാം വാർഷികത്തിൽ അഭിമാനം പ്രകടിപ്പിച്ച ഡെപ്യൂട്ടി സുപ്രീംകമാൻഡറും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ സേനാംഗങ്ങൾക്ക് നന്ദി അറിയിക്കുകയും ചെയ്തു.
നാഷനൽ ഗാർഡ് കമാൻഡർ ജനറൽ ശൈഖ് മുഹമ്മദ് ഹിൻ ഈസ ആൽ ഖലീഫ, ദേശീയ സുരക്ഷ ഉപദേഷ്ടാവും റോയൽ ഗാർഡ് കമാൻഡറുമായ ലഫ്. ജനറൽ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ, സ്റ്റാഫ് കമാൻഡർ ശൈഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവരും ബി.ഡി.എഫ്, ആഭ്യന്തര മന്ത്രാലയം, നാഷനൽ ഗാർഡ് എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

