ഈജിപ്ത് പ്രസിഡന്‍റ് ബഹ്റൈനിൽ
text_fieldsബഹ്റൈൻ സന്ദർശനത്തിനെത്തിയ ഈജിപ്ത് പ്രസിഡന്‍റ് അബ്ദൽ ഫത്താഹ് അൽ സീസിയെയും സംഘത്തെയും രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ സ്വീകരിക്കുന്നു
മനാമ: ബഹ്റൈൻ സന്ദർശനത്തിനെത്തിയ ഈജിപ്ത് പ്രസിഡന്‍റ് അബ്ദൽ ഫത്താഹ് അൽ സീസിയെയും സംഘത്തെയും രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ സ്വീകരിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാകാൻ സന്ദർശനം ഉപകരിക്കുമെന്ന് ഹമദ് രാജാവ് പറഞ്ഞു.
വിവിധ മേഖലകളിൽ ഇരുരാജ്യങ്ങൾക്കുമിടയിലുള്ള സഹകരണം വ്യാപിപ്പിക്കുന്നതിനുള്ള ചർച്ചകളും നടന്നു. വികസനത്തിന്‍റെയും വളർച്ചയുടെയും പാതയിൽ ബഹ്റൈൻ അതിവേഗം മുന്നോട്ടു കുതിക്കുന്നതിലുള്ള സന്തോഷം അബ്ദൽ ഫത്താഹ് അൽ സീസി പങ്കുവെക്കുകയും ചെയ്തു. ബഹ്റൈനും ഈജിപ്തും തമ്മിൽ കാലങ്ങളായി നിലനിൽക്കുന്ന സവിശേഷ ബന്ധവും ഇഴയടുപ്പവും ഏറെ മെച്ചപ്പെട്ടതായി ഇരുനേതാക്കളും അഭിപ്രായപ്പെട്ടു.
അറബ്, ഇസ്ലാമിക ലോകത്തെ വിഷയങ്ങളിൽ കൂട്ടായ തീരുമാനങ്ങളും പ്രവർത്തനങ്ങളും കൂടുതൽ ഫലപ്രദമാകുമെന്ന പ്രതീക്ഷകളും കൂടിക്കാഴ്ചയിൽ പങ്കുവെക്കപ്പെട്ടു. മേഖല അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ നേരിടുന്നതിന് ശക്തമായ ഊന്നലുകൾ അനിവാര്യമാണെന്നും അതിനായി ഫലപ്രദമായ മാർഗങ്ങൾ കണ്ടെത്തേണ്ടതുണ്ടെന്നും അഭിപ്രായങ്ങളുയർന്നു. സഖീർ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും മറ്റ് ഉന്നത വ്യക്തിത്വങ്ങളും സന്നിഹിതരായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.