രാജ്യത്തെക്കുറിച്ച് പ്രത്യാശകൾ പകർന്ന് പ്രവാസി വെൽഫെയർ ടോക് ഷോ
text_fieldsപ്രവാസി വെൽഫെയർ സംഘടിപ്പിച്ച ടോക് ഷോ
മനാമ: ഇന്ത്യൻ പാർലമെന്റിലേക്കു നടന്ന തെരഞ്ഞെടുപ്പ് ഫലം മതനിരപേക്ഷ സമൂഹത്തിനേ രാജ്യത്ത് നിലനിൽപ്പുള്ളൂവെന്ന് തെളിയിച്ചതായി പ്രവാസി വെൽഫെയർ സംഘടിപ്പിച്ച ‘മതനിരപേക്ഷ ഇന്ത്യ സാധ്യമാണ്’ ടോക് ഷോയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. മതേതര ഇന്ത്യയുടെ തിരിച്ചുവരവും വെറുപ്പിനും വിദ്വേഷത്തിനും എതിരായ ജനഹിതവും മതവിശ്വാസങ്ങൾക്കപ്പുറം സാധാരണ മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റപ്പെടേണ്ടതിന്റെ ആവശ്യകതയും മനസ്സിലാക്കിത്തരുന്നതായിരുന്നു തെരഞ്ഞെടുപ്പ്.
ജനാധിപത്യത്തിന്റെ മേൽവിലാസത്തിൽ ദലിതർ, സ്ത്രീകൾ, കർഷകർ, ന്യൂനപക്ഷങ്ങൾ എന്നിങ്ങനെ മനുഷ്യരെ വർഗീയമായും വംശീയമായും ആക്രമിച്ചും ഭിന്നിപ്പിച്ചും മനുഷ്യരുടെ ചിന്താസ്വാതന്ത്ര്യത്തെയും യുക്തിബോധത്തെയും തകർക്കുക എന്ന ലക്ഷ്യത്തിനുവേണ്ടി മനുഷ്യർക്കിടയിൽ വിവേചനം ഉണ്ടാക്കുകയും വിദ്വേഷം വളർത്തുകയും ചെയ്തവർക്കെതിരെയുള്ള താക്കീതായിരുന്നു തെരഞ്ഞെടുപ്പ് ഫലം. യഥാർഥ ജനാധിപത്യ രാഷ്ട്രീയാവസ്ഥയിലേക്ക് ഇന്ത്യ കടന്നുചെല്ലുകയും ശക്തമായ ഒരു പ്രതിപക്ഷം ഉണ്ടായി വന്നിരിക്കുന്നു എന്നും ടോക് ഷോയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
ജനാധിപത്യത്തിൽ സഹിഷ്ണുതയുടെയും പരസ്പര ബഹുമാനത്തിന്റെയും സൗന്ദര്യം നിലനിർത്തി സാമൂഹികനീതിയെ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ ജനാധിപത്യ ഇന്ത്യക്ക് വേണ്ടിയുള്ള മുന്നേറ്റം ലക്ഷ്യമണയും എന്നും ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
പ്രവാസി വെൽഫെയർ വൈസ് പ്രസിഡന്റ് ഷാഹുൽ ഹമീദ് വെന്നിയൂർ നയിച്ച ടോക് ഷോയിൽ പ്രസിഡന്റ് ബദറുദ്ദീൻ പൂവാർ അധ്യക്ഷത വഹിച്ചു.
ഷിജിന ആഷിക് വിഷയാവതരണം നടത്തി. സാമൂഹിക സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്ന അബ്രഹാം ജോൺ, സാനി പോൾ, റംഷാദ് അയിലക്കാട്, രാമത്ത് ഹരിദാസ്, കെ.ടി സലിം, മജീദ് തണൽ, പ്രമോദ്, ജലീൽ മല്ലപ്പള്ളി, സൽമാനുൽ ഫാരിസ്, ഷരീഫ് കായണ്ണ, ആഷിക് എരുമേലി, ഫസലുർ റഹ്മാൻ പൊന്നാനി, നൗഷാദ് തിരുവനന്തപുരം, അബ്ദുൽ സലാം എന്നിവർ ചർച്ചയിൽ പങ്കെടുത്തു. പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി.എം. മുഹമ്മദലി സ്വാഗതം ആശംസിച്ചു. മനാമ സോണൽ പ്രസിഡന്റ് അബ്ദുല്ല കുറ്റ്യാടി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

