പ്രവാസി പ്രശ്നങ്ങളിൽ അടിയന്തര ഇടപെടൽ വേണം; ഡെപ്യൂട്ടി സ്പീക്കർക്ക് നിവേദനം നൽകി പ്രവാസി വെൽഫെയർ
text_fieldsഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാന് നിവേദനം കൈമാറുന്നു
മനാമ : ബഹ്റൈനിലെ പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങളിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രവാസി വെൽഫെയർ ബഹ്റൈൻ കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാന് നിവേദനം നൽകി. സാങ്കേതിക മുന്നേറ്റത്തിന്റെ ഭാഗമായി വിമാനത്താവളങ്ങളിൽ നടപ്പിലാക്കിയ ഇ-ഗേറ്റ് സംവിധാനം യാത്രാ നടപടികൾ എളുപ്പമാക്കുമെങ്കിലും, കൃത്യമായ മുൻകരുതലുകളോ ബദൽ സംവിധാനങ്ങളോ ഇല്ലാതെ പാസ്‌പോർട്ടിൽ എക്സിറ്റ്/എൻട്രി മുദ്രകൾ പതിപ്പിക്കുന്നത് ഒഴിവാക്കിയത് പ്രവാസികളെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് പ്രവാസി വെൽഫെയർ പ്രസിഡൻ്റ് മജീദ് തണൽ നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
പാസ്‌പോർട്ടിൽ ഇമിഗ്രേഷൻ സ്റ്റാമ്പ് ഇല്ലാത്തതിനാൽ പാസ്‌പോർട്ട് പുതുക്കൽ, പി.സി.സി, വിസ പ്രോസസ്സിംഗ്, ഡിപെൻഡന്റ് വിസ എന്നിവയ്ക്കായി പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളോ എംബസികളോ അപേക്ഷകൾ നിരസിക്കുകയോ കാലതാമസം വരുത്തുകയോ ചെയ്യുന്നു. യാത്രാ ചരിത്രം തെളിയിക്കാൻ ഇ-എഫ്.ആർ.ആർ.ഒ പോർട്ടൽ വഴി 1000 രൂപ ഫീസ് നൽകി രേഖ ഡൗൺലോഡ് ചെയ്യേണ്ട സാഹചര്യമാണുള്ളത്. കൂടാതെ, ഇ-ഗേറ്റ് സംവിധാനത്തിൽ ആധാർ സ്വീകരിക്കാത്തത് മൂലം നോർക്ക ആനുകൂല്യങ്ങൾക്കും ബാങ്ക് വായ്പകൾക്കും തടസ്സം നേരിടുന്നുണ്ടെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
പ്രവാസികൾ നേരിടുന്ന ജീവിത പ്രയാസങ്ങൾ, ഫ്രീ വിസ തട്ടിപ്പ് മൂലമുള്ള നാടുകടത്തൽ, വിമാന ടിക്കറ്റ് നിരക്കുവർധന, സാമൂഹിക സുരക്ഷിതത്വമില്ലായ്മ തുടങ്ങിയ വിഷയങ്ങളും നിവേദനത്തിൽ ഉന്നയിച്ചു. ബഹ്റൈനിൽ നോർക്ക ഹെൽപ്പ് ഡെസ്കും എമർജൻസി ടിക്കറ്റ് ഫണ്ടും അനുവദിക്കുക, പാസ്‌പോർട്ട് സീലിംഗ് വിഷയത്തിലെ ഫീസ് ഒഴിവാക്കുക എന്നീ ആവശ്യങ്ങളിൽ അടിയന്തരമായി ഇടപെടണമെന്നും പ്രവാസി വെൽഫെയർ നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
പ്രവാസി വെൽഫെയർ പ്രതിനിധികൾ ഉന്നയിച്ച പ്രശ്നങ്ങൾ ശ്രദ്ധാപൂർവം കേട്ട ഡെപ്യൂട്ടി സ്പീക്കർ, ഇ-ഗേറ്റ് വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരത്തിന് സമ്മർദ്ദം ചെലുത്തുമെന്ന് ഉറപ്പുനൽകി.
പ്രവാസി സമൂഹത്തിന്റെ ന്യായമായ ആവശ്യങ്ങളിൽ അനുഭാവപൂർവ്വമായ നടപടികൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രവാസി വെൽഫെയർ ബഹ്റൈൻ പ്രസിഡന്റ് മജീദ് തണൽ പറഞ്ഞു. പ്രവാസി വെൽഫെയർ സെക്രട്ടറി ഇർഷാദ് കോട്ടയം, വൈസ് പ്രസിഡന്റ് ബദറുദ്ദീൻ പൂവാർ എന്നിവരും ഡെപ്യൂട്ടി സ്പീക്കറുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

