ജില്ല കൂട്ടായ്മകളുടെ സംഗമം ഒരുക്കി പ്രവാസി വെൽഫെയർ
text_fieldsപ്രവാസി വെൽഫെയർ സംഘടിപ്പിച്ച ജില്ല അസോസിയേഷനുകളുടെ സംഗമം
മനാമ: കേരളപ്പിറവിദിനത്തോടനുബന്ധിച്ച് പ്രവാസി വെൽഫെയർ സംഘടിപ്പിച്ച ബഹ്റൈനിൽ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലകളിൽ പ്രവർത്തിക്കുന്ന ജില്ല അസോസിയേഷനുകളുടെ സംഗമം വേറിട്ട അനുഭവമായി. കുടിയേറ്റത്തിന്റെ തുടക്കം മുതൽതന്നെ നാടിന്റെ സാമ്പത്തിക വളർച്ചയിൽ പ്രധാന ഭാഗമായി മാറിയ പ്രവാസികൾ തങ്ങളുടെ കുടുംബത്തിന് താങ്ങും തണലുമാകുന്നതോടൊപ്പം സഹജീവികളുടെ അതിജീവനത്തിനും സംഘബോധത്തിലും മുന്നിട്ടുനിൽക്കുന്നതിനാലാണ് ഗൾഫ് രാജ്യങ്ങളിലെ അനവധി പ്രവാസി സംഘടനകളുടെ പിറവികൾക്ക് കാരണമായതെന്ന് സംഗമം ഉദ്ഘാടനം ചെയ്ത പ്രവാസി വെൽഫെയർ പ്രസിഡന്റ് ബദറുദ്ദീൻ പൂവാർ പറഞ്ഞു. മലയാളികളുടെ സ്വത്വബോധത്തിൽ അലിഞ്ഞുചേർന്നതാണ് സംഘംചേരലും കലയും സംസ്കാരവും ജീവകാരുണ്യവും. 67 വര്‍ഷംകൊണ്ട് സമ്പൂര്‍ണ സാക്ഷരതയുടെയും സാമൂഹിക സുരക്ഷയുടെയും മതേതരമൂല്യങ്ങളുടെയും പച്ചത്തുരുത്തായി കേരളം മാറിയതിൽ പ്രവാസികളുടെ പങ്ക് വിലമതിക്കാനാകാത്തതാണ്. മതവിദ്വേഷവും വെറുപ്പും സാമൂഹിക പരിസരങ്ങളെ അപകടത്തിലാക്കുന്ന കാലത്തും പ്രവാസലോകത്ത് അത്തരം ഭിന്നിപ്പുകളെ മറികടക്കുന്നതിന് പ്രാദേശിക ജില്ല കൂട്ടായ്മകൾ വഹിക്കുന്ന പങ്ക് മാതൃകപരമാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലകളുടെ പ്രത്യേകതകളും സവിശേഷതകളും കേരളത്തിന് നൽകിക്കൊണ്ടിരിക്കുന്ന സംഭാവനകളും ബഹ്റൈനിൽ ജില്ല അസോസിയേഷനുകളുടെ പ്രവർത്തന സംഘാടന രീതിയും ജില്ല പ്രതിനിധികൾ പങ്കുവെച്ചത് സദസ്സിന് വേറിട്ട അനുഭവമായി മാറി. തിരുവനന്തപുരം ജില്ലയെ പ്രതിനിധാനം ചെയ്ത് വോയ്സ് ഓഫ് ട്രിവാൻഡ്രത്തിന്റെ സിബി കെ. തോമസ്, അരവിന്ദ് എന്നിവരും കൊല്ലം ജില്ലയെ പ്രതിനിധാനം ചെയ്ത് കൊല്ലം ജില്ല പ്രവാസി അസോസിയേഷന്റെ നിസാർ കൊല്ലം, ജഗത്, മലപ്പുറം ജില്ലയെ പ്രതിനിധാനം ചെയ്ത് മലപ്പുറം ജില്ല അസോസിയേഷന്റെ ചെമ്പൻ ജലാൽ, പ്രവീൺ തിരൂർ, കണ്ണൂർ ജില്ലയെ പ്രതിനിധാനം ചെയ്ത് അജിത് കുമാർ, എറണാകുളം ജില്ലയെ പ്രതിനിധാനം ചെയ്ത് ഫ്രറ്റേണിറ്റി ഓഫ് എറണാകുളത്തിന്റെ വിവേക് മാത്യു, സ്റ്റീവൻസൺ, ആലപ്പുഴ ജില്ലയെ പ്രതിനിധാനം ചെയ്ത് ആലപ്പുഴ പ്രവാസി അസോസിയേഷന്റെ സിബിൻ സലീം, ധനേഷ് മുരളി, കോഴിക്കോട് ജില്ലയെ പ്രതിനിധാനം ചെയ്ത് കോഴിക്കോട് ജില്ല പ്രവാസി ഫോറത്തിന്റെ ജമാൽ കുറ്റിക്കാട്ടൂർ, ഹരി കെ.കെ, പാലക്കാട് ജില്ലയെ പ്രതിനിധാനം ചെയ്ത് പാക്ടയുടെ സതീഷ് സജിനി, കോട്ടയം ജില്ലയെ പ്രതിനിധാനം ചെയ്ത് മണിക്കുട്ടൻ, സാമൂഹിക പ്രവർത്തകരായ കെ.ടി. സലീം, ജ്യോതി മേനോൻ എന്നിവരും സംസാരിച്ചു.
ലിഖിത ലക്ഷ്മൺ നിയന്ത്രിച്ച ഒന്നിപ്പ് സംഗമത്തിൽ പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി.എം. മുഹമ്മദലി സ്വാഗതവും എക്സിക്യൂട്ടിവ് അംഗം വഫ ഷാഹുൽ നന്ദിയും പറഞ്ഞു. സഞ്ചു, റുമൈസ, റഷീദ, അനിൽകുമാർ, നൗഷാദ് തിരുവനന്തപുരം എന്നിവർ ഗാനാലാപനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

