ഭിന്നശേഷിക്കാർക്ക് സർക്കാർ ജോലിയിൽ മുൻഗണന; 72 തസ്തികകൾ നിശ്ചയിച്ചു
text_fieldsഓരോ വ്യക്തിയുടെയും വൈകല്യത്തിന്റെ സ്വഭാവവും കഴിവും വിലയിരുത്തിയാകും നിയമനം
മനാമ: ബഹ്റൈനിൽ ഭിന്നശേഷിക്കാർക്ക് തൊഴിൽ വിപണിയിൽ കൂടുതൽ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി 72 സർക്കാർ തസ്തികകളിൽ മുൻഗണന നൽകാൻ തീരുമാനം. പാർലമെന്റ് അംഗം മുഹമ്മദ് അൽ മആരിഫിയുടെ ചോദ്യത്തിന് മറുപടിയായി നിയമകാര്യ, തൊഴിൽ മന്ത്രി യൂസുഫ് ബിൻ അബ്ദുൽ ഹുസൈൻ ഖലഫാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സിവിൽ സർവിസ് കമീഷനുമായി സഹകരിച്ച് അക്കൗണ്ടിങ്, കമ്പ്യൂട്ടിങ്, ഓഡിറ്റിങ്, ഡേറ്റ അനാലിസിസ്, കോൾ സെന്റർ തുടങ്ങിയ മേഖലകളിലെ സാങ്കേതികവും ഭരണപരവുമായ തസ്തികകളാണ് ഇതിനായി കണ്ടെത്തിയിരിക്കുന്നത്. യോഗ്യരായ ഭിന്നശേഷിക്കാർക്ക് പൊതുമേഖല സ്ഥാപനങ്ങളിൽ നിയമനം ലഭിക്കുന്നതിന് ഈ 72 തസ്തികകളിൽ മുൻഗണന ലഭിക്കും.
ഓരോ വ്യക്തിയുടെയും വൈകല്യത്തിന്റെ സ്വഭാവവും കഴിവും വിലയിരുത്തിയാകും നിയമനം. ഭിന്നശേഷിക്കാരെ ജോലിക്കെടുക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾക്ക് 'തംകീൻ' വഴി വേതന സഹായം നൽകും. ആദ്യ വർഷം ശമ്പളത്തിന്റെ 80 ശതമാനവും, രണ്ടാം വർഷം 60 ശതമാനവും, മൂന്നാം വർഷം 40 ശതമാനവും സർക്കാർ വഹിക്കും. 50ൽ അധികം ജീവനക്കാരുള്ള കമ്പനികൾ തങ്ങളുടെ ജീവനക്കാരുടെ എണ്ണത്തിന്റെ രണ്ടു ശതമാനം നിർബന്ധമായും ഭിന്നശേഷിക്കാർക്കായി മാറ്റിവെക്കണം. നിലവിൽ 1,302 ഭിന്നശേഷിക്കാർ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. ഭിന്നശേഷിക്കാരെ നിയമിക്കുന്ന കമ്പനികൾക്ക് 'ബഹ്റൈനൈസേഷൻ' നിരക്ക് കണക്കാക്കുമ്പോൾ ഒരു ഭിന്നശേഷി ജീവനക്കാരനെ രണ്ട് ജീവനക്കാർക്ക് തുല്യമായി പരിഗണിക്കും. 2025 ഒക്ടോബറിലെ കണക്കനുസരിച്ച് 288 ഭിന്നശേഷിക്കാരാണ് തൊഴിൽ മന്ത്രാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ, അവർക്കായി 1,589 ഒഴിവുകൾ ലഭ്യമാണെന്നും മന്ത്രി വ്യക്തമാക്കി. നിയമം പാലിക്കാത്ത കമ്പനികൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിനു മുമ്പ് അവർക്ക് ബോധവത്കരണവും മുന്നറിയിപ്പും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

